Skip to main content

സിഡ്കോ പാർക്കുകളിലെ സംരംഭകരുടെ പ്രശ്നങ്ങൾ പഠിക്കാൻ സമിതി രൂപീകരിക്കും: മന്ത്രി ഇ പി ജയരാജൻ

കേരള ചെറുകിട വ്യവസായ വികസന കോർപ്പറേഷൻ ലിമിറ്റഡിന്(സിഡ്കോ) കീഴിലെ വ്യവസായ പാർക്കുകളിൽ നിക്ഷേപം നടത്തിയ സംരംഭകരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് സമിതിയെ നിയോഗിക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ. ചെറുകിട വ്യവസായികളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഡവലപ്പ്‌മെന്റ് ഏരിയ, ഡവലപ്പ്മെന്റ് പ്ലോട്ടുകളിൽ സംരംഭകർക്ക് അനുവദിക്കുന്ന ഭൂമിയുടെ പൂർണ്ണ അവകാശത്തെ സംബന്ധിച്ച നയരൂപീകരണത്തിന് റവന്യൂ, നിയമ, തദ്ദേശസ്വയംഭരണ വകുപ്പുകളുമായി വ്യവസായവകുപ്പ് കൂടിയാലോചിക്കും.
സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കാണ് കേരളത്തിൽ സാധ്യത കൂടുതൽ. നിരവധി തൊഴിലവസരങ്ങളും ഈ മേഖലയിൽ സൃഷ്ടിക്കാനാവും. ഈ രംഗത്തെ ശക്തിപ്പെടുത്താനാണ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതും പുതിയ നിയമം  നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു. നിരവധി ആളുകൾ എംഎസ്എംഇ മേഖലയിൽ നിക്ഷേപം നടത്തി. സംസ്ഥാനം ഇപ്പോൾ നിക്ഷേപസൗഹൃദമാണ്.
ലോക്ക്ഡൗൺ സാഹചര്യത്തിൽ വിപണിയിൽ തകർച്ച നേരിട്ടപ്പോൾ സംരംഭകരെ സംരക്ഷിക്കാൻ സർക്കാർ 3434 കോടിയുടെ വ്യവസായ ഭദ്രതാ പാക്കേജ് പ്രഖ്യാപിച്ചു.  കേരളാ ബാങ്ക് മുഖേന നബാർഡിന്റെ 225 കോടി ചെറുകിട സംരംഭങ്ങൾക്ക് ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
പി.എൻ.എക്സ്. 2335/2020

date