Skip to main content

സംസ്ഥാനത്തെ 98 ശതമാനം റോഡുകളും ഗതാഗതയോഗ്യമാക്കി: മുഖ്യമന്ത്രി

സംസ്ഥാനത്തെ 98 ശതമാനം റോഡുകളും ഗതാഗതയോഗ്യമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശംഖുമുഖം എയർപോർട്ട് റോഡിന്റെ നിർമാണോദ്ഘാടനം വീഡിയോ കോൺഫറൻസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പൊതുമരാമത്ത് വകുപ്പിന് കീഴിൽ 9530 കിലോമീറ്റർ റോഡാണ് ഗതാഗതയോഗ്യമായത്. ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ 5000 റോഡുകളാണ് പുനരുദ്ധരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 961 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. റീബിൽഡ് കേരള പദ്ധതിയിൽ ഗ്രാമീണ റോഡ് നിർമാണത്തിന് 392 കോടി രൂപയുടെ ഭരണാനുമതി നൽകി. നൂറ്ദിന കർമ പദ്ധതിയുടെ ഭാഗമായി 189 റോഡുകൾ മൂന്നു മാസത്തിനകം ഗതാഗതത്തിന് തുറന്നു നൽകും. കിഫ്ബിയിൽ നിന്ന് 1451 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. കിഫ്ബിയുടെ 14700 കോടി രൂപയുടെ റോഡ് നവീകരണം ഉൾപ്പെടെ അടിസ്ഥാന വികസന പദ്ധതികൾ പുരോഗമിക്കുന്നു. നബാർഡിന്റെ സഹായത്തോടെ 950 കോടി രൂപ ചെലവഴിച്ചുള്ള റോഡ് നവീകരണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്.
158 കിലോമീറ്റർ കെ. എസ്. ടി. പി റോഡ്, കുണ്ടന്നൂർ വൈറ്റില ഫ്‌ളൈഓവർ അടക്കം 21 പാലങ്ങൾ എന്നിവയുടെ നിർമാണ പ്രവർത്തനം ഉടൻ പൂർത്തിയാകും. സമസ്ത മേഖലയിലും കോവിഡ് വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും ലക്ഷ്യമിട്ട വികസന പദ്ധതികൾ തടസമില്ലാതെ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. നാടിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള സുഭിക്ഷ കേരളം പദ്ധതി നാട് സ്വീകരിച്ചു കഴിഞ്ഞു. 2100 കോടി രൂപയുടെ ഖരമാലിന്യ നിർമാർജന പദ്ധതി സംസ്ഥാനത്തെ മാലിന്യ മുക്തമാക്കാൻ സഹായിക്കും. ക്ഷേമപ്രവർത്തനങ്ങളിലും സമാനതകളില്ലാത്ത നടപടി സ്വീകരിച്ചു. വികസനത്തിനും സേവനത്തിനും പുതിയ മാതൃക തീർത്ത് മുന്നേറാനാണ് ശ്രമിക്കുന്നത്. ജനങ്ങളുടെ പൂർണ പിന്തുണ കാരണമാണ്് ഇതെല്ലാം സാധ്യമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിച്ചു.
പി.എൻ.എക്‌സ്. 3105/2020

date