Skip to main content

ക്വിസ് പ്രസ്-2022 മധ്യമേഖലാ മത്സരം നാളെ

 

'അറിവാണ് ലഹരി' എന്ന സന്ദേശവുമായി കേരള മീഡിയ അക്കാദമി ഹയര്‍സെക്കന്‍ഡറി, കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംസ്ഥാനതലത്തില്‍ 'ക്വിസ്പ്രസ്-2022 പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നു. ക്വിസ് പ്രസ്സിന്റെ സെക്കന്റ് എഡിഷനാണിത്. ക്വിസ് പ്രസ് സെക്കന്‍ഡ് എഡിഷന്റെ ഉദ്ഘാടനവും മധ്യമേഖലാ മത്സരവും എറണാകുളം ജില്ലയിലെ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളെജില്‍ നാളെ (ഡിസംബര്‍ രണ്ട്) നടക്കും. എറണാകുളം, തൃശൂര്‍, കോട്ടയം, പാലക്കാട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പങ്കെടുക്കാം. പൊതുവിദ്യാഭ്യാസ വകുപ്പ്, ഐ. ആന്‍ഡ് പി.ആര്‍.ഡി, സി-ഡിറ്റ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരു ലക്ഷം രൂപയുമാണ് ഒന്നാം സമ്മാനം. മത്സരം ദൂരദര്‍ശനിലും ജീവന്‍ ടിവിയിലും കൈറ്റ് വിക്‌ടേഴ്സ് ചാനലിലും സംപ്രേക്ഷണം ചെയ്യും. പ്രശസ്ത ക്വിസ് മാസ്റ്റര്‍ ജി.എസ് പ്രദീപ് മത്സരം നയിക്കും. സംസ്ഥാന സിലബസ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ എന്നിങ്ങനെ ഏത് വിഭാഗത്തിലുള്ള ഹയര്‍ സെക്കന്‍ഡറിക്കാര്‍ക്കും ഏത് വിഭാഗത്തിലുള്ള കോളെജുകാര്‍ക്കും ടീമുകളെ അയക്കാം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും രണ്ടുപേര്‍ അടങ്ങുന്ന എത്ര ടീമുകള്‍ക്ക് വേണമെങ്കിലും പങ്കെടുക്കാം.
ലഹരി വിമുക്ത ബോധവത്ക്കരണവും മാധ്യമസാക്ഷരതയുമാണ് മത്സരത്തിന്റെ ലക്ഷ്യം. കേരളത്തില്‍ മൂന്ന് ഭാഗങ്ങളിലായി നടത്തുന്ന പ്രാഥമിക മത്സരങ്ങള്‍ക്ക് ശേഷം അവസാന റൗണ്ടിലെത്തുന്ന ആറ് ടീമുകളില്‍ ഏറ്റവും മികച്ച വിദ്യാലയ ടീമിന് മുഖ്യമന്ത്രിയുടെ ട്രോഫിയും ക്യാഷ് പ്രൈസും മറ്റ് വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനം 50,000 രൂപയും മറ്റ് നാല് ടീമുകള്‍ക്ക് 10,000 രൂപ വീതവുമാണ് നല്‍കുക. റീജിയണല്‍ മത്സരങ്ങളിലെ വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാം സമ്മാനമായി 5,000 രൂപയും പ്രോത്സാഹന സമ്മാനമായി 1,000 രൂപയും സര്‍ട്ടിഫിക്കറ്റുകളും നല്‍കും.
തെക്കന്‍ മേഖലാ മത്സരം ഡിസംബര്‍ ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയ സ്‌കൂളില്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് പങ്കെടുക്കാം. വടക്കന്‍ മേഖലാ മത്സരം ഡിസംബര്‍ എട്ടിന് കോഴിക്കോട് ജില്ലയിലെ വടകര മടപ്പള്ളി ഗവ കോളെജില്‍ നടക്കും. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് പങ്കെടുക്കാം. മെഗാ ഫൈനല്‍ മത്സരം ഡിസംബര്‍ 26 ന് കണ്ണൂര്‍ തളിപ്പറമ്പ് ധര്‍മ്മശാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും.
മത്സരത്തില്‍ പങ്കെടുക്കുന്നതിന് നിശ്ചിതമാതൃകയിലുളള ഗൂഗിള്‍ ഫോം വഴി ടീം രജിസ്‌ട്രേഷന്‍ നടത്തണം. മത്സരത്തിന്റെ വിശദ വിവരങ്ങളും ഗൂഗിള്‍ ഫോം ലിങ്കും അക്കാദമിയുടെ ഔദ്യോഗിക വൈബ്‌സൈറ്റായ www.keralamediaacademy.org ല്‍ ലഭിക്കും. ഗൂഗിള്‍ ഫോം വഴി രജിസ്ട്രേഷന്‍ സാധ്യമാകാത്തവര്‍ക്ക് മത്സരവേദിയില്‍ നേരിട്ടെത്തി സ്പോട്ട് രജിസ്ട്രേഷന്‍ നടത്താം. പങ്കെടുക്കുന്നവര്‍ സ്‌കൂള്‍/ കോളെജ് ഐ.ഡി കാര്‍ഡോ അല്ലെങ്കില്‍ അധികൃതരുടെ സാക്ഷ്യപ്പെടുത്തിയ കത്തോ പകര്‍പ്പും ഫോട്ടോയും കൊണ്ടുവരണം.
മത്സരാര്‍ത്ഥികളുടെ സെലക്ഷന്‍ സംബന്ധിച്ച അന്തിമതീരുമാനം കേരള മീഡിയ അക്കാദമിയുടേതായിരിക്കും. വിശദാംശങ്ങള്‍ക്ക്: കേരള മീഡിയ അക്കാദമി സെക്രട്ടറി- ഫോണ്‍: 04842422068, 04712726275, വാട്‌സ്ആപ്പ് നമ്പര്‍: 9447225524, 9633214169.

date