Skip to main content
പൈനാവില്‍ നടന്ന ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം  ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍  നിര്‍വഹിച്ച് സംസാരിക്കുന്നു.

ഗാന്ധി ജയന്തിവാരാഘോഷം : ജനശ്രദ്ധയാകര്‍ഷിച്ച് ജില്ലാ ആസ്ഥാനത്ത് ഗ്രാമശുചീകരണം            

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ രണ്ടാം ദിനത്തില്‍ പൈനാവ് ടൗണും പളയകുടി കോളനിയും ശുചീകരിച്ചു. ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചന  നടത്തി ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം  ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍    നിര്‍വഹിച്ചു.  വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് റിന്‍സി സിബി യോഗത്തിന്  അധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ, ശുചിത്വമിഷന്‍ എന്നിവരുടെ സഹകരണത്താല്‍ പരിപാടി ജനശ്രദ്ധ ആകര്‍ഷിച്ചു.  ജില്ലാ ആസ്ഥാനമായ പൈനാവ് ടൗണിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തും വഴിയോരത്തെ കാടുകള്‍ വെട്ടി തെളിച്ചും ജില്ലാ ഭരണകൂടവും തദ്ദേശവകുപ്പും മാതൃകയായി.

ശൂചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവര്‍ക്ക് ഗ്ലൗസും മാസ്‌കും ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു. ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് വലിച്ചെറിയരുതെന്നും, കത്തിക്കരുതെന്നും  പൈനാവിലെ വ്യാപാരസ്ഥാപനങ്ങളില്‍ നിര്‍ദേശം നല്‍കി.  തൊഴിലുറപ്പ് തൊഴിലാളികള്‍ക്കൊപ്പം, പൈനാവ് ഗവണ്‍മെന്റ് യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍, നാട്ടുകാര്‍, പബ്ലിക് റിലേഷന്‍സ് വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. വാരാചരണത്തിന്റെ ഭാഗമായി ഇന്ന് (4.10.19) രാവിലെ 11 ന് കട്ടപ്പന നഗരസഭ ഹാളില്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായ് ഗാന്ധിയും സ്വാതന്ത്ര്യ സമരവും പ്രശ്നോത്തരിയും അഞ്ചിന് ചെറുതോണി പോലീസ് അസോസിയേഷന്‍ ഹാളില്‍ പോസ്റ്റര്‍ ഡിസൈനിംഗ് മത്സരവും ചിത്രരചനാ മത്സരവും  സംഘടിപ്പിക്കുന്നു. ഗാന്ധിജയന്തി വാരാഘോഷത്തിന് ഒക്ടോബര്‍ 9 ന് അടിമാലിയില്‍ സമാപനമാകും. വാരാഘോഷത്തിനോടനുബന്ധിച്ച് കട്ടപ്പന, ചെറുതോണി, തൊടുപുഴ എന്നിവിടങ്ങളിലും ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെയും ലൈബ്രറി കൗണ്‍സിലിന്റേയും നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. വാഗമണില്‍ ഒറ്റത്തവണ മെഗാ ശുചീകരണത്തിന് ഇ.എസ്. ബിജിമോള്‍ തിരിതെളിച്ചതോടെയാണ്ജില്ലയില്‍ വാരാഘോഷത്തിന്  തുടക്കമായത്.

വാഴത്തോപ്പ് ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രഭ തങ്കച്ചന്‍, അമ്മിണി ജോസ്, കെ.എം ജലാലുദ്ദീന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ് കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു. ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.ജിഎസ് മധു, ജില്ലാ ഇന്‍ഫര്‍മേഷന്‍ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

date