Skip to main content

ചികിത്സാ ചെലവ് നിയന്ത്രിക്കാന്‍ മെഡിക്കല്‍ ഗവേഷണങ്ങള്‍ അനിവാര്യം: ഗവര്‍ണര്‍ 

 

* സ്റ്റുഡന്റ്സ് മെഡിക്കല്‍ റിസര്‍ച്ച് നാഷണല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു

ചികിത്സാരംഗത്ത് ഉണ്ടാകുന്ന ക്രമാതീതമായ വര്‍ധന ആരോഗ്യരംഗത്തെ വലിയ ഭീഷണിയാണെന്നും ഇതു നിയന്ത്രിക്കാനുതകുന്ന വിധത്തില്‍ ഗുണമേന്മയുള്ള മെഡിക്കല്‍ ഗവേഷണങ്ങള്‍ ഈ രംഗത്തുണ്ടാവണമെന്നും ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. യുവഡോക്ടര്‍മാരെ മെഡിക്കല്‍ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാക്കാന്‍ വേണ്ട നടപടികള്‍ ആരോഗ്യ സര്‍വകലാശാല സ്വീകരിക്കണമെന്നും ഗവര്‍ണര്‍ സൂചിപ്പിച്ചു. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജും ആരോഗ്യ സര്‍വകലാശാലയും സംഘടിപ്പിച്ച  സ്റ്റുഡന്റ്സ് മെഡിക്കല്‍ റിസര്‍ച്ച് നാഷണല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാനത്ത് നടപ്പാക്കിയ ആര്‍ദ്രം പദ്ധതി  ആരോഗ്യസംരക്ഷണത്തിന് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതെങ്ങനെയെന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളും  അധ്യാപകരും മനസ്സിലാക്കണം. സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ നിപാ വൈറസ് ബാധയെയും പ്രളയത്തെത്തുടര്‍ന്നുണ്ടായേക്കുമായിരുന്ന പകര്‍ച്ചവ്യാധികളെയും നേരിട്ടത് ആരോഗ്യരംഗത്ത് സംസ്ഥാനം ആര്‍ജ്ജിച്ച മികവേറിയ നയപരിപാടികളുടെ ബലത്തിലാണ്. ഇത്തരം സാഹചര്യങ്ങളില്‍ സംസ്ഥാനം ആവിഷ്‌കരിച്ച തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ പരിപാടിയെ അഭിനന്ദിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു. 

രോഗങ്ങളില്ലാത്ത അവസ്ഥ മാത്രമല്ല ആരോഗ്യം. ശാരീരികവും മാനസികവും സാമൂഹികവുമായ മികവു പുലര്‍ത്തുന്ന അവസ്ഥയുമാണത്. രാജ്യത്തെ മരണങ്ങളില്‍ 19 ശതമാനവും ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ടാണ്. ഹൃദ്രോഗങ്ങളെ ചെറുക്കാനുതകും വിധത്തില്‍ ജനങ്ങളില്‍ ആരോഗ്യകരമായ ജീവിതരീതി ശീലിക്കാനുള്ള ബോധവത്കരണങ്ങള്‍ നടത്തണം. ആരോഗ്യപരിപാലന സംബന്ധമായ തെറ്റായ വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും ഇത്തരം വിവരങ്ങള്‍ പരിശോധനാ വിധേയമാക്കാന്‍ സംവിധാനമുണ്ടാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ആരോഗ്യപരിപാലന രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി കേരളം രാജ്യത്തുതന്നെ മുന്‍നിര സ്ഥാനം വഹിക്കുകയാണെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനം സുശക്തമാണ്. എന്നാല്‍ 60 മുതല്‍ 70 ശതമാനം വരെ ആളുകള്‍ സ്വകാര്യമേഖലയെ ആണ് ആരോഗ്യ സേവനങ്ങള്‍ക്കായി ആശ്രയിച്ചിരുന്നത്. പ്രാഥമിക ആരോഗ്യ രംഗം ശാക്തീകരിക്കണമെന്നതാണ് ഇതു നല്‍കിയ സൂചന. സര്‍ക്കാര്‍ ഈ സൂചന മുഖവിലയ്ക്കെടുക്കുകയും ആര്‍ദ്രം പദ്ധതിയിലൂടെ പ്രാഥമികാരോഗ്യ രംഗത്തെ ശാക്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു വരികയാണെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംലാ ബീവി, ഡോ. ഹരികുമാരന്‍ നായര്‍, ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. ഇന്ദു തുടങ്ങിയവര്‍ സംബന്ധിച്ചു.

പി.എന്‍.എക്‌സ്.4982/18

date