Skip to main content

എൻ. സി. സി. കേഡറ്റുകൾക്ക് ആദരം

*റിപ്ലബ്ലിക് ദിന മത്സര ജേതാക്കൾക്ക് മന്ത്രി കെ. ടി. ജലീൽ ക്യാഷ് അവാർഡ് വിതരണം ചെയ്തു
ന്യൂഡൽഹിയിൽ നടന്ന റിപ്ലബ്ലിക് ദിന മത്സരങ്ങളിൽ വിജയിച്ച എൻ. സി. സി. കേഡറ്റുകൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ. ടി. ജലീൽ വിജയിച്ച കേഡറ്റുകൾക്കുള്ള സമ്മാനത്തുക വിതരണം ചെയ്തു. വളർന്നുവരുന്ന തലമുറയെ സാമൂഹ്യബോധമുള്ളവരും രാഷ്ട്രപ്രതിബദ്ധതയുള്ളവരുമാക്കിത്തീർക്കുന്നതിന് എൻ.സി.സിയിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. എൻ.സി.സി. കേഡറ്റുകളെ പരിശീലിപ്പിക്കുന്നതിന് നെടുമങ്ങാട് കല്ലറയിൽ 3.5 ഏക്കർ സ്ഥലം അനുവദിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. എൻ.സി.സി. കേഡറ്റുകളിൽ  ഏറ്റവും കൂടുതൽ പെൺകുട്ടികളുള്ളത് കേരളത്തിലാണ്. ഈ പാരമ്പര്യം തുടരണമെന്നും ആദ്ദേഹം പറഞ്ഞു. ഈ വർഷം  ബെസ്റ്റ് കേഡറ്റുകൾക്കുള്ള തുക 50000 രൂപയായി ഉയർത്തിയിട്ടുണ്ട്. സൽമാനുൽ ഫെറെസ് (ഫറൂക്ക് കോളേജ്) മികച്ച കേഡറ്റിനുള്ള സ്വർണ മെഡലിനർഹനായി. ഈ വിഭാഗത്തിൽ നൈന കല്യാണി (കേന്ദ്രീയ വിദ്യാലയം, പട്ടം) വെള്ളിയും പാർവതി ആർ. നായർ (മാർ ഇവാനിയോസ്) വെങ്കലവും കരസ്ഥമാക്കി. ഷിപ് മോഡലിംഗ് മത്സരത്തിൽ സയ്യിദ് അഫ്രീദ് വി. (നമ്പാട് കോളേജ്), ടിജോയ് എം.(കൊല്ലം ഫാത്തിമമാതാ) ശാംഭവി സിംഗ്(കാര്യവട്ടം) എന്നിവർ വെങ്കലം നേടി. ആതിര എസ്. ലാൽ (സെന്റ് മൈക്കിൾസ്), മെറിൻ പത്രോസ് മേനഞ്ചേരി (കോളേജ് ഓഫ്് ഫോറസ്ട്രി, തൃശ്ശൂർ), ശ്രീരഞ്ജിനി എന്നിവരും വിവിധ മത്സരങ്ങളിൽ മെഡൽ ജേതാക്കളായി. 
ചടങ്ങിൽ അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ ബി. ജി. ഗിൽഗാഞ്ചി, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ. സി. സി. ബ്രിഗേഡിയർ ശ്രീകാന്ത് എൽ. ജോഷി, ഗ്രൂപ്പ് കമാൻഡർമാർ, രക്ഷാകർത്താക്കൾ, കേഡറ്റുകൾ തുടങ്ങിയവർ സംബന്ധിച്ചു.
പി.എൻ.എക്സ്.2353/19

date