Skip to main content

കോവിഡ്  വ്യാപനം തടയാൻ ഒറ്റക്കെട്ടായ പ്രവർത്തനം തുടരണം - മന്ത്രി കെ. കെ ശൈലജ ടീച്ചർ

 

 

കോവിഡ് വ്യാപനം തടയാൻ ഒറ്റക്കെട്ടായ പ്രവർത്തനം തുടരണമെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. ജില്ലയിലെ മലബാർ മെഡിക്കൽ കോളേജ്,  കെ. എം. സി. ടി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ കോവിഡ് ആശുപത്രികളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ   നിർവഹിക്കുകയായിരുന്നു മന്ത്രി. 

 

എ, ബി, സി വിഭാഗങ്ങളായി തിരിച്ചാണ്  കോവിഡ് ബാധിതർക്ക് ചികിത്സാ സൗകര്യം ഒരുക്കുന്നത്. എ കാറ്റഗറിയിലുള്ള ആളുകളെ ഫസ്റ്റ്ലൈൻ  ചികിത്സകേന്ദ്രങ്ങളിലും സി  കാറ്റഗറിയിലുള്ള ആളുകളെ മെഡിക്കൽ കോളേജിലുമാണ് പ്രവേശിപ്പിക്കുന്നത്. ബി കാറ്റഗറിയിലുള്ളവരെ പ്രവേശിപ്പിക്കുമ്പോൾ  മെഡിക്കൽ കോളേജിലുണ്ടാകുന്ന തിരക്കൊഴിവാക്കാനാണ് സെക്കൻഡറി ചികിത്സ കേന്ദ്രം എന്ന നിലയിൽ  കോവിഡ്  ആശുപത്രികൾ ഒരുക്കിയിരിക്കുന്നത്. എ കാറ്റഗറിയിലുള്ള ആളുകൾക്ക് വീടുകളിൽ തന്നെ ചികിത്സ നൽകാൻ സാധിക്കും.  ടെലിമെഡിസിൻ സൗകര്യമൊരുക്കി കൃത്യതയോടുകൂടി മാത്രമേ ഇത് ചെയ്യാൻ പാടുള്ളു.  മെഡിക്കൽ ടീമുമായി നിരന്തരമായ ബന്ധവും ഇക്കാര്യത്തിൽ ഉറപ്പുവരുത്തണം. മുന്നോട്ടുള്ള ദിവസങ്ങളിൽ കോവിഡിന്റെ കൂടെ ജീവിക്കുക എന്നതാണ് ചെയ്യാനുള്ളത്. ഓരോ മേഖലയും തുറന്ന് പ്രവർത്തിക്കുമ്പോൾ മുഴുവൻ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് കോവിഡിനെതിരെ പോരാടുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.  പ്രതിസന്ധി ഘട്ടത്തിൽ കോവിഡ് ആശുപത്രികൾ ഒരുക്കാൻ സ്വകാര്യ ആശുപത്രികൾ തയ്യാറായത് അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 

 

മലബാർ മെഡിക്കൽ കോളേജിലെ നഴ്സിംഗ് കോളേജാണ് കോവിഡ് ആശുപത്രിയാക്കി മാറ്റിയത്.  നിലവിൽ 200 ബെഡുകളാണ് ഒരുക്കിയിരിക്കുന്നത്. 13 ഐ. സി. യു ബെഡുകളും സജ്ജീകരിച്ചിട്ടുണ്ട്.10 ദിവസങ്ങൾക്കുള്ളിൽ 400 ബെഡുകളാക്കി ഉയർത്തും. 20 സ്റ്റെപ് ഡൗൺ ഐ. സി. യുവും  ഒരുക്കും. സീനിയർ ഡോക്ടർമാർ,  ഫിസിഷ്യൻമാർ, പിജി വിദ്യാർഥികൾ എന്നിവരുടെ സേവനം കോവിഡ് ആശുപത്രിയിൽ ലഭ്യമാക്കും. 

 

 കെഎംസിടി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ മുക്കത്തിനടുത്ത് തൂങ്ങംപുറത്താണ് രണ്ട് കെട്ടിടങ്ങളിലായി കോവിഡ് ആശുപത്രി  ഒരുക്കിയിരിക്കുന്നത്.  ആകെ 300 ബെഡുകളാണ് സജ്ജീകരിച്ചത്. 12 ഐ.സി.യു ബെഡ്ഡുകളും  കേന്ദ്രീകൃത ഓക്സിജൻ സൗകര്യമുള്ള 12 ബെഡ്ഡുകളും നാല് വെൻറിലേറ്ററുകളും തയ്യാറാക്കിയിട്ടുണ്ട്. 30 വലിയ സിലിണ്ടറുകളും 25 ഓക്സിജൻ സിലിണ്ടറുകളും ഒരുക്കിയിട്ടുണ്ട്.  കെഎംസിടി വൈറോളജി ലാബിൽ ആർ ടി പി സി ആർ, ട്രുനറ്റ്, ആൻ്റിജൻ പരിശോധന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. 

 

പുരുഷൻ കടലുണ്ടി എം. എൽ. എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ ബാബു പറശ്ശേരി,  ജില്ലാ കലക്ടർ സാംബശിവ റാവു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.ജയശ്രീ, ആരോഗ്യകേരളം ഡി. പി. എം ഡോ. നവീൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ  ഡോ. വി. ആർ രാജേന്ദ്രൻ, കെ. എം. സി. ടി ചെയർമാൻ ഡോ. കെ. മൊയ്തു, സി.ഇ. ഒ ഡോ.നവാസ് കെ. എം,  എം. എം. സി ചെയർമാൻ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

 

 

 

 

date