Skip to main content

ടൂറിസം മേഖലയിലെ പ്രതിസന്ധി സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും: മുഖ്യമന്ത്രി

ടൂറിസം മേഖലയിലെ പ്രതിസന്ധി നാടിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആലപ്പുഴയിലെ ടൂറിസം ഫെസിലിറ്റേഷൻ കേന്ദ്രം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കോവിഡിന്റെ ആഘാതത്തിൽ നിന്ന് കരകയറ്റുന്നതിനാണ് ടൂറിസം മേഖലയിൽ പ്രത്യേക പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് കാലത്ത് മുൻകാലങ്ങളിലൊന്നും ഊഹിക്കാൻ കഴിയാത്ത തരത്തിൽ ടൂറിസം മേഖലയിൽ ഒതുങ്ങൽ വേണ്ടിവന്നു. നേരിട്ട് അഞ്ച് ലക്ഷം പേർക്കും പരോക്ഷമായി 20 ലക്ഷം പേർക്കും തൊഴിൽ നൽകുന്ന മേഖലയാണിത്. കോവിഡിന്റെ ആഘാതത്തിനു ശേഷം വലിയ തിരിച്ചു വരവിനാണ് ടൂറിസം മേഖല തയ്യാറെടുക്കുന്നത്.
ഏതൊരു വിനോദസഞ്ചാരിയെയും ആകർഷിക്കാൻ കഴിയുന്ന ഭൂപ്രകൃതിയുള്ള നാടാണ് കേരളം. ആലപ്പുഴയുടെ ഭൂപ്രകൃതിയും വലിയ തോതിൽ ടൂറിസ്റ്റുകൾക്ക് ഹരമാണ്. ആലപ്പുഴയ്ക്ക് സമ്പന്നമായ ചരിത്രവും പൈതൃകവുമുണ്ട്. അതിനാലാണ് ജില്ലയ്ക്ക് പ്രത്യേക പൈതൃക പദ്ധതി അനുവദിച്ചത്. ഏകദശം 100 കോടി രൂപയുടെ വികസന പദ്ധതിയാണ് അവസാന ഘട്ടത്തിലെത്തി നിൽക്കുന്നത്. ആലപ്പുഴയിലെ തോടുകളുടെ നവീകരണം നടന്നുവരുന്നു. ഇത് ജില്ലയിലെ ടൂറിസത്തിന് വലിയ ഉണർവ് നൽകും. ടൂറിസം, തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള പിൽഗ്രിം ടൂറിസ്റ്റ് സർക്യൂട്ടിന്റെ ഭാഗമായാണ് കണിച്ചുകുളങ്ങരയിൽ ടൂറിസം ഫെസിലിറ്റേഷൻ കേന്ദ്രം ആരംഭിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മൂന്നു നിലകളുള്ള 13600 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് ടൂറിസം ഫെസിലിറ്റേഷൻ കേന്ദ്രത്തിനായി 5.75 കോടി രൂപ ചെലവഴിച്ച് നിർമിച്ചിരിക്കുന്നത്. 33 മുറികൾ, രണ്ട് കടമുറികൾ, ലിഫ്റ്റ്, ശുചിമുറി എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പി.എൻ.എക്സ്. 4626/2021

date