Skip to main content

കേരളോത്സവനഗരിയില്‍ സേവനസജ്ജരായി ആരോഗ്യവകുപ്പും

കേരളോത്സവവേദിയില്‍ എത്തുന്നവരുടെ ആരോഗ്യ സംരക്ഷണത്തിന് സുസജ്ജമായി അലോപ്പതി- ആയുര്‍വേദ മെഡിക്കൽ എയ്ഡ് റൂമുകള്‍. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളോല്‍സവത്തില്‍ പങ്കെടുക്കാനായി നിരവധി മത്സരാര്‍ത്ഥികള്‍ എത്തുന്നുണ്ട്. ഇവര്‍ക്കുണ്ടാകുന്ന ശാരീരിക- മാനസിക ബുദ്ധിമുട്ടുകള്‍ക്ക് ഉടനടി ചികിത്സ ലഭ്യമാക്കുകയാണ് ആരോഗ്യവകുപ്പ്.  പ്രധാന വേദിയായ മലയിന്‍കീഴ് ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മെഡിക്കല്‍ റൂം സജ്ജീകരിച്ചിരിക്കുന്നത്. അലോപ്പതി- ആയുര്‍വേദ വിഭാഗങ്ങളുടെ ആഭിമുഖ്യത്തിലാണ്  പ്രഥമ ശുശ്രൂഷ നല്‍കുന്നത്. വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരെയാണ് സേവനത്തിനായി നിയോഗിച്ചിരിക്കുന്നത്.

മലയിന്‍കീഴ് താലൂക്ക് ആശുപത്രി, മലയിന്‍കീഴ് ഗവ. ആയുര്‍വേദ വെല്‍നെസ്സ് സെന്റര്‍ എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.  പള്ളിച്ചല്‍, കല്ലിയൂര്‍, മലയിന്‍കീഴ്, വിളപ്പില്‍ശാല എന്നിവിടങ്ങളില്‍ നിന്നുള്ള ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സിന്റെ സേവനവും ലഭ്യമാണ്. മത്സരാര്‍ത്ഥികളിലെ മാനസിക സമ്മര്‍ദ്ദം  കുറയ്ക്കുന്നതിനായി പ്രത്യേക കൗണ്‍സിലിംഗും ആയുര്‍വേദ വിഭാഗം നല്‍കിവരുന്നു. മുഴുവന്‍ സമയ സേവനം ഉറപ്പാക്കുന്നതിനായി രാവിലെ 9 മണി മുതല്‍ ഷിഫ്റ്റ് രീതിയിലാണ് പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്.

date