Skip to main content
കാഞ്ചിയാര്‍ ലബ്ബക്കടയില്‍ പുതുതായി നിര്‍മ്മിച്ച സ്മാര്‍ട്ട് വില്ലേജ് മന്ദിരത്തിന്റെ ഉദ്ഘാടന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി സംസാരിക്കുന്നു.

വില്ലേജാഫീസുകളുടെ സ്ഥിതി മെച്ചപ്പെടുത്തുകയെന്നത് വലിയ ഉത്തരവാദിത്വമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത് : മന്ത്രി ഇ ചന്ദ്രശേഖരന്‍

സംസ്ഥാനത്തെ വില്ലേജോഫീസുകളുടെ സ്ഥിതി മെച്ചപ്പെടുത്തുകയെന്നത് വലിയ ഉത്തരവാദിത്വമായിട്ടാണ് സര്‍ക്കാര്‍ കാണുന്നതെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാഞ്ചിയാര്‍ ലബ്ബക്കടയില്‍ പുതുതായി പണി കഴിപ്പിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം  വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വില്ലേജാഫീസുകള്‍ റവന്യു വകുപ്പിലെ പ്രധാനപ്പെട്ട ഒരാഫീസാണ്. മുഖ്യമന്ത്രിക്കുള്‍പ്പെടെയെത്തുന്ന ചില പരാതികള്‍ അന്വേഷണത്തിനായി ചിലപ്പോഴൊക്കെ തിരിച്ചെത്തുന്നത് വില്ലേജാഫീസിലേക്കാണ്. 1400ല്‍ അധികം വില്ലേജാഫീസുകള്‍ക്ക് കെട്ടിടങ്ങള്‍ പണികഴിപ്പിക്കേണ്ടതായുണ്ട്. ചിലയിടങ്ങളില്‍ ഒന്നിലധികം വില്ലേജോഫീസുകള്‍ക്ക് ഒരു കെട്ടിടമെന്ന സ്ഥിതിയുണ്ട്. ഒരോ ഓഫീസിനും ഓരോ കെട്ടിടമെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി വില്ലേജാഫീസുകളുടെ സ്ഥിതി മെച്ചപ്പെടുത്തി മുഖഛായമാറണം. 258 കോടി രൂപ വില്ലേജാഫീസുകളുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കി വയ്ച്ചു.  186 സ്മാര്‍ട്ട് വില്ലേജുകള്‍ അനുവദിച്ചു.

100ഓളം വില്ലേജാഫീസുകളുടെ പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തി. മറ്റ് വില്ലേജാഫീസുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലാണ്.  441 വില്ലേജോഫീസുകള്‍ക്ക് പുതിയ കെട്ടിടങ്ങളായി.  441 വില്ലേജുകളില്‍ 37 എണ്ണം അനുവദിച്ചത് ഇടുക്കി ജില്ലയിലാണ്. അതില്‍ 7 വില്ലേജുകള്‍ സ്മാര്‍ട്ട് വില്ലേജുകളാണ്. വില്ലേജുകള്‍ മെച്ചപ്പെടുന്നതിന്റെ ഗുണമനുഭവിക്കാന്‍ നാട്ടിലെ സാധാരണക്കാര്‍ക്ക് കഴിയണമെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഏത് തലത്തില്‍ നോക്കിയാലും സമൂഹത്തില്‍ വില്ലേജാഫീസുകളുടെ പ്രവര്‍ത്തനത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് മന്ത്രി എംഎം മണി പറഞ്ഞു. വില്ലേജാഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയെന്നത് സര്‍ക്കാരിന്റെ കാഴ്ച്ചപ്പാടാണെന്നും വികസന രംഗത്ത് സംസ്ഥാനം വലിയ മുന്നേറ്റത്തിലാണെന്നും മന്ത്രി  എംഎം മണി വ്യക്തമാക്കി. കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് കെട്ടിടത്തിലാണ് കാഞ്ചിയാര്‍ വില്ലേജ് ഓഫീസ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്.  നാട്ടുകാരുടെയും വ്യാപാര സംഘടനകളുടെയും നേതൃത്വത്തില്‍ സര്‍ക്കാരിന് സൗജന്യമായി വിട്ടു കൊടുത്ത സ്ഥലത്ത്  സ്മാര്‍ട്ട് വില്ലേജ് പദ്ധതി പ്രകാരം സര്‍ക്കാര്‍ 44 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ വില്ലേജ് മന്ദിരം പണികഴിപ്പിച്ചിരിക്കുന്നത്.
 റോഷി അഗസ്റ്റിന്‍ എം എല്‍ എ സ്വാഗതം ആശംസിച്ച യോഗത്തില്‍ എഡിഎം ആന്റണി സ്‌കറിയ  റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സററാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിറിയക് തോമസ് മുഖ്യ പ്രഭാഷണം നടത്തി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചിയാര്‍ രാജന്‍, കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് വി. ആര്‍ ശശി  ,ത്രിതല പഞ്ചായത്തംഗങ്ങള്‍, ജില്ലാ നിര്‍മ്മിതികേന്ദ്രം പ്രോജക്ട് എന്‍ഞ്ചിനിയര്‍ എസ്. ബിജു, ഇടുക്കി തഹസില്‍ദാര്‍ വിന്‍സന്റ് ജോസഫ്, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
 

date