Skip to main content

മഴക്കാലം; ദുരന്തങ്ങള്‍ക്ക് അവസരം കൊടുക്കാതെയുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കണം: - മന്ത്രി ടി പി രാമകൃഷ്ണന്‍

 

 

മഴക്കാലം നേരിടാന്‍ ദുരന്തങ്ങള്‍ക്ക് അവസരം കൊടുക്കാതെയുള്ള ക്രമീകരണങ്ങളാണ് ജില്ലയില്‍ സ്വീകരിക്കേണ്ടതെന്ന് തൊഴില്‍- എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തങ്ങള്‍ ഉണ്ടാകാനിടയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.

ഓവുചാലുകളടക്കമുള്ള വെള്ളമൊഴുകുന്നയിടങ്ങളില്‍ വെള്ളക്കെട്ടുകളുണ്ടാകാതിരിക്കാന്‍ തടസങ്ങള്‍ നീക്കാന്‍ നടപടിയെടുക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോട്  നിര്‍ദ്ദേശിച്ചു. ദുരന്ത ലഘൂകരണ പദ്ധതികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ ആവിഷ്‌കരിക്കണം. ഉദ്യോഗസ്ഥര്‍ ഇതിന് മുന്‍കൈയെടുക്കണം. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഇക്കാര്യങ്ങള്‍ നടത്തണം. ഇതിനാശ്യമായ നടപടികളുണ്ടാകണം.

വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ കഴിഞ്ഞകാലങ്ങളിലെ പോലെ ക്യാമ്പുകള്‍ നടത്താന്‍ കഴിയില്ല. കൊവിഡ് കാലത്ത് പരസ്പരം അകല്‍ച്ച പാലിക്കണമെന്നത് നിലനിര്‍ത്തേണ്ടതുണ്ട്. ഈ നിയന്ത്രണങ്ങളോട് കൂടിയുള്ള സംവിധാനങ്ങളാണ് ക്യാമ്പുകളുടെ കാര്യത്തില്‍ സ്വീകരിക്കേണ്ടത്. എത്ര കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരും എന്നത് മുന്‍കൂട്ടി കണ്ടെത്തണം. അവരെ താമസിപ്പിക്കാനുള്ള സൗകര്യങ്ങളുമുണ്ടാകണം.

തദ്ദേശ സ്ഥാപനങ്ങള്‍, വില്ലേജ് ഓഫീസുകള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഈ ക്രമീകരണം ഓരോ പഞ്ചായത്തിലും നടപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം. മുന്‍കാലങ്ങളിലെ അനുഭവങ്ങള്‍ പരിശോധിച്ച് ദുരന്തങ്ങളുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തണം. ഇത്തരം സ്ഥലങ്ങളില്‍ നിന്ന് ആളുകളെ നേരത്തെ തന്നെ ഒഴിപ്പിക്കേണ്ടതായി വരും. ഇതിനെല്ലാം ആവശ്യമായ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനെ തയ്യാറാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

ദുരന്തമുണ്ടായാല്‍ അടിയന്തിരസാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലടക്കം തയ്യാറാക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ദുരന്തമുണ്ടായാല്‍ നേരിടാന്‍ ജില്ലയിലെ 9 യൂണിറ്റും സജ്ജമാണെന്ന് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു.

അറ്റകുറ്റ പണികള്‍ നടത്തേണ്ട കനാലുകളുണ്ടെങ്കില്‍ അവ കണ്ടെത്തി പരിഹരിക്കാന്‍ ജലസേചന വകുപ്പിന് നിര്‍ദ്ദേശം നല്‍കി. റോഡരികിലും വിദ്യാലയങ്ങളുടെ സമീപത്തും അപകടാവസ്ഥയിലുള്ള മരങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ചല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആരംഭിച്ചതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  വിദ്യാലയങ്ങളുടെ ഫിറ്റ്‌നസും പരിശോധിക്കുന്നുണ്ട്. എല്ലാ വിദ്യാലയങ്ങളിലെയും ശുചിമുറി സംവിധാനം കാര്യക്ഷമമാണെന്ന് ഉറപ്പു വരുത്തണം. കഴിഞ്ഞ യോഗത്തിലെ തീരുമാനങ്ങളും യോഗം വിലയിരുത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, എഡിഎം റോഷ്‌നി നാരായണന്‍, ഡി.എം.ഒ. ഡോ. വി. ജയശ്രീ, സിറ്റി പൊലിസ് കമ്മീഷണര്‍ എ.വി. ജോര്‍ജ്, എസിപി ചൈത്ര തെരേസ ജോണ്‍, റൂറല്‍ എസ്പി ഡോ. എ ശ്രീനിവാസ്,  ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date