Skip to main content

പുനർനിർമാണ നടപടികളുടെ നേർസാക്ഷ്യമായി ജില്ലകളിൽ 'ജനകീയം ഈ അതിജീവനം'

പ്രളയകാലത്തിന്റെ മുറിവുകളുണക്കി അതിജീവനത്തിന്റെ പാതയിലുള്ള കേരളത്തിന്റെ പുനർനിർമാണ കുതിപ്പിന്റെ നേർസാക്ഷ്യമായി 14 ജില്ലകളിലും 'ജനകീയം ഈ അതിജീവനം' പൊതുസംഗമം സംഘടിപ്പിച്ചു. സർക്കാർ നടപ്പാക്കിയ ദുരിതാശ്വാസ, പുനർനിർമാണ പ്രവർത്തനങ്ങളുടെ വിവരങ്ങൾ പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായും ആനുകൂല്യങ്ങൾ കൈമാറുന്നതിനുമായി ഒരുക്കിയ പദ്ധതി സാമൂഹികസംഗമമായി. പ്രളയാനന്തരം സംസ്ഥാന സർക്കാർ കൈക്കൊണ്ട നടപടികൾ വിശദീക്‌രിക്കുന്നതിനൊപ്പം ഒട്ടേറെപേർക്ക് ആനുകൂല്യങ്ങൾ കൈമാറുന്നതിനും വീടുകൾ നിർമിച്ചുനൽകിയവർക്ക് താക്കോൽ കൈമാറുന്നതിനും ചടങ്ങ് വേദിയായി. 
തിരുവനന്തപുരത്തെ പൊതുസംഗമം പട്ടികജാതി-പട്ടികവർഗ, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം ചെയ്തു. മഹാപ്രളയത്തെ അതിജീവിച്ച മലയാളികൾ നവകേരളം നിശ്ചയമായും നിർമിക്കുകതന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.  പ്രളയ പുനരുദ്ധാരണ പ്രവർത്തനങ്ങൾ സംബന്ധിച്ച പരാതികൾ സമയബന്ധിതമായി പരിഹരിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 
പ്രളയ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ നിർമാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനവും ദുരിതാശ്വാസ ധനസഹായ വിതരണവും മന്ത്രി നിർവഹിച്ചു. 310 വീടുകളാണ് ജില്ലയിൽ മഴക്കെടുതിയിൽ പൂർണമായി തകർന്നതിൽ പുനർനിർമാണം പൂർത്തിയാക്കിയ 115 വീടുകളുടെ താക്കോൽദാനം ചടങ്ങിൽ നടന്നു. ഭാഗീകമായി വീടുകൾ തകർന്ന 3759 പേരിൽ 3298 പേർക്ക് നേരത്തെ ധനസഹായം വിതരണം ചെയ്തിരുന്നു. ബാക്കിയുള്ളവരിൽ 375 പേർക്കുള്ള ദുരിതാശ്വാസ ധനസഹായവും ചടങ്ങിൽ വിതരണം ചെയ്തു. എസ്.എം.വി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ. ആൻസലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ ജില്ലയിൽ ഇതുവരെ പൂർത്തിയാക്കിയ പ്രളയാന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും സംഗമത്തിൽ പങ്കെടുത്തു.
കൊല്ലത്ത് പ്രളയദുരിതാശ്വാസ - പുനർനിർമ്മാണ പ്രവർത്തനങ്ങൾ ജനസമക്ഷമെത്തിക്കാൻ സംഘടിപ്പിച്ച ജനകീയം ഈ അതിജീവനം പരിപാടി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്തു. പുനർനിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം, വസ്തു വാങ്ങി നൽകിയ  ആധാരങ്ങളുടെ വിതരണവും, പ്രളയ കാലത്ത് ആദ്യം രക്ഷാപ്രവർത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളെ ആദരിക്കലും നടന്നു. പ്രളയ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ 27 വീടുകളുടെ താക്കോൽ ദാനമാണ് ചടങ്ങിൽ നടന്നത്. കുന്നത്തൂർ, പടിഞ്ഞാറേകല്ലട സൂര്യഭവനത്തിൽ ലീലയ്ക്ക് പുതുതായി വസ്തു വാങ്ങി നൽകിയതിന്റെ  ആധാരം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ കൈമാറി. പ്രളയരക്ഷാദൗത്യവുമായി ജില്ലയിൽ നിന്ന് ആദ്യം പുറപ്പെട്ട വിനീതമോൾ,  ഇൻഫന്റ് ജീസസ്, പത്ത്കല്പന എന്നീ മൂന്നു യാനങ്ങളിലെ 8 മത്സ്യത്തൊഴിലാളികളെ ആദരിച്ചു. പ്രളയത്തിൽ പൂർണമായും തകർന്ന മൺറോത്തുരുത്ത് വില്ലേജിൽ പ്രീതിയുടെ വീട് പുനർനിർമ്മിച്ച  ബിൽഡിംഗ് മെറ്റീരിയൽ സ്ഥാപനത്തിന്റെ ഉടമ സുധീഷിനെയും ആദരിച്ചു. 
പത്തനംതിട്ട ജില്ലയിൽ തിരുവല്ല സെന്റ് ജോൺസ് മെട്രോപൊളിറ്റൻ  കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജനകീയം ഈ അതിജീവനം പൊതുജനസംഗമം വനംവന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ. രാജു ഉദ്ഘാടനം ചെയ്ത് ആനുകൂല്യവിതരണം നടത്തി. പ്രളയത്തിനിരയായ അർഹരായ മുഴുവൻ പേർക്കും അർഹമായ എല്ലാ ആനുകൂല്യവും ലഭിക്കണമെന്നാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 
ജില്ലയിൽ വീടുകളുടെ പുനർ നിർമാണത്തിനു മാത്രം ഗുണഭോക്താക്കൾക്കു നൽകിയത് 63.25 കോടി രൂപയാണ്. മൂന്നാംഘട്ടത്തിൽ അപ്പീൽ നൽകിയവരുടെ അപേക്ഷകൾ പരിശോധിച്ച് ഓഗസ്റ്റ് മാസം ധനസഹായം ലഭ്യമാക്കും. 
വീട് നിർമിക്കുന്നതിന് ഭൂമി നൽകിയവരെയും ഭവനം സ്‌പോൺസർ ചെയ്തവരെയും മന്ത്രി കെ. രാജുവും ജനപ്രതിനിധികളും ആദരിച്ചു. നിർമാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ മന്ത്രിയും ജനപ്രതിനിധികളും ചേർന്ന് കൈമാറി. പോളിക്യാബ് ഇന്ത്യ ലിമിറ്റഡ് നൽകിയ ഇലക്ട്രിക് സാധനങ്ങളുടെ കിറ്റ് കമ്പനി ജനറൽ മാനേജർ ലിക്സൺ ജോസഫിൽ നിന്നും മന്ത്രി ഏറ്റുവാങ്ങി. പ്രളയത്തിൽ വീട് തകർന്ന 2000 പേർക്ക് 7000 രൂപ വിലമതിക്കുന്ന ഇലക്ട്രിക് സാധനങ്ങളുടെ കിറ്റുകൾ വിതരണം ചെയ്തു. ദുരിതാശ്വാസ സഹായം ലഭിച്ച ഗുണഭോക്താക്കളുടെ വിവരങ്ങൾ ജില്ലാ കളക്ടറുടെ വെബ്‌സൈറ്റിൽ ലഭ്യമാക്കുന്നതിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. 13 കുടുംബങ്ങൾക്ക് പുതിയ ഭൂമിയുടെ ആധാരം നൽകുകയും 25 പ്രളയബാധിതർക്ക് പുതിയ വീടുകളുടെ താക്കോൽ കൈമാറുകയും ചെയ്തു. യോഗത്തിൽ അഡ്വ. മാത്യു ടി തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ചിറ്റയം ഗോപകുമാർ, വീണാ ജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി തുടങ്ങിയവർ സംബന്ധിച്ചു. പുനർനിർമാണ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോർട്ട് ജില്ലാ കളക്ടർ പി.ബി. നൂഹ് അവതരിപ്പിച്ചു. 
ആലപ്പുഴ നഗരസഭാ ടൗൺ ഹാളിൽ പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ ജനകീയം ഈ അതിജീവനം പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലയിൽ പ്രളയാനന്തര ദുരിതാശ്വാസമായി 10 ലക്ഷം പേർക്ക് 1000 കോടി രൂപ ഇതുവരെ വിതരണം ചെയ്തതായി അദ്ദേഹം പറഞ്ഞു. 400 കോടി രൂപ കൂടി നൽകും. അർഹരായ അപേക്ഷിക്കാൻ സാധിക്കാത്തവർക്ക് ഇനിയും അവസരം നൽകും. അതിനായി അദാലത്തുകൾ നടത്തും. പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള നിശ്ചയദാർഡ്യത്തോടെയുള്ള പ്രവർത്തനമാണ് സംസ്ഥാന സർക്കാർ നടത്തിവരുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ പറഞ്ഞു. 
കെയർ ഹോം പദ്ധതിപ്രകാരം പൂർത്തീകരിച്ച 25 വീടുകളുടെ താക്കോൽ ദാനവും ചടങ്ങിൽ മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. 201 വീടുകളാണ് കെയർ ഹോം പദ്ധതി പ്രകാരം ജില്ലയിൽ നിർമ്മിക്കുന്നത്. റീബിൽഡ് കേരളയുടെ രണ്ട് വീടുകളുടെ താക്കോൽ ദാനവും നടത്തി. ഐആം ഫോർ ആലപ്പി വേൾഡ് വിഷന്റെ സഹായത്തോടെ 36 പേർക്ക് നൽകിയ ചെറുവള്ളങ്ങളുടെ വിതരണവും മന്ത്രിമാർ നിർവഹിച്ചു. ബാംഗ്ലൂർ രാമകൃഷ്ണ മിഷൻ നിർമ്മിച്ചു നൽകിയ എട്ട് അംഗനവാടികളുടെ താക്കോൽ ദാനവും നടത്തി. പ്രളയകാലത്ത് സന്നദ്ധ സേവനം അനഷ്ടിച്ച എൻ.ജി.ഒ. കൾക്കുള്ള മെമന്റോ വിതരണവും മികച്ച സേവനം നൽകിയ വകുപ്പ് തലവ•ാർക്കുളള പുരസ്‌കാര വിതരണവും ചടങ്ങിൽ നടന്നു. ദുരിതാശ്വാസ ക്യാമ്പുകൾ നടന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ നിർവഹിച്ചു. ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. 
ആലപ്പുഴ ജില്ലയിൽ പൂർണ്ണമായി തകർന്ന 2516 വീടുകളിൽ 837 വീടുകൾ പുനർനിർമ്മിച്ചു. 15 ശതമാനം മുതൽ 74 ശതമാനം വരെ ഭാഗികമായി തകർന്ന 1,00,547 വീടുകളിൽ 88, 140 വീടുകൾ അറ്റകുറ്റപ്പണി  ചെയ്യുന്നതിനുള്ള ധനസഹായം അനുവദിച്ചു. വീടുകളുടെ നിർമ്മാണത്തിനും റിപ്പയറിനുമായി ആകെ 380.26 കോടി രൂപ ചെലവായിട്ടുണ്ട്. 
ആരോഗ്യമേഖലയിൽ 60 ലക്ഷം രൂപ ചെലവിൽ 6 ആശുപത്രികൾ പുനരുദ്ധരിച്ചു. വൈദ്യുതി മേഖലയിൽ 3,23,451 വൈദ്യുതി കണക്ഷനുകുൾ പുന:സ്ഥാപിച്ചുനൽകി. ഇതിനുമാത്രമായി 1.74 കോടി രൂപയാണ് ചെലവായത്. സ്ത്രീശാക്തീകരണത്തിനായി കുടുംബശ്രീമുഖേന കുടുംബസഹായ വായ്പയായി 40638 വനിതകൾക്കായി 348.65 കോടി രൂപയും ചെറുകിട വ്യവസായികൾക്കും കച്ചവടക്കാർക്കുമായി ഉജ്ജീവന സഹായ പദ്ധതിയിലൂടെ 122 പേർക്ക് 63653000  രൂപയും വായ്പയായി വിതരണം ചെയ്തിട്ടുണ്ട്.
കോട്ടയം ജില്ലയിലെ ജനകീയം ഈ അതിജീവനം സമൂഹസംഗമം മാമ്മൻ മാപ്പിള ഹാളിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്രളയ പുനർനിർമ്മാണപ്രവർത്തനങ്ങൾ സുതാര്യവും കാര്യക്ഷമവുമാണെന്ന് അദ്ദേഹം വിലയിരുത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.  ജില്ലയിൽ നടത്തിയ  പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ജില്ലാ കളക്ടർ പി. കെ സുധീർ ബാബു അവതരിപ്പിച്ചു. എം.എൽ.എമാരായ അഡ്വ. കെ. സുരേഷ് കുറുപ്പ്, ഡോ. എൻ. ജയരാജ്, ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ജെസിമോൾ മനോജ് തുടങ്ങിയവർ സംസാരിച്ചു. ദുരിതാശ്വാസ - പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ആനുകൂല്യങ്ങൾ ലഭിച്ചവർ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ സന്നിഹിതരായി. 
കെയർ ഹോം പദ്ധതിയിൽ നിർമ്മാണം പൂർത്തീകരിച്ച മൂന്ന് വീടുകളുടെ താക്കോൽദാനം മന്ത്രി നിർവഹിച്ചു. ഇതോടെ പദ്ധതിയിൽ ലക്ഷ്യമിട്ടിരുന്ന എല്ലാ വീടുകളുടെയും നിർമ്മാണം പൂർത്തിയായി. നിർമ്മാണത്തിലിരിക്കുന്ന വീടുകൾക്ക് ലെഗ്രാന്റ് കമ്പനി സൗജന്യമായി നൽകിയ വയറിംഗ് ഉല്പന്നങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. 
 പ്രളയത്തിൽ വീടു നഷ്ടപ്പെട്ട് പുറമ്പോക്കിൽ താമസിക്കുന്നവർക്ക് സ്ഥലം അനുവദിച്ചതിന്റെയും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സ്ഥലം വാങ്ങി നൽകിയതിന്റെയും രേഖകൾ കൈമാറി. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിച്ച വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. പുനർനിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് തയാറാക്കിയ ഡോക്യുമെന്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു.
ഇടുക്കി ജില്ലയിൽ കട്ടപ്പന ടൗൺ ഹാളിൽ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അതിജീവനക്ഷമതയുള്ള കേരളം കെട്ടിപ്പടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും പുനർനിർമ്മാണ പ്രവർത്തനത്തിൽ ഒരാൾ പോലും വിട്ടു പോകതെയുള്ള പ്രവർത്തനമാണ് റീ ബിൽഡ് കേരളയിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  സഹകരണ മേഖലയുടെ സഹായത്തോടെ 2000 ഫ്‌ളാറ്റുകൾ കെയർ ഹോം പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ നിർമ്മിക്കും. ഇടുക്കി ജില്ലക്ക് അനുവദിച്ച 5000 കോടി രൂപയുടെ പ്രത്യേക പാക്കേജ് വരുന്ന വർഷങ്ങളിൽ വിവിധ പദ്ധതികൾക്കായി വിനയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. 
നിർമാണം പൂർത്തീകരിച്ച 23 കെയർ ഹോം വീടുകളുടെ താക്കോൽ ദാനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ഉടുമ്പഞ്ചോല താലൂക്കിന്റെ കീഴിലുള്ള സേനാപതി, ശാന്തിഗ്രാം, നെടുംകണ്ടം, കൂട്ടാർ, മലനാട് സഹകരണ ബാങ്കുകളിൽ നിന്നുമായി ഒൻപതു പേരുടെയും പീരുമേട് താലൂക്കിന്റെ കീഴിലുള്ള പാമ്പനാർ, മലനാട്, അമരാവതി, ചെങ്കര സഹകരണ ബാങ്കുകളിൽ നിന്നുമായി അഞ്ചു പേരുടെയും ദേവികുളം താലൂക്കിന്റെ വെള്ളത്തൂവൽ, അടിമാലി, എല്ലക്കൽ സഹകരണ ബാങ്കുകളിൽ നിന്നുമായി അഞ്ചു പേർക്കും തൊടുപുഴ താലൂക്കിന്റെ കീഴിലുള്ള മുട്ടം, അറക്കുളം, വണ്ണപ്പുറം സഹകരണ ബാങ്കുകളിൽ നിന്നുമായി നാലു പേരുടെയും ഇടുക്കി താലൂക്കിലെ കഞ്ഞിക്കുഴി, വെള്ളത്തൂവൽ സർവീസ് സഹകരണ ബാങ്കുകളിൽ നിന്നുമായി നാലു പേർക്കുമാണ് ചടങ്ങിൽ താക്കോൽ വിതരണം ചെയ്തത്. ചടങ്ങിൽ ഇ.എസ് ബിജിമോൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. റോഷി അഗസ്റ്റിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എച്ച് ദിനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലയിൽ വിവിധ മേഖലകളിൽ  നടത്തിവരുന്ന പുനർനിർമ്മാണ പ്രവർത്തനങ്ങൾ കളക്ടർ വിവരിച്ചു.പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളികളായ 41 ഓളം വിവിധ സന്നദ്ധ സംഘടനകളെയും വ്യക്തികളെയും ആദരിച്ചു. കെയർ ഹോം  പദ്ധതിയിൽ പൂർത്തിയായ വീടുകളുടെ താക്കോൽദാനം, വയറിംഗ് കിറ്റ് വിതരണം, പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് ലഭ്യമായ ഭൂമിയുടെ കൈവശവകാശ രേഖകളുടെ വിതരണം എന്നിവയും നടന്നു. 
ആലുവ യു.സി. കോളേജിൽ പ്രളയ അതിജീവനവുമായി ബന്ധപ്പെട്ട എറണാകുളം ജില്ലയിലെ സാമൂഹിക സംഗമം 'ജനകീയം ഈ അതിജീവനം' വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പ്രളയ ദുരന്തത്തെ അതിജീവിക്കുന്നതിൽ കേരളം ലോകത്തിനു മാതൃകയായി മാറിയെന്ന് വിദ്യാഭ്യാസമന്ത്രി അഭിപ്രായപ്പെട്ടു.  
റീബിൽഡ് കേരള പദ്ധതിയിലുൾപ്പെട്ട ലൈഫ്, കെയർ ഹോം തുടങ്ങിയ ഭവന നിർമാണ പദ്ധതി ഗുണഭോക്താക്കൾക്കുള്ള  വീടിന്റെ താക്കോൽ ദാനവും മന്ത്രി നിർവഹിച്ചു.  പ്രളയത്തിൽ തകർന്ന വീടുകളുടെ പുനഃനിർമാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള സംശയനിവാരണത്തിന് ഹെൽപ് ഡെസ്‌കും പ്രവർത്തിച്ചു. അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജോൺ ഫെർണാണ്ടസ് എം.എൽ.എ, ആലുവ നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.
തൃശൂർ ജില്ലാ ഭരണകൂടത്തിന്റെ 'ജനകീയം ഈ അതിജീവനം' പൊതുജന സംഗമം ടൗൺ ഹാളിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. കൃഷി-മണ്ണ് സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. 
പ്രളയത്തിൽ വീട് നശിച്ചവർക്കായി നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനവും ഭൂമിയും വീടും നഷ്ടമായവർക്കായി സർക്കാർ വാങ്ങി നൽകുന്ന ഭൂമിയുടെ രേഖകൾ കൈമാറലും ചടങ്ങിൽ നടന്നു. തൃശൂർ താലൂക്കിലെ ഒമ്പത് പേരും ചാലക്കുടി താലൂക്കിലെ അഞ്ച് പേരും തലപ്പിള്ളി താലൂക്കിലെ നാല് പേരും ചാവക്കാട് താലൂക്കിലെ അഞ്ചു പേരുമടക്കം 23 പേർക്കാണ് വീടുകളുടെ താക്കോൽ കൈമാറിയത്. തൃശൂർ താലൂക്കിലെ 15 പേർക്കും ചാവക്കാട് താലൂക്കിലെ രണ്ട് പേർക്കുമാണ് ഭൂമിയുടെ രേഖ നൽകിയത്. 
പ്രളയത്തിൽ തകർന്ന വീടുകൾ നഷ്ടപ്പെട്ടവർക്കായി സർക്കാർ ധനസഹായമില്ലാതെ തന്നെ അഞ്ഞൂറോളം വീടുകളുടെ നിർമ്മാണം ഏറ്റെടുത്ത സഹകരണ സംഘങ്ങളെ ചടങ്ങിൽ ജില്ലാ ഭരണകൂടം ആദരിച്ചു. പ്രളയകാലത്ത് സ്വന്തം ജീവൻ പോലും മറന്ന് പ്രവർത്തിച്ച മത്സ്യത്തൊഴിലാളി സമൂഹത്തെയും ആദരിച്ചു. പ്രളയകാലത്തെ തുടർന്ന് പ്രശംസനീയമായി പ്രവർത്തിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ, രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനത്തിലും ഏർപ്പെട്ട തൃശൂരിലെ യുവതയുടെയും വളണ്ടിയർമാരുടെയും വിദ്യാർഥികളുടെയും പ്രതിനിധികളായി മൈ തൃശൂർ വളണ്ടിയർ ഗ്രൂപ്പ് എന്നിവരും ആദരം ഏറ്റുവാങ്ങി. ദുരിതബാധിതർക്ക് താമസ സൗകര്യവും ഭക്ഷണവും മറ്റ് സൗകര്യങ്ങളും സൗജന്യമായി ഒരുക്കിനൽകിയ, ഇപ്പോഴും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്ന കയ്പമംഗലം പെരിഞ്ഞനം മതിലകത്ത്വീട്ടിലെ ഷാഹുൽ ഹമീദിനേയും ആദരിച്ചു.
പാലക്കാട് മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച 'ജനകീയം ഈ അതിജീവനം' പരിപാടി ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആഗസ്റ്റ് ഒന്നുമുതൽ പ്രളയ സെസ് നിലവിൽ വരുന്നതോടെ പ്രളയബാധിതർക്ക് കൂടുതൽ സഹായം അനുവദിക്കാനാകുമെന്ന് ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ജനപ്രതിനിധികളുമായും എല്ലാ വകുപ്പുകളുമായും ചർച്ച ചെയ്ത് പ്രളയനഷ്ടം നേരിട്ട എല്ലാവരിലേക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടർ ഡി.ബാലമുരളി റിപ്പോർട്ട് അവതരിപ്പിച്ചു. സഹകരണവകുപ്പിന്റെ കെയർഹോം പദ്ധതിയിലൂടെ നിർമ്മിച്ച 17 വീടുകളുടെ താക്കോൽ ദാനം മന്ത്രി നിർവഹിച്ചു. റവന്യൂ വകുപ്പ് മുഖേന ഭൂമി പതിച്ചുനൽകിയ രണ്ട് പേർക്ക് പട്ടയവും സ്ഥലവും വീടും ഒലിച്ചുപോയതും സുരക്ഷിതമല്ലാത്ത സ്ഥലത്ത് താമസിക്കുന്നതും ഉൾപ്പെടുന്ന 57 പേർക്ക് ആറ് ലക്ഷം രൂപ നൽകി വാങ്ങിയ ഭൂമിയുടെ ആധാരവും കൈമാറി. ഷാഫി പറമ്പിൽ എം.എൽ.എ അധ്യക്ഷനായി. എം.എൽ.എ മാരായ കെ.വി വിജയദാസ്, എൻ. ഷംസുദ്ദീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി, തുടങ്ങിയവർ പങ്കെടുത്തു.
മലപ്പുറം ജില്ലയിൽ തിരൂർ വാഗൺ ട്രാജഡി സ്മാരക മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന  ജനകീയം ഈ അതിജീവനം പൊതുജനസംഗമം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് റീബിൽഡ് കേരള പദ്ധതി പരിസമാപ്തിയിലേക്ക് നീങ്ങുകയാണെന്നും അഞ്ചുമാസത്തിനകം മലപ്പുറം ജില്ലയിലെ പ്രളയ നാശ നഷ്ടങ്ങൾ പരിഹരിച്ച് പൂർവ്വസ്ഥിതിയുടെ പൂർണതയിൽ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ മേഖലകളിലും സർക്കാർ ഇനിയും പിന്തുണയുമായി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 
42.78 കോടി രൂപയാണ് വീടുകളുടെ പുനർനിർമാണത്തിനായി ചെലവഴിച്ചത്. കുടുംബശ്രീ പ്രവർത്തകർക്ക് ഉജ്ജീവന സഹായ പദ്ധതിയിലൂടെ വായ്പയായി നൽകിയത് 4.639 കോടി രൂപയാണ്. കൃഷി പുനരുജീവിപ്പിക്കുന്നതിനായി ചെലവഴിച്ചത് 27.47 കോടി രൂപയാണ്. 1332 ക്ഷീര കർഷകർക്ക് സഹായം ലഭിച്ചത്.  വൈദ്യുതി പുനർസ്ഥാപിക്കുവാൻ 2.5752 കോടി രൂപയാണ് ജില്ലയിൽ ചെലവഴിച്ചത്. 306.55 കിലോ മീറ്റർ ആണ്  വൈദ്യുത കമ്പി പുനർ സ്ഥാപിച്ചത്.  38. 33 കോടി രൂപയാണ് റോഡുകളും പാലങ്ങളും കലുങ്കുകളും പുനരുദ്ധാരണം ചെയ്യാനായി ചെലവഴിച്ചത്. 38  ആശുപത്രികളാണ് പുനരുദ്ധാരണം ചെയ്തത്. 1000 വിദ്യാർത്ഥികൾക്ക് പഠന സഹായം നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. 'ജനകീയം ഈ അതിജീവനം' എന്ന പേരിൽ ജില്ലാ ഭരണകൂടം തയ്യാറാക്കിയ കൈപ്പുസ്തകത്തിന്റെ പ്രകാശനവും പ്രളയത്തിൽ വീടുകൾ നഷ്ടമായവർക്കുള്ള വീടുകളുടെ താക്കോൽ ദാനവും മന്ത്രി ഡോ. കെ.ടി ജലീൽ ചടങ്ങിൽ നിവഹിച്ചു. പ്രളയത്തിൽ പൂർണമായും വീടുകൾ തകർന്ന തിരൂർ താലൂക്കിലെ അഞ്ച് കുടുംബങ്ങൾക്കുള്ള താക്കോൽ ദാനവും സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിൽ വീട് ലഭിച്ച ആറ് കുടുംബങ്ങൾക്കുള്ള താക്കോൽ ദാനവുമാണ് മന്ത്രി ചടങ്ങിൽ നിർവ്വഹിച്ചത്. സി. മമ്മുട്ടി എം.എൽ.എ അധ്യക്ഷനായിരുന്നു. ചടങ്ങിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി  മുഖ്യാതിഥിയായി. പ്രളയ ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങളുടെ റിപ്പോർട്ട്  ജില്ലാ കലക്ടർ ജാഫർ മലിക് അവതരിപ്പിച്ചു.
കോഴിക്കോട് ജില്ലയിൽ താമരശ്ശേരി മേരിമാതാ കത്തീഡ്രൽ ഓഡിറ്റോറിയത്തിലാണ് പൊതുജനസംഗമം നടത്തിയത്. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.  പ്രളയ സമയത്ത് മനുഷ്യർ കൈകോർത്ത്  പരസ്പരം രക്ഷകരായെന്ന് മന്ത്രി പറഞ്ഞു. കാരാട്ട് റസാഖ് എംഎൽഎ അധ്യക്ഷനായിരുന്നു. ജില്ലാ കലക്ടർ സാംബശിവറാവു ജില്ലയിലുണ്ടായ പ്രളയ നഷ്ടങ്ങളും പുനരധിവാസ പുനരുദ്ധാരണ പ്രവർത്തനങ്ങളും വിശദീകരിച്ചു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട വ്യക്തികൾക്കായി നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാന ചടങ്ങും മന്ത്രി നിർവഹിച്ചു. വീടും സ്ഥലവും നഷ്ടപ്പെട്ട വ്യക്തികൾക്ക് സർക്കാർ ധനസഹായത്തോടെ വാങ്ങിയ ഭൂമിയുടെ രേഖകളും കൈമാറി. ജില്ലാഭരണകൂടം പുറത്തിറക്കിയ ജനകീയ അതിജീവനം എന്ന ബുക്ക്‌ലെറ്റും പ്രകാശനം ചെയ്തു. പ്രളയ രക്ഷാപ്രവർത്തനങ്ങളിൽ പുനരധിവാസ പ്രവർത്തനങ്ങളിലും പങ്കാളികളായ ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളികൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവർക്ക് ചടങ്ങിൽ ഉപഹാരം സമ്മാനിച്ചു. താമരശ്ശേരി സ്വദേശിയായ മുഹമ്മദ് എളോത്ത്കണ്ടി തനിക്ക് പ്രളയശേഷം സർക്കാരിൽ നിന്ന് ലഭിച്ച വീട്, ധനസഹായം എന്നിവയെക്കുറിച്ച് സംസാരിച്ചു. എം.എൽ.എമാരായ പുരുഷൻ കടലുണ്ടി, ജോർജ് എം. തോമസ് എന്നിവരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു.
വയനാട് കൽപ്പറ്റ മുനിസിപ്പൽ ടൗൺഹാളിൽ നടന്ന ജില്ലാതല പൊതുജന സംഗമം തുറമുഖ- മ്യൂസിയം- പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രളയത്തിൽ തകർന്നടിഞ്ഞ കേരളത്തിന്റെ പുനർനിർമാണത്തിന് റീബിൽഡ് കേരളയുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കെയർഹോം പദ്ധതി പ്രകാരം സഹകരണവകുപ്പ് 84 വീടുകളാണ് ജില്ലയിൽ നിർമിച്ചു നൽകുന്നതെന്നും സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന വീട് നിർമാണം ഇതിനു പുറമെയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. സി.കെ ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. 
ജില്ലയിലെ പ്രളയ ദുരിതാശ്വാസ, പുനർനിർമാണ പ്രവർത്തനങ്ങൾ  ജില്ലാ കളക്ടർ എ.ആർ.അജയകുമാർ വിശദീകരിച്ചു. സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയർഹോം പദ്ധതിയുടെ ഭാഗമായി പണി പൂർത്തിയാക്കിയ രണ്ടു വീടുകളുടെ താക്കോൽ മേപ്പാടി സ്വദേശിനി ശാന്ത വിജയൻ, പനമരം കൂളിവയൽ സ്വദേശിനി സുമയ്യ റഷീദ് എന്നിവർക്ക് കൈമാറി. കൂടാതെ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റ് തണൽ തൃശ്ശിലേരി വില്ലേജിലെ 17 കുടുംബങ്ങൾക്ക് അഞ്ചു സെന്റ് ഭൂമി വീതം സൗജന്യമായി നൽകിയതിന്റെ രേഖകളും കൈമാറി. പ്ലാമൂല കാക്കോരി, നൻമാറ കോളനിവാസികൾ ഭൂരേഖകൾ എറ്റുവാങ്ങി. പ്രളയബാധിതരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ സാമൂഹിക- സന്നദ്ധസംഘടന പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. ഒ.ആർ കേളു എം.എൽ.എ, എ.ഡി.എം കെ.അജീഷ്, സബ് കളക്ടർ എൻ.എസ്.കെ ഉമേഷ്, കൽപ്പറ്റ നഗരസഭ ചെയർപേഴ്‌സൺ സനിത ജഗദീഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 
അതിജീവനത്തിന്റെ ഒരുവർഷത്തിനിടെ വയനാട് ജില്ലയിൽ മൃഗപരിപാലന മേഖലയിലെ 894 കർഷകർക്ക് 97,96,800 രൂപ നഷ്ടപരിഹാരമായി നൽകി. 2018 ആഗസ്റ്റ് മുതൽ 2019 ജൂൺ വരെ ജില്ലയിൽ കൃഷി വകുപ്പ് കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനായി 27.66 കോടി രൂപ ചെലവഴിച്ചു. പ്രളയത്തിൽ ജില്ലയിൽ തകർന്ന 495.85 കിലോമീറ്റർ പൊതുമരാമത്ത് റോഡുകൾ നന്നാക്കി. പാതകളുടെ നവീകരണത്തിനായി ആകെ 35.16 കോടി രൂപ ചെലവാക്കി. താറുമാറായ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിന്  52.4 കി.മീറ്റർ വൈദ്യുത ലൈൻ വലിക്കുന്നതിന് 30,39,490 രൂപ ചെലവഴിച്ചു. ഉജ്ജീവന വായ്പ പദ്ധതി പ്രകാരം വിവിധ ബാങ്കുകൾ വഴി 2837 പേർക്ക് 22.75 കോടി രൂപ ജില്ലയിൽ വായ്പയായി നൽകി. 
കണ്ണൂരിൽ സംഘടിപ്പിച്ച പൊതുജന സംഗമം ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നനുവദിച്ച സഹായധനവും ദേശീയ കുടുംബ സഹായ നിധിയിൽ നിന്നുള്ള സഹായധനവും വിതരണം ചെയ്തു. ദുരിതാശ്വാസ നിധിയിൽ നിന്നും 24 പേർക്കായി 5.34 ലക്ഷം രൂപയും കുടുംബ സഹായ നിധിയിൽ നിന്ന് 20000 രൂപ വീതം 30 പേർക്കായി ആറ് ലക്ഷം രൂപയുമാണ് വിതരണം ചെയ്തത്. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട അയ്യൻകുന്ന് വില്ലേജിലെ പുഴപുറമ്പോക്കിൽ താമസിച്ചിരുന്ന രണ്ട് കുടുംബങ്ങൾക്ക് വീടു വയ്ക്കാനുള്ള ഭൂമിയുടെ പ്രമാണങ്ങളും വിളമനയിൽ വീട് നിർമ്മിക്കുന്ന 15 കുടുംബങ്ങൾക്കുള്ള ഭൂമിയുടെ സ്‌കെച്ചും ചടങ്ങിൽ വിതരണം ചെയ്തു.   
ജില്ലയിലെ പ്രളയ - ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പ്രദർശനവും പരിപാടിയുടെ ഭാഗമായി നടന്നു. മേയർ ഇ.പി ലത അധ്യക്ഷത വഹിച്ചു. പ്രളയ ദുരിതാശ്വാസ-പുനർനിർമാണ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ഡെപ്യൂട്ടി കലക്ടർ (ദുരന്ത നിവാരണം) എൻ കെ അബ്രഹാം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ബ്ലോക്ക്-പഞ്ചായത്ത് അധ്യക്ഷൻമാർ, ജനപ്രതിനിധികൾ, വകുപ്പ് തലവൻമാർ തുടങ്ങിയവർ സംബന്ധിച്ചു.
സംസ്ഥാനത്തെ പിടിച്ചുലച്ച പ്രളയ ദുരന്തത്തിൽ നിന്നും കേരളീയ സമൂഹം ഉയർത്തെഴുന്നേറ്റ് വന്നതിന്റെ ത്യാഗോജ്ജ്വലമായ സ്മരണകളുമായി കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ 'ജനകീയം ഈ അതിജീവനം' സെമിനാർ സംഘടിപ്പിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു. പ്രളയ ദുരന്തത്തിൽ നിന്നും അതിജീവിക്കാനുള്ള നവകേരള നിർമ്മിതിക്കായി ഒരേക്കർ സ്ഥലം സൗജന്യമായി നൽകിയ ഉദുമ സ്വദേശി പി എ രവീന്ദ്രനെ യോഗത്തിൽ ജില്ലാ കളക്ടർ ആദരിച്ചു. കെയർ ഹോം പദ്ധതി പ്രകാരം ജില്ലയിൽ ഏഴു വീടുകൾ നിർമ്മിച്ച സഹകരണ സംഘങ്ങളെ യോഗത്തിൽ ജില്ലാ പ്രസിഡന്റ് ആദരിച്ചു. മൂന്നു വീടുകൾ നിർമ്മിച്ച ഉദയപുരം ലേബർ കോൺട്രാക്ട് സഹകരണ സംഘം, ഓരോ വീടുകൾ നിർമ്മിച്ച കാസർകോട് പബ്ലിക് സർവന്റ്സ് സഹകരണ സംഘം, കാടകം, മഞ്ചേശ്വരം, തായന്നൂർ സർവ്വീസ് സഹകരണ ബാങ്കുകൾ എന്നീ സ്ഥാപനങ്ങളെയാണ് ആദരിച്ചത്. 
കാസർകോട് ജില്ലയിൽ വീട് ലഭിക്കുന്നത് 42 കുടുംബങ്ങൾക്കാണ്. പ്രളയകാലത്ത് ജില്ലയിൽ കനത്ത മഴയിലും ദുരിതം വിതച്ച കൊടുങ്കാറ്റിലും കിടപ്പാടം പൂർണമായും നഷ്ടപ്പെട്ട 42 വീടുകളുടെ പുനർനിർമാണം പുരോഗമിച്ചു വരുന്നു. അതിൽ കെയർ ഹോം പദ്ധതി പ്രകാരം ഏഴു വീടുകൾ നിർമാണം പൂർത്തിയാക്കി കൈമാറിയിട്ടുണ്ട്. കാസർകോട് താലൂക്കിൽ രണ്ടും, വെള്ളരിക്കുണ്ടിൽ നാലും, മഞ്ചേശ്വരത്ത് ഒരു വീടുമാണ് നിർമ്മിച്ചത്. 35 വീടുകളുടെ നിർമ്മാണത്തിൽ 12 ഗുണഭോക്താക്കൾക്ക് അർഹമായ മുഴുവൻ തുകയും അനുവദിച്ചിട്ടുണ്ട്. നാല് കുടുംബങ്ങളുടെ സ്ഥലവും വീടും നഷ്ടപ്പെട്ടതിൽ ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികൾ തുടർന്നു വരികയാണ്. ഭാഗികമായി തകർന്ന 792 വീടുകൾക്കും അർഹമായ ധനസഹായം കൈമാറിയിട്ടുണ്ട്. 
പി.എൻ.എക്സ്.2481/19

date