Skip to main content

ജില്ലയുടെ ഉത്തരമേഖലയ്ക്ക് ഉണര്‍വേകാന്‍ മലയോര ഹൈവേ വരുന്നു

നിര്‍മാണോദ്ഘാടനം ഇന്ന് മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിക്കും

കാലങ്ങളായി തുടര്‍ന്നു വന്നിരുന്ന സാമൂഹിക-സാമ്പത്തിക പിന്നോക്കാവസ്ഥയില്‍ നിന്നും  മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുന്ന ജില്ലയിലെ ഉത്തരമേഖലയുടെ വികസനസ്വപ്‌നങ്ങള്‍ക്ക് ഗതിവേഗം കൂട്ടാന്‍ മലയോര ഹൈവേ വരുന്നു. കാസര്‍കോട് നന്ദാരപ്പദവ് മുതല്‍ തിരുവനന്തപുരം പാറശ്ശാല വരെ 1251 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മലയോര ഹൈവേ തുളുനാടന്‍ ജനതയ്ക്ക് അനന്തമായ വികസന പ്രതീക്ഷകളാണ് നല്‍കുന്നത്. സാമൂഹിക-സാമ്പത്തിക വ്യവഹാരങ്ങള്‍ക്ക് വേണ്ടി മറ്റു പ്രദേശങ്ങളിലെത്തുന്നതിനായി ഏറെക്കുറേ വാഹന നിബിഡമായ ദേശീയ പാതയെ ആശ്രയിക്കുന്നതിനു പകരം സപ്തഭാഷാ സംഗമഭൂമിക്ക് ഇനി പ്രകൃതിരമണീയമായ മലയോര ഹൈവേ പുതിയ പാത തുറക്കും. പ്രവൃത്തിയുടെ നിര്‍മ്മാണോദ്ഘാടനം ഇന്ന് (16) രാവിലെ 10 മണിക്ക് പൈവളിഗെ-ചേവാര്‍ റോഡ് ജംഗ്ഷനില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിക്കും. പി കരുണാകരന്‍ എം.പി അധ്യക്ഷത വഹിക്കും.
                           കേരള സര്‍ക്കാരിന്റെ കാലിക പ്രാധാന്യമുള്ളതും 2017-18 ബഡ്ജറ്റില്‍ പ്രഖ്യാപിച്ച് ഉത്തരവായിട്ടുള്ളതുമായ ഈ പദ്ധതിക്ക് 3500 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ നന്ദാരപ്പദവില്‍ നിന്നാരംഭിച്ച് ചേവാറില്‍ അവസാനിക്കുന്ന മലയോര ഹൈവേയുടെ ഈ ഭാഗത്തേക്കുള്ള റോഡ് നിര്‍മ്മാണത്തിന് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) 54.76 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ വോര്‍ക്കാടി, മീഞ്ച, പൈവളിഗെ എന്നീ മൂന്ന് പഞ്ചായത്തുകളിലൂടെയാണ് മലയോര ഹൈവേ കടന്നു പോവുന്നത്. 7 മീറ്റര്‍ വാഹന പാതയും ഇരുവശത്തായി ഓരോ മീറ്റര്‍ നടപ്പാതയുമുള്‍പ്പെടെ 9 മീറ്റര്‍ വീതിയിലാണ് മലയോര ഹൈവേ നിര്‍മ്മിക്കുന്നത്. ചേവാര്‍ വരെയുള്ള 23 കിലോ മീറ്റര്‍ മേഖലയ്ക്കിടയില്‍ 43 കള്‍വര്‍ട്ടുകള്‍ പുതുക്കിപ്പണിയുകയും എട്ടെണ്ണം പുതിയതായി നിര്‍മ്മിക്കുകയും ചെയ്യുമെന്ന് പൊതുമരാമത്ത് (റോഡ്) അസി. എഞ്ചിനീയര്‍ എം. പ്രേംകുമാര്‍ പറഞ്ഞു. ഉത്തരമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ.ജി വിശ്വപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷറഫ്,  പൈവളിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍് ഭാരതി ജെ. ഷെട്ടി, മീഞ്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് ഷുക്കൂര്‍, വോര്‍ക്കാടി ഗ്രമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ മജീദ്, പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ആര്‍. അരുണ, ജില്ലാ-ബ്ലോക്ക് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

date