Skip to main content

പാഠ്യപദ്ധതി പരിഷ്കരണം - മണിയൂരിന്റെ അഭിപ്രായ രേഖ പൂർത്തിയായി

മണിയൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ 27 വിദ്യാലയങ്ങളിലും പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട ജനകീയ ചർച്ച സംഘടിപ്പിച്ചു. മണിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പഞ്ചായത്ത് തല ജനകീയ ചർച്ചയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്റഫ് നിർവ്വഹിച്ചു. സമഗ്രശിക്ഷ കേരളയുടെ കോഴിക്കോട് ജില്ലാ പ്രോജക്റ്റ് കോർഡിനേറ്റർ ഡോ.എ.കെ അബ്ദുൾ ഹക്കീം മുഖ്യപ്രഭാഷണം നടത്തി.

 

സാമൂഹ്യ ചർച്ചയ്ക്ക് വേണ്ടി എസ് സി ഇ ആർ ടി പുറത്തിറക്കിയ ചർച്ചാ കുറിപ്പിലെ 26 ഫോക്കസ് മേഖലകളെ കുറിച്ച് വിദ്യാലയങ്ങളിൽ നിന്ന് എത്തിച്ചേർന്ന പൊതുജനങ്ങളും രക്ഷിതാക്കളും അധ്യാപകരും അഭിപ്രായം രേഖപ്പെടുത്തി. ക്ലാസ് മുറികളിൽ ഇരുന്നു കൊണ്ട് കുട്ടികളും പാഠ്യപദ്ധതി പരിഷ്കരണ ചർച്ചയുടെ ഭാഗമായി. വിദ്യാലയങ്ങളിൽ നിന്നും വന്ന അഭിപ്രായ രേഖകൾ ക്രോഡീകരിച്ച് ചർച്ചയിൽ അവതരിപ്പിച്ചു.

 

വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജയപ്രഭ, തോടന്നൂർ ബി പി സി രാജീവൻ വളപ്പിൽ കുനി, സ്കൂൾ പ്രിൻസിപ്പാൾ കെ.വി. അനിൽകുമാർ , ഹെഡ്മിസ്ട്രസ് ലതിക ടി വി , പി ടി എ പ്രസിഡന്റ് കെ.വി. സത്യൻ മാസ്റ്റർ, വാർഡ് മെമ്പർമാർ, പ്രധാനാധ്യാപകർ, വിദ്യാഭ്യാസപ്രവർത്തകർ എന്നിവർ സംസാരിച്ചു. പി.ഇ.സി കൺവീനർ ബീന പുത്തൂർ സ്വാഗതവും ബി ആർ സി ട്രെയ്നർ വി ലിനീഷ് നന്ദിയും പറഞ്ഞു.

 

 

date