Skip to main content

സ്‌പോർട്‌സ് ക്വാട്ട നിയമനത്തിൽ കേരളത്തിന് റെക്കോഡ് നേട്ടം- മന്ത്രി ഇ.പി. ജയരാജൻ

* നിയമനം ലഭിച്ച കായിക താരങ്ങൾ മന്ത്രിയെ സന്ദർശിച്ചു
* 195 താരങ്ങൾക്ക് ഫെബ്രുവരി 20ന് നിയമന ഉത്തരവ് നൽകും

സ്‌പോർട്‌സ് ക്വാട്ട നിയമനത്തിൽ കേരള സർക്കാരിന് റെക്കോഡ് നേട്ടമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. കഴിഞ്ഞ മൂന്നര വർഷത്തിനിടെ 245 താരങ്ങൾക്ക് നിയമനം നൽകി. എൽ.ഡി.സി. തസ്തികയിൽ നിയമനം ലഭിച്ച സന്തോഷ് ട്രോഫി കേരള ടീമിലെ 11 താരങ്ങൾ മന്ത്രിയെ സന്ദർശിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിൽ സൂപ്പർ ന്യൂമററി പ്രകാരം എൽ.ഡി ക്ലാർക്ക് തസ്തികയിലാണ് 11 പേരും ജോലിയിൽ പ്രവേശിച്ചത്.
താരങ്ങൾക്ക് കളിയിൽ തുടരാനുള്ള എല്ലാ അവസരവും നൽകുമെന്നും മന്ത്രി പറഞ്ഞു. സ്‌പോർട്‌സ് ക്വാട്ടയിൽ 2010 മുതൽ 2014 വരെയുള്ള റാങ്ക് പട്ടികയിൽ നിന്ന് 195 താരങ്ങൾക്ക് ഫെബ്രുവരി 20ന് നിയമന ഉത്തരവ് കൈമാറുമെന്നും മന്ത്രി അറിയിച്ചു.  ഇതോടെ ഈ സർക്കാർ മൂന്നര വർഷത്തിനിടെ നിയമനം നൽകിയ കായിക താരങ്ങളുടെ എണ്ണം 440 ആകും. ഫുട്ബാൾ മത്സരത്തിനിടെ മരിച്ച കായികതാരം ധനരാജിന്റെ ഭാര്യയ്ക്ക് സഹകരണ വകുപ്പിൽ ജോലി നൽകും. പുറമെ ദേശീയ ഗെയിംസിൽ ടീമിനത്തിൽ വെള്ളി, വെങ്കലം നേടിയ 83 കായികതാരങ്ങളെ എൽ.ഡി.സി തസ്തികയിൽ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് അയയ്ക്കും. ദേശീയ ഗെയിംസിൽ വ്യക്തിഗത ഇനങ്ങളിൽ സ്വർണ്ണം, വെള്ളി, വെങ്കലം നേടിയവർക്കും ടീമിനത്തിൽ സ്വർണ്ണം നേടിയവർക്കും നേരത്തെ ജോലി നൽകിയിരുന്നു. ഇതോടെ നിയമനം ലഭിച്ചവരുടെ എണ്ണം 523 ആകും. നിയമനം ലഭിച്ച മുഹമ്മദ് ഷെറീഫ്, ജിയാദ് ഹസൻ, ജസ്റ്റിൻ ജോർജ്ജ്, രാഹുൽ, ശ്രീക്കുട്ടൻ, ജിതിൻ, ജിതിൻ, ഷംനാസ്, സജിത്ത് പൗലോസ്, അഫ്ദാൽ, അനുരാഗ് എന്നിവർ പരിശീലകൻ സതീവൻ ബാലനൊപ്പമാണ് മന്ത്രിയെ സന്ദർശിക്കാനെത്തിയത്. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ പി.യു.ചിത്ര, വി.കെ.വിസ്മയ എന്നിവർക്ക് നിയമനം നൽകാനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു.
പി.എൻ.എക്സ്.610/2020

date