Skip to main content

അംഗസമാശ്വാസനിധി   മൂന്നാംഘട്ട വിതരണോദ്ഘാടനം ഡിസംബർ മൂന്നിന്

 

കോട്ടയം: സഹകരണ സംഘങ്ങളിലെ അംഗങ്ങളിൽ മാരകരോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്കുള്ള അംഗ സമാശ്വാസനിധിയുടെ മൂന്നാംഘട്ട വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബർ മൂന്നിന് സഹകരണ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. രാവിലെ 10ന് സാഹിത്യപ്രവർത്തക സഹകരണസംഘം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥിയാകും. കോട്ടയം ജില്ലയിൽ 996 അംഗങ്ങൾക്കായി 2.03 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കേരള ബാങ്ക് ഡയറക്ടർ ഫിലിപ്പ് കുഴികുളം മുഖ്യപ്രഭാഷണം നടത്തും.  സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ.എം. രാധാകൃഷ്ണൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻമാരായ അഡ്വ. ജോസഫ് ഫിലിപ്പ്, കെ.എം. ഹരിദാസ്, അഡ്വ. സതീഷ്ചന്ദ്രൻ നായർ, ജോൺസൺ പുളിക്കിൽ, ജോയിന്റ് രജിസ്ട്രാർ (ജനറൽ) എൻ. വിജയകുമാർ, ഓഡിറ്റ് ജോയിന്റ് ഡയറക്ടർ എസ്. ജയശ്രീ, വിവിധ സംഘടനാപ്രതിനിധികളായ ടി.സി വിനോദ്, കെ.കെ. സന്തോഷ്, ആർ. ബിജു എന്നിവർ പങ്കെടുക്കും.
 മാരകരോഗബാധിതരായവർ, വാഹനാപടകത്തിൽപ്പെട്ട് അംഗവൈകല്യം സംഭവിച്ചവർ, അപകടത്തിൽപ്പെട്ട് ശയ്യാവലംബരായ/മരണപ്പെട്ടവരുടെ ആശ്രിതർ, മാതാപിതാക്കൾ എടുത്ത വായ്പയ്ക്കു ബാധ്യതപ്പെട്ട കുട്ടികൾ, പ്രകൃതിദുരന്തങ്ങളിൽ വീടും സ്വത്തും നഷ്ടപ്പെട്ടവർ എന്നിവർക്കായുള്ളതാണ് സഹകരണ സമാശ്വാസനിധി. സംസ്ഥാനത്ത് ഇതുവരെ മൂന്നുഘട്ടങ്ങളിലായി 32525 അപേക്ഷകർക്കായി 68.24 കോടി രൂപ അനുവദിച്ചു. കോട്ടയം ജില്ലയിൽ 3152 അപേക്ഷകർക്ക് 6.51 കോടി രൂപയാണ് അനുവദിച്ചത്.

(കെ.ഐ.ഒ.പി.ആർ 2968 /2022)  

date