Skip to main content

മറ്റത്തൂരിൽ ആധുനിക ക്രിമറ്റോറിയം : നിർമ്മാണം പുരോഗമിക്കുന്നു

 

മറ്റത്തൂർ പഞ്ചായത്തിലെ ആധുനിക ക്രിമറ്റോറിയത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. 13–ാം വാർഡ് മാങ്കുറ്റിപ്പാടത്ത് 50 വർഷത്തിലേറെയായി   പൊതുശ്മശാനമായി ഉപയോഗിക്കുന്ന ഭൂമിയിലാണ് ക്രിമറ്റോറിയം നിർമ്മിക്കുന്നത്. 

പഞ്ചായത്തിന്റെ 2018-19,  2021-22  വർഷങ്ങളിലെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി 75 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് നിർമ്മാണം. 50 സെന്റ് വരുന്ന സ്ഥലത്ത് ഓഫീസ് റൂം, ശുചിമുറി, മതപരമായ സംസ്കാര ചടങ്ങുകൾ നടത്താനുള്ള ഇടം, പോർച്ച് തുടങ്ങിയ സൗകര്യങ്ങളോടെ 2000 ചതുരശ്ര വിസ്തൃതിയിലാണ് ക്രിമറ്റോറിയം ഒരുക്കുന്നത്. കോസ്റ്റ് ഫോർഡിനാണ് സിവിൽ പ്രവൃത്തികളുടെ നിർമ്മാണ ചുമതല. കൊടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആദ്യത്തെ ക്രിമറ്റോറിയമാണിത്. 2018ൽ ഭരണാനുമതി ലഭിച്ച്, 2019ൽ  നിർമ്മാണം ആരംഭിച്ചെങ്കിലും കോവിഡിനെ തുടർന്ന് നിർത്തിവെയ്ക്കേണ്ടി വന്നു. ഫർണസ് സംവിധാനങ്ങളുടെ ടെണ്ടർ നടപടികൾ കഴിഞ്ഞു. പണികൾ ഡിസംബർ അവസാനത്തോടെ പൂർത്തീകരിച്ച് അടുത്ത വർഷം ഉദ്ഘാടനം നടത്താനുള്ള ശ്രമത്തിലാണെന്ന് മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി പറഞ്ഞു.

date