Skip to main content

കടുങ്ങല്ലൂർ പഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്ലാന്റ് : ആശങ്കവേണ്ടെന്ന് കളക്ടർ

 

 

കടുങ്ങല്ലൂർ പഞ്ചായത്തിലെ നിയുക്ത ഖര മാലിന്യ സംസ്കരണ പ്ലാന്റിനെ സംബന്ധിച്ച് പ്രദേശവാസികൾക്ക് ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് . മാലിന്യ സംസ്കരണത്തിനായി ആധുനിക സംവിധാനങ്ങളോടെയുള്ള സജ്ജീകരണമാണ് ഒരുക്കുന്നത്. ദുർഗന്ധമോ മറ്റു രീതികളിലുള്ള അന്തരീക്ഷ , ജല മലിനീകരണ പ്രശ്നങ്ങളോ ഇവിടെയുണ്ടാകില്ലെന്നും ഇതു സംബന്ധിച്ച് ചേർന്ന കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ കലക്ടർ അറിയിച്ചു.

 

കെട്ടിട അവശിഷ്ടങ്ങൾ പുനരുപയോഗിക്കാവുന്ന ബ്ലോക്കുകളാക്കി മാറ്റുന്ന രീതിയാണ് അവലംബിക്കുന്നത്. ഇത് കെട്ടിട നിർമ്മാണ ആവശ്യങ്ങൾക്കു തന്നെ ഉപയോഗിക്കാവുന്നതാണ്. മാംസ മാർക്കറ്റുകളിൽ നിന്നുള്ള മൃഗ അവശിഷ്ടങ്ങൾ ഉൾപ്പടെ ഇവിടെ സംസ്കരിക്കാം. കടുങ്ങല്ലൂർ പഞ്ചായത്തിലെ കൂടാതെ സമീപ തദ്ദേശസ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ സംസ്കരിക്കാവുന്ന സൗകര്യത്തിലാണ് പ്ലാന്റ് തയാറാക്കുന്നത്. സീ ക്വീൻ എൻവയോൺമെന്റൽ സൊലുഷൻസ് എന്ന കമ്പനിക്കാണ് മാലിന്യ സംസ്കരണത്തിനായി കരാർ നൽകുന്നത്. 

 

കടുങ്ങല്ലൂർ പഞ്ചായത്തിലെ 18-ാം വാർഡിലുള്ള രണ്ടേക്കർ ഭൂമിയിലാണ് കേരളത്തിലെ തന്നെ ആദ്യത്തെ ആധുനിക ഖര മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തനം തുടങ്ങുകയെന്നും കളക്ടർ അറിയിച്ചു. 

പ്രദേശത്ത് നിലവിൽ അളവിൽ കൂടുതൽ അന്തരീക്ഷ മലിനീകരണം ഉണ്ടോയെന്ന കാര്യത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി. നിബന്ധനകൾ ലംഘിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്കെതിരെയും നടപടിയുണ്ടാകും. 

 

മാലിന്യ സംസ്കരണ പ്ലാന്റുമായി ബന്ധപ്പെട്ട എതിർപ്പ് വസ്തുതകൾ മനസിലാക്കാതെ യുള്ളതാണെന്നും പ്രദേശവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്നും കളക്ടർ പറഞ്ഞു

 

date