Skip to main content

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത് 130126 പേര്‍ അപേക്ഷ നല്‍കിയ പ്രവാസികള്‍ 23462

 

വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിന് ജില്ലയില്‍ അപേക്ഷ നല്‍കിയത് 130126 പേര്‍. ഓഗസ്റ്റ് ഒന്ന് മുതല്‍ നവംബര്‍ 15 വരെയുള്ള കണക്കാണിത്. ഇതില്‍ 23462 പേര്‍ പ്രവാസികളാണ്. അപേക്ഷകള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരും മറ്റ് ഉദ്യോഗസ്ഥരും പരിശോധിച്ച് വരികയാണ്. ജനുവരി നാലിന് പട്ടിക പുറത്തിറക്കും. അപേക്ഷ നിലവില്‍ സ്വീകരിക്കുന്നുണ്ടെങ്കിലും നവംബര്‍ 15 ന് മുമ്പ് നല്‍കിയവരുടേത് മാത്രമാവും പട്ടികയിലുണ്ടാവുക.
കൂടുതല്‍ പേര് അപേക്ഷ നല്‍കിയത് തിരൂര്‍ മണ്ഡലത്തില്‍ നിന്നാണ്. 11832 പേരാണ് തിരൂരില്‍ അപേക്ഷ നല്‍കിയത്.  ഇതില്‍ 2947 പേര്‍ പ്രവാസികളാണ്. കൂടുതല്‍ പ്രവാസികള്‍ പേര് ചേര്‍ത്ത മണ്ഡലവും തിരൂര് തന്നെ. നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് കുറവ് അപേക്ഷ ലഭിച്ചിട്ടുള്ളത്. 4703 അപേക്ഷകളാണ് ഇവിടെ നിന്നും ലഭിച്ചത്. ഇതില്‍ 485 പേര് മാത്രമാണ് പ്രവാസികള്‍.
വോട്ടര്‍പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാം
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാത്തവര്‍ക്ക് ഇനിയും ചേര്‍ക്കാന്‍ അവസരമുണ്ട്. www.ceo.kerala.gov.in ല്‍ ഓണ്‍ലൈനായാണ് പേര് ചേര്‍ക്കേണ്ടത്. നവംബര്‍ 15ന് ശേഷം അപേക്ഷ നല്‍കിയവരുടെ പേര് ജനുവരി നാലിന് പുറത്തിറങ്ങുന്ന പട്ടികയിലുണ്ടാവില്ല. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇറക്കുന്ന അന്തിമ പട്ടികയില്‍ ഇവരുടെ അപേക്ഷ പരിഗണിക്കും. പ്രവാസികള്‍ക്ക് വിദേശത്തിരുന്നും പേര് ചേര്‍ക്കാനും സൈറ്റില്‍ സൗകര്യമുണ്ട്.
വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് നിരീക്ഷക റാണി ജോര്‍ജിന്റെ അധ്യക്ഷതല്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ജില്ലാ കലക്ടര്‍ അമിത് മീണ, എഡിഎം വി.രാമചന്ദ്രന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

date