Skip to main content

സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തും: മുഖ്യമന്ത്രി *സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു ** സിവില്‍ സര്‍വീസിലെത്തുന്നവര്‍ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരോട് അനുഭാവത്തോടെ പ്രവര്‍ത്തി

അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി കേരളത്തിന്റെ അഭിമാനമായവര്‍ക്ക് മികച്ച പരിശീലനം നല്‍കിയ സിവില്‍ സര്‍വീസ് അക്കാദമിയുടെ പ്രവര്‍ത്തനം അഭിനന്ദനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തുനിന്ന് 51 പേരാണ് സിവില്‍ സര്‍വീസിന് അര്‍ഹരായത്. ഈ വര്‍ഷം അത് 36 പേരായി ചുരുങ്ങി. എങ്കിലും സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി ശ്രമിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ട്. മത്സരാര്‍ത്ഥികള്‍ക്ക് ശാസ്ത്രീയമായ പരിശീലനം നല്‍കുന്ന സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി സംഘടിപ്പിച്ച അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
    വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ശാക്തീകരണം സംബന്ധിച്ച് ഗൗരവമായ ചിന്തകള്‍ ഉയര്‍ന്നു വരുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാലാനുസൃതമായ മാറ്റം സമൂഹത്തിന്റെ  പുരോഗതിക്ക് അനിവാര്യമാണ്. അതു നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കും. മത്സരരംഗത്ത് സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ പിന്നാക്കം പോകുന്നതിനുള്ള കാരണങ്ങള്‍ മനസ്സിലാക്കി നടപടികള്‍ സ്വീകരിച്ചുവരികയാണ്.
    മികവുള്ളവര്‍ ഉന്നതസ്ഥാനങ്ങളില്‍ ഉണ്ടാകണം. പുതിയതായി സിവില്‍ സര്‍വീസിലെത്തുന്നവര്‍ സര്‍വീസില്‍ വലിയ വിജയം നേടിയവരെ മാതൃകയാക്കി പ്രവര്‍ത്തിക്കണം. സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവരോട് പ്രത്യേക കരുതല്‍ ഉണ്ടാകണം. ഉന്നതശ്രേണിയിലുള്ളവര്‍ക്ക് ആരും സഹായിക്കാതെതന്നെ അവരുടെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. പക്ഷേ, പാവങ്ങള്‍ക്ക് അതിനു കഴിവുണ്ടാവില്ല. അവര്‍ക്കായി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഒരു കരുതലുണ്ടാവണം. സമൂഹത്തിന്റെ നന്മയ്ക്കായും രാജ്യത്തിന്റെ അഭിമാനമായും പ്രവര്‍ത്തിക്കാന്‍ പുതിയതായി സിവില്‍ സര്‍വീസിലെത്തിയവര്‍ക്ക് സാധിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.    
    വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷടൈറ്റസ്, സിവില്‍ സര്‍വീസ്  അക്കാദമി മുഖ്യ ഉപദേഷ്ടാവ് ഡോ. ഡി ബാബു പോള്‍, ഡയറക്ടര്‍ പി.അനിത ദമയന്തി, സീനിയര്‍ ഫാക്കല്‍റ്റി മെമ്പര്‍ പ്രൊഫ. ടി. നന്ദകുമാരന്‍, അക്കാദമി ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഡോ. എന്‍. ഗംഗാധരന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പി.എന്‍.എക്‌സ്.2586/18

date