Skip to main content
ദേശീയ ഭക്ഷ്യ ഭദ്രതാ  നിയമം 2013 നെ കുറിച്ച് ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവബോധം നല്‍കുന്നതിനായി സംഘടിപ്പിച്ച ശില്പശാല

ദേശീയ ഭക്ഷ്യ ഭദ്രതാ  നിയമം : മാധ്യമപ്രവര്‍ത്തകര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു 

 

 

സിവില്‍ സപ്ലൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ ദേശീയ ഭക്ഷ്യ ഭദ്രതാ  നിയമം 2013 നെ കുറിച്ച് ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് തൊടുപുഴ പ്രസ് ക്ലബില്‍ ശില്പശാല സംഘടിപ്പിച്ചു. ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 ലെ വിവിധ ഘട്ടങ്ങളെക്കുറിച്ചും ഈ പോസ് മെഷീനുകളുടെ പ്രവര്‍ത്തന രീതികളെ കുറിച്ചും പൊതു വിതരണ രംഗത്തെ മാറ്റങ്ങളെക്കുറിച്ചും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ പി ബി വിഷയാവതരണം നടത്തി.

 

2013 നിലവില്‍ വന്ന ഭക്ഷ്യഭദ്രതാ നിയമത്തിന്റെ  പ്രഥമലക്ഷ്യം തിരഞ്ഞെടുക്കപ്പെട്ട മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്നതാണ്. നിയമത്തെക്കുറിച്ച് സാധാരണ ജനങ്ങള്‍ക്ക് പൊതു അവബോധം നല്‍കുന്നതിനായും നിയമത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും സംസ്ഥാനത്ത് നടപ്പിലാക്കിവരുന്നതിന്റെ  വിവിധഘട്ടങ്ങളെ കുറിച്ചും പൊതുവായി ഉണ്ടായേക്കാവുന്ന സംശയങ്ങളെ കുറിച്ചുമാണ് ശില്പശാലയില്‍ വിഷയാവതരണം നടത്തിയത്.  2016ഇല്‍  സംസ്ഥാനത്ത് നിലവില്‍ വന്ന ഭക്ഷ്യഭദ്രതാ നിയമം അനുസരിച്ച് പൊതുവിതരണ രംഗത്ത് വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭക്ഷ്യ  ഭദ്രത നിയമത്തിന് പരിധിയില്‍ മുഴുവന്‍ ഗുണഭോക്താക്കളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റേഷനിങ് സമ്പ്രദായം ആണ് സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഭക്ഷ്യ ഉത്പാദനം കുറഞ്ഞ സംസ്ഥാനമായ കേരളത്തില്‍ പ്രധാനമായും നാല് വിഭാഗം ഗുണഭോക്താക്കളാണ് ഉള്ളത്. അതില്‍ 2 വിഭാഗം മുന്‍ഗണനാ കാര്‍ഡ് ഉടമകളും 2 വിഭാഗം പൊതുവിഭാഗത്തില്‍ പെട്ടവരുമാണ്. ഭക്ഷ്യധാന്യങ്ങള്‍ മാത്രമാണ് നിലവില്‍ എല്ലാ വിഭാഗക്കാര്‍ക്കും റേഷനിംഗ് സമ്പ്രദായത്തിലൂടെ നല്‍കുന്നത്. കൂടാതെ ഈ പോസ് മെഷീനുകളുടെ സഹായത്തോടെ ഗുണഭോക്താവിനെ തിരിച്ചറിഞ്ഞുകൊണ്ടാണ് നിലവില്‍ റേഷന്‍വിതരണം സാധ്യമാക്കുകയാണ്. കാര്‍ഡ്  ഉടമയുടെ വിരല്‍  സ്‌കാന്‍ ചെയ്യുന്നതിലൂടെ ഉടമയുടെ പ്രതിമാസ റേഷന്‍ ലഭിക്കുന്നതിന്റെ വിവരങ്ങള്‍ ലഭ്യമാകും.

 

മാര്‍ച്ച് 31നകം റേഷന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. ഇതിലൂടെ എവിടെനിന്നും റേഷന്‍ വാങ്ങാന്‍ ഗുണഭോക്താവിന് കഴിയും. കൂടാതെ മുന്‍ഗണന വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫുഡ് സെക്യൂരിറ്റി അലവന്‍സ് പരാതി പരിഹാര മാര്‍ഗ്ഗങ്ങളെ കുറിച്ചും ശില്‍പ്പശാലയില്‍ വിഷയാവതരണം നടത്തി. തൊടുപുഴ പ്രസ് ക്ലബ്ബില്‍ നടന്ന ശില്പശാലയില്‍ ഇടുക്കി ജില്ലാ സപ്ലൈ ഓഫീസര്‍ സിവി ഡേവിസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ് കുമാര്‍, സീനിയര്‍ സൂപ്രണ്ട് സജിലാല്‍ എന്‍ ജെ എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി, പ്രസിഡന്റ്, ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

date