Skip to main content
കുമളി ടൗണില്‍  നടന്ന പോലീസ് റൂട്ട് മാര്‍ച്ച്

അതിര്‍ത്തി അതീവ ജാഗ്രതയില്‍ : സ്വയം നിയന്ത്രണം വേണം

'ദയവായി അവശ്യസാധനങ്ങള്‍ വാങ്ങിയവര്‍ എത്രയും പെട്ടെന്ന് വീടുകളിലേക്ക് മടങ്ങണം. കൂട്ടം കൂടി നില്ക്കാന്‍ പാടില്ല ' കേരള പോലീസിന്റെ അഭ്യര്‍ത്ഥനയാണിത്.  കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും മുന്നറിയിപ്പ് അവഗണിച്ച് പൊതുയിടങ്ങളില്‍  ആളുകള്‍ ഇറങ്ങിയതിനെ തുടര്‍ന്ന് പോലീസ് റൂട്ട് മാര്‍ച്ചിനൊപ്പമുള്ള അനൗണ്‍മെന്റാണ് ആദ്യം സൂചിപ്പിച്ചത്. ജില്ലയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും പോലീസ് റൂട്ട് മാര്‍ച്ച് നടത്തി. അതിര്‍ത്തി മേഖലയായ കുമളി ചെക്ക് പോസ്റ്റിലും  ടൗണിലും 24 മണിക്കൂറും പരിശോധന ശക്തമാക്കി. അതിര്‍ത്തി കടന്നെത്തുന്നവരെ ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയമാക്കുന്നുണ്ട്.   പലചരക്ക് സാധനങ്ങള്‍, പച്ചക്കറി തുടങ്ങിയ അവശ്യവസ്തുക്കള്‍ വില്ക്കുന്ന കടകള്‍ മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ളവയെല്ലാം അടപ്പിച്ചു. അവശ്യസാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ ക്യത്യമായ ശാരീരിക അകലം പാലിക്കുകയും കൈകള്‍ ശുചിയാക്കുകയും ആരോഗ്യ പ്രവര്‍ത്തകരുടെയും പോലീസിന്റെയും നിര്‍ദേശങ്ങള്‍ പാലിച്ചു കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുകയാണ് ഇപ്പോള്‍ വേണ്ടത്.
അതിര്‍ത്തി മേഖലയായതുകൊണ്ടു തമിഴ്നാട് പോലീസിന്റെയും ഭരണകൂടത്തിന്റെയും പൂര്‍ണ്ണ സഹകരണത്തോടെയും ആശയ വിനിമയത്തോടെയുമാണ് കഴിഞ്ഞ ദിവസം അത്യാവശ്യക്കാരെ അതിര്‍ത്തി കടക്കാന്‍ അനുവദിച്ചതെന്ന് കുമളി പോലീസ് ഇന്‍സ്പെക്ടര്‍ വി.കെ.ജയപ്രകാശ് പറഞ്ഞു. കഴിഞ്ഞ ദിവസം കുമളിയിലെ താമസക്കാരായ തമിഴ് ജനതയ്ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ താല്പര്യമറിയിച്ച് എത്തിയപ്പോള്‍ ഇത്തരത്തില്‍ തമിഴ്നാട് പോലീസിന്റെ പ്രത്യേക അനുമതിയോടെയാണ് ഇവരെ അതിര്‍ത്തി കടത്തി വിട്ടത്.

date