Skip to main content

മൂര്‍ക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് മൂന്നിന് മുഖ്യമന്ത്രി നിര്‍വഹിക്കും

 

   മൂര്‍ക്കനാട് പ്രാഥമികാരോഗ്യകേന്ദ്രം ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി മികച്ച സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രമാക്കുന്നു. കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഉദ്ഘാടനം ഓഗസ്റ്റ് മൂന്നിന് രാവിലെ 10.30 ന് മുഖ്യമന്ത്രി  പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അധ്യക്ഷയാവും.

 പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടും തനത് ഫണ്ടും ചേര്‍ന്ന് 32 ലക്ഷം രൂപയും ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപയും ആരോഗ്യ കേരളത്തിന്റെ 15 ലക്ഷം രൂപയും കൂടാതെ സന്നദ്ധ പ്രവര്‍ത്തകരുടെ സ്പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ച അഞ്ച് ലക്ഷം രൂപയും ഉപയോഗിച്ചാണ് മൂര്‍ക്കനാട് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നത്. പഞ്ചായത്തു വക 3.50 ലക്ഷത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആശുപത്രിയിലെ ലാബില്‍ ഒരുക്കിയിട്ടുണ്ട്.

   പ്രതിദിനം 300 രോഗികള്‍ വരെ ആശുപത്രിയില്‍ ചികിത്സക്കായി എത്തുന്നുണ്ട്. കുടുംബാരോഗ്യകേന്ദ്രമാക്കി മാറ്റുന്നതിന്റെ മുന്നോടിയായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഒ.പി വിഭാഗം വൈകീട്ട് ആറ്  വരെയാക്കി. രോഗികള്‍ക്കായി ടോക്കണ്‍ സൗകര്യം, പ്രീ ചെക്കപ്പ് സംവിധാനം എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.. രോഗികളുടെ വിശ്രമകേന്ദ്രങ്ങളുടെ നവീകരണം, ഡോക്ടര്‍മാരുടെ മുറികളില്‍ എ.സി അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കല്‍, ഫാര്‍മസി, മരുന്ന് സൂക്ഷിക്കുന്ന സ്റ്റോറേജ് മുറി എന്നിവിടങ്ങളില്‍ എ.സി ഘടിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. വനിത ശിശു സൗഹൃദ രീതിയിലാണ് ആശുപത്രി നവീകരിച്ചിരിക്കുന്നത്. അതിന്‍െ ഭാഗമായി  1.80 ലക്ഷത്തിന്റെ പൂന്തോട്ടവും കുട്ടികള്‍ക്കായുള്ള കളിസ്ഥലം, കുഞ്ഞുങ്ങള്‍ക്ക് പാലൂട്ടുന്നതിനായി പ്രത്യേക മുറിയും സജ്ജമാക്കിയിട്ടുണ്ട്.

  നിലവില്‍ രണ്ട് ഗവ.ഡോക്ടര്‍മാരും പഞ്ചായത്ത് നിയമിച്ച ഒരു ഡോക്ടറും ഉള്‍പ്പെടെ മൂന്ന് ഡോക്ടര്‍മാരുടെ സേവനം ആശുപത്രിയില്‍ ലഭ്യമാണ്.  രണ്ട് ഫാര്‍മസിസ്റ്റുമാര്‍, ഒരു ലാബ് ടെക്നീഷ്യന്‍, ഒരു സ്റ്റാഫ് നഴ്സ്, ഒരു ക്ലര്‍ക്ക് മൂന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍പെക്ടര്‍മാര്‍, അഞ്ച് ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സുമാര്‍ തുടങ്ങിയവരുടെ സേവനും അരോഗ്യ കേന്ദ്രത്തിലുണ്ട്. വെങ്ങാട്, മൂര്‍ക്കനാട്, കൊളത്തൂര്‍ എന്നിവിടങ്ങളില്‍  നിന്നും പുലാമന്തോള്‍, കുറുവ, എടയൂര്‍ പഞ്ചായത്തുകളില്‍ നിന്നുള്ള ആളുകളും ആരോഗ്യ കേന്ദ്രത്തെ  ആശ്രയിക്കുന്നുണ്ട്.
 
 

date