Skip to main content
..

വിശപ്പ്‌രഹിത​​​​​​​ ജനകീയഹോട്ടലുകള്‍; 100 ശതമാനം  നേട്ടം കൈവരിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍ 

സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ്‌രഹിത കേരളം പദ്ധതിക്ക്  പത്തനംതിട്ട ജില്ലയില്‍ മികച്ച സ്വീകാര്യത. ജില്ലയിലെ 57 തദ്ദേശ സ്ഥാപനങ്ങളിലായി 59 ജനകീയ ഹോട്ടലുകളാണ് പ്രവര്‍ത്തിച്ചുവരുന്നത്. 20 രൂപയ്ക്ക് രുചികരവും ഗുണമേന്മയുള്ള ഉച്ചഭക്ഷണം നല്‍കാനായി സംസ്ഥാന സര്‍ക്കാര്‍ 1000 ജനകീയ ഭക്ഷണശാലകളാണ് ലക്ഷ്യമിട്ടിരുന്നത്. കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പൂര്‍ണ്ണ സഹകരണത്തോടെയാണ് ജനകീയഹോട്ടുകള്‍  പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന ചുമതലയും തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കാണ്. 

ജനകീയ ഹോട്ടലിന് റിവോള്‍വിംഗ് ഫണ്ടായി ഓരോ ബ്ലോക്ക് പഞ്ചായത്തും വാര്‍ഷിക കര്‍മ്മ പദ്ധതിയില്‍ 20,000 രൂപയും  ജില്ലാ പഞ്ചായത്ത് 10,000 രൂപയും വകയിരുത്തിയിട്ടുണ്ട്.  യൂണീറ്റിന് പ്രാരംഭ ചിലവിലേക്ക് റിവോള്‍വിംഗ് ഫണ്ടായി 50,000 രൂപയും ഒരു ഊണിന് സബ്സിഡിയായി 10 രൂപയും കുടുംബശ്രീ ജില്ലാമിഷന്‍ നല്‍കുന്നു.

രുചികരവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ന്യായവിലയ്ക്ക് നല്‍കുന്നതിനായി നാല് അംഗങ്ങള്‍ ഉള്‍പ്പെടുന്ന യൂണീറ്റുകള്‍ രൂപീകരിച്ചാണ് ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്. 59 ഹോട്ടലുകളിലായി 236 കുടുംബങ്ങള്‍ക്കു വരുമാനം ഉറപ്പാക്കാന്‍ സാധിച്ചു. സെപ്റ്റംബര്‍ 16ന് തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ 59-ാമത്തെ ജനകീയ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തതോടെ 57 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി പത്തനംതിട്ട ജില്ലാമിഷന് ജനകീയ ഹോട്ടല്‍ ആരംഭിച്ച് 100 ശതമാനത്തിന്‍ മേല്‍ നേട്ടം കൈവരിക്കാന്‍ സാധിച്ചു. അടുത്ത ഘട്ടമായി ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഗ്രേഡ് ചെയ്ത് തുടര്‍ സമീപനം സ്വീകരിക്കുന്നതിനും തീരുമാനിച്ചതായി   കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പറഞ്ഞു. 

 

 

date