Skip to main content

ഉന്നതവിജയികൾക്ക് അനുമോദനവുമായി മന്ത്രി മുഹമ്മദ് റിയാസ്

 

 

 

ബേപ്പൂർ മണ്ഡലത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ  ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ആശംസകളുമായി പൊതുമരാമത്തു-ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്.  മന്ത്രിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ സ്കൂളുകളിലായി സംഘടിപ്പിച്ച 'വാഴ്ത്ത്' പരിപാടിയിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും ഉയർന്നവിജയം നേടിയവരെ അനുമോദിച്ചു. 

വിദ്യാർഥികളിൽ മെച്ചപ്പെട്ട പഠനവും മികവും ഉറപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി മണ്ഡലത്തിൽ നടപ്പാക്കുമെന്നും മണ്ഡലത്തിലെ രണ്ട് സ്കൂളുകളിൽ സ്ത്രീസൗഹൃദ വിശ്രമ കേന്ദ്രങ്ങൾ  സ്ഥാപിക്കാൻ  തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. നല്ലളം ഗവ.ഹൈസ്കൂൾ,മണ്ണൂർ സി എം എച്ച് എസ്  സ്കൂളുകളിലാണ് ആദ്യഘട്ടത്തിൽ സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രം സ്ഥാപിക്കുന്നത്. പരീക്ഷകളിൽ വിജയിച്ച എല്ലാകുട്ടികൾക്കും മന്ത്രി ആശംസകൾ അറിയിച്ചു. കോവിഡിന്റെ ബുദ്ധിമുട്ടുകൾക്കിടയിലും കഷ്ടപ്പെട്ട് പഠിച്ചാണ് കുട്ടികൾ മികച്ച വിജയം നേടിയത്. ഓൺലൈൻ പഠനകാലത്ത് രക്ഷിതാക്കൾ കുട്ടികളുടെ പഠനത്തിന്റെ ഭാഗമായി. ഈ വിജയം ഓരോ രക്ഷിതാക്കൾക്കും കൂടി ആർഹതപ്പെട്ടതാണ്. സർക്കാർ, രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധസംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ അകമഴിഞ്ഞ പ്രവർത്തനത്തിലൂടെ സംസ്ഥാനത്ത്  എല്ലാകുട്ടികൾക്കും ഡിജിറ്റൽ വിവേചനം നേരിടാതെ പഠനം സാധ്യമാക്കാൻ സാധിച്ചു. പാഠപുസ്തകത്തിന് അകത്തുള്ളത് മാത്രമല്ല ചുറ്റുമുള്ളതും കുട്ടികൾ പഠിക്കണം. എത്ര ഉന്നതിയിൽ എത്തിയാലും മനുഷ്യനന്മയ്ക്കും നീതിക്കും വേണ്ടി നിലകൊള്ളണമെന്നും മന്ത്രി പറഞ്ഞു.
ഫറോക്ക് മുനിസിപ്പാലിറ്റി, രാമനാട്ടുകര മുനിസിപ്പാലിറ്റി, ചെറുവണ്ണൂർ, നല്ലളം,ബേപ്പൂർ  കോർപറേഷൻ സോണുകളിലെ 1,350 വിദ്യാർഥികളെയാണ് ആദരിച്ചത്. ഗവ. ഫറോക്ക് ഗണപത് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ, ഫാറൂക്ക് ഹയർ സെക്കൻഡറി സ്‌കൂൾ, ചെറുവണ്ണൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, ഗവ. ബേപ്പൂർ ഹയർസെക്കൻഡറി സ്കൂളുകളിലായി  നടന്ന ചടങ്ങുകളിൽ ജനപ്രതിനിധികൾ, സ്കൂൾ അധികൃതർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

date