Skip to main content

വാക്സിൻ കണ്ടുപിടിക്കും വരെ ജാഗ്രത വേണം: മന്ത്രി

 

 

 

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ മേൽനോട്ടത്തിൽ ഇഖ്‌റ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ തുടങ്ങിയ  കോവിഡ് ചികിത്സാ കേന്ദ്രത്തിൻ്റെ പ്രവർത്തനോദ്ഘാടനം   ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിർവ്വഹിച്ചു.  തുടക്കം മുതല്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് കേരളത്തിലെ കോവിഡ് മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറയാന്‍ സഹായകമായതെന്ന് മന്ത്രി പറഞ്ഞു.  മെയ് മൂന്നിന് ശേഷമാണ് സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും വാക്‌സിന്‍ കണ്ടെത്തുന്നതു വരെ നാം ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. അപായമില്ലാതെ ആളുകളെ എങ്ങനെ വൈറസ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തും എന്നതാണ്  വെല്ലുവിളി. ആരോഗ്യപ്രവര്‍ത്തകരും ബന്ധപ്പെട്ട മറ്റ് ഉദ്യാഗസ്ഥരും രാപകലില്ലാതെ പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് കോവിഡ് മരണനിരക്ക് കുറയുന്നതും കൂടുതല്‍ പേര്‍ രോഗമുക്തരാകുന്നതെന്നും മന്ത്രി പറഞ്ഞു. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ മുഖാന്തരം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കുന്നുണ്ട്. തീരപ്രദേശങ്ങളില്‍ കോവിഡ് വ്യാപനത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ തീരദേശപ്രദേശങ്ങളിലെ ക്ലസ്റ്ററുകള്‍ പൂര്‍ണമായും അടച്ച് മെഡിക്കല്‍ ടീമിനെ പ്രദേശത്ത് വിന്യസിച്ചാണ് പരിശോധന നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ മുഖ്യാതിഥിയായി. 
എരഞ്ഞിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഇഖ്‌റ സൈക്യാട്രി റീഹാബിലിറ്റേഷന്‍ സെന്ററാണ് 100 ബെഡുകളുള്ള കോവിഡ് ഹോസ്പിറ്റലാക്കി മാറ്റിയത്. 17 ഐ സി യു ബെഡും 11 എച്ച് ഡി യു ബെഡുമാണ് സജ്ജമാക്കിയിട്ടുള്ളത്. ജില്ലാ ഭരണകൂടത്തിന്റെയും തണലിന്റെയും ഇഖ്‌റ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഹോസ്പിറ്റല്‍ സജ്ജമാക്കിയിരിക്കുന്നത്.

ജില്ലാ കളക്ടര്‍ സാംബശിവ റാവു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി.ജയശ്രീ, മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പാള്‍ ഡോ.വി.ആര്‍.രാജേന്ദ്രന്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ.നവീന്‍, ജെ ഡി റ്റി പ്രസിഡന്റ് സി.പി.കുഞ്ഞുമുഹമ്മദ്, ഇഖ്‌റ ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.പി.സി. അന്‍വര്‍, തണല്‍ ചെയര്‍മാന്‍ ഡോ.വി.ഇദറീസ്, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ്,  നോഡല്‍ ഓഫീസര്‍ ഡോ.സൂരജ്, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date