Skip to main content

ലൈഫ് മിഷന്‍ പദ്ധതി: ഭവന സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം 24 ന്*

ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന ഭവന സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം സെപ്തംബര്‍ 24 ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അദ്ധ്യക്ഷത വഹിക്കും. പൂതാടി ഗ്രാമപഞ്ചായത്ത് ചെറുകുന്നിലെ 60 സെന്റ് സ്ഥലത്ത് 42 ഭവനങ്ങള്‍ അടങ്ങിയ സമുച്ചയമാണ് നിര്‍മ്മിക്കുന്നത്. 555 ലക്ഷം രൂപയുടെ ഭവനസമുച്ചയവും 107 ലക്ഷം രൂപയുടെ അനുബന്ധ പ്രവൃത്തിയും ഉള്‍പ്പെടെ 662 ലക്ഷം രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെന്നാര്‍ ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയാണ് ഭവന സമുച്ചയത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്.

സംസ്ഥാനത്ത് ലൈഫ് ഭവന പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 97 ശതമാനം വീടുകളും രണ്ടാം ഘട്ടത്തില്‍ 83 ശതമാനം വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. മൂന്നാംഘട്ടത്തില്‍ ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കള്‍ക്കുള്ള ഭവന സമുച്ചയങ്ങളാണ് നിര്‍മ്മിച്ച് നല്‍കുന്നത്. ഒരു വര്‍ഷത്തിനകം 101 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ 29 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനമാണ് സെപ്തംബര്‍ 24 ന് നടക്കുന്നത്. പൂതാടി ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന ചടങ്ങില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കും. എം.പി, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

 

date