Skip to main content

ചേരാനെല്ലൂരില്‍ ബയോഫ്‌ളോക് മത്സ്യകൃഷി വിളവെടുപ്പ് വെള്ളിയാഴ്ച (2) മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും

 

ചേരാനെല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലെ പട്ടികജാതി കുടുംബങ്ങളുടെ ഉന്നമനത്തിനായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം (സി. എം.എഫ്. ആര്‍. ഐ ) വിതരണം ചെയ്ത ബയോഫ്‌ളോക്കിലെ മത്സ്യ കൃഷിയുടെ വിളവെടുപ്പ് ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ രണ്ട് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചേരാനെല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം അയ്യർക്കടവ് റോഡിലാണ് ചടങ്ങ് നടക്കുന്നത്. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐ. സി. എ. ആര്‍ ) - സി. എം.എഫ്. ആര്‍. ഐ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എം.എല്‍.എ.മാരായ ടി.ജെ. വിനോദ്, പി.വി. ശ്രീനിജിന്‍, ചേരാനെല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേഷ്, ഐ. സി. എ. ആര്‍ - സി. എം.എഫ്. ആര്‍. ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. രമ മധു, എ.എന്‍. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സി.എം.എഫ്.ആര്‍.ഐയുടെ പട്ടികജാതി സബ്പ്ലാനിനു കീഴിലായി അഞ്ച് പട്ടികജാതി കുടുംബങ്ങളാണ് ബയോഫ്‌ളോക് കൃഷി നടത്തിയത്. മറ്റ് മത്സ്യകൃഷി രീതികളെ അപേക്ഷിച്ചു ജലത്തിന്റെ ഉപയോഗം വളരെ കുറച്ച് മാത്രമേ ബയോഫ്‌ളോക്കില്‍ ആവശ്യമുള്ളു. 1800 ഗിഫ്റ്റ് തിലാപിയയാണ് കൃഷി ചെയ്യുന്നത്. അഞ്ച് മീറ്റര്‍ വ്യാസവും 1.20 മീറ്റര്‍ ഉയരവുമുള്ള 23,500 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന ടാങ്കിലാണ് കൃഷി. ബയോഫ്‌ളോക് മത്സ്യകൃഷി ജനകീയമാക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ക്കുള്ള പരിശീലനപരിപാടിയും വെള്ളിയാഴ്ച നടക്കും.

date