Skip to main content

തൊഴിലാളികളുടെ സുരക്ഷാകാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത പുലർത്തും - മുഖ്യമന്ത്രി

* കാക്കനാട് ഒക്കുപേഷണൽ സേഫ്റ്റി ആന്റ് ഹെൽത്ത് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
 ഉദ്ഘാടനം ചെയ്തു

തൊഴിലാളികളുടെ സുരക്ഷാകാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത സർക്കാർ പുലർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സുരക്ഷിതമായ തൊഴിലിടങ്ങൾ തൊഴിലാളികളുടെ അവകാശമാണ്. തൊഴിലാളികൾക്കും മാനേജ്മെൻറിനും വ്യവസായശാലകൾക്ക് ചുറ്റും അധിവസിക്കുന്ന ജനങ്ങൾക്കും ഒരുപോലെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നതാണ് സർക്കാർ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ ശാലകളിലുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നത് ലക്ഷ്യമിട്ട് ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് എറണാകുളത്ത് കാക്കനാട് നിർമ്മാണം പൂർത്തീകരിച്ച ഒക്കുപേഷണൽ സേഫ്റ്റി ആന്റ് ഹെൽത്ത് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (തൊഴിൽ ആരോഗ്യ സുരക്ഷിതത്വ പരിശീലന കേന്ദ്രം) വീഡിയോ കോൺഫറൻസ് മുഖേന ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വ്യവസായശാലകളിലെ തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. തൊഴിലും വരുമാനവും അവകാശങ്ങളും സംരക്ഷിക്കുന്നതുപോലെയോ അതിലുമേറെയോ പ്രധാനമാണിത്. ഈ രംഗങ്ങളിൽ ബദൽ നയങ്ങളുയർത്തി രാജ്യത്തിന് മാതൃകയായ സംസ്ഥാനമാണ് കേരളം.
ഫാക്ടറി നിയമപ്രകാരം രജിസ്റ്റർ ചെയ്ത്  വ്യത്യസ്ത സാഹചര്യത്തിലും അന്തരീക്ഷത്തിലും പ്രവർത്തിക്കുന്ന 24,300 ഓളം സ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ട്. അപായസാധ്യതയുള്ള ഫാക്ടറികളും ഇക്കൂട്ടത്തിലുണ്ട്. വ്യവസായങ്ങളെന്നപോലെ ഇതര തൊഴിൽമേഖലകളും പൂർണമായും രോഗമുക്തവും അപകടരഹിതവുമാകണം. എല്ലാ സ്ഥാപനങ്ങളും അപകടമുക്തമാക്കമെന്ന കാര്യത്തിൽ സർക്കാരിന് പ്രത്യേക നിഷ്‌കർഷയുണ്ട്. 2030 ഓടെ ഒരു അപകടവുമില്ലാത്ത വ്യവസായമേഖല യാഥാർഥ്യമാക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന സൂചികയിൽ വിഭാവനം ചെയ്യുന്നുണ്ട്. ആ വഴിയിലേക്കാണ് നമ്മളും നീങ്ങുന്നത്.
നമ്മുടെ വ്യവസായശാലകളിലെ തൊഴിലാളികളിൽ ഭൂരിഭാഗവും അവിദഗ്ധരും ആവശ്യത്തിന് പരിശീലനം ലഭിച്ചിട്ടില്ലാത്തവരുമാണ്. ഇവരിൽ അതിഥിത്തൊഴിലാളികളും ഉൾപ്പെടുന്നു. തങ്ങൾ ചെയ്യുന്ന ജോലിയുടെ അപകടസാധ്യതയെക്കുറിച്ച് വേണ്ടത്ര അവബോധം ഇല്ലാത്തവരാണ് പലരും. ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നവരുടെ കുടുംബം പരമദരിദ്രാവസ്ഥയിലേക്ക് തള്ളപ്പെടുകയാണ്.
തൊഴിലുമായി ബന്ധപ്പെട്ട ഇത്തരം ദുരന്തങ്ങൾ മിക്കതും ഒഴിവാക്കാവുന്നതാണ്. ഇത് മനസിലാക്കുമ്പോഴാണ് ഇതിനെക്കുറിച്ച് അറിവും പരിശീലനവും നൽകേണ്ടതിന്റെ അനിവാര്യത വ്യക്തമാകുന്നത്.
ഇതെല്ലാം കണ്ടുകൊണ്ടാണ് നാലരക്കോടി രൂപ ചെലവിട്ട് അത്യാധുനിക സംവിധാനങ്ങളോടെ പരിശീലനകേന്ദ്രം സ്ഥാപിച്ചത്. വ്യാവസായിക, തൊഴിൽ മേഖലകളിലെ ശ്രദ്ധേയ ചുവടുവെയ്പ്പുകളിൽ ഒന്നാണീ ഇൻസ്റ്റിറ്റ്യൂട്ട്. പരമ്പരാഗത പരിശീലനകേന്ദ്രമായല്ല, പ്രവർത്തിക്കുന്ന മോഡലുകളിലൂടെ തൊഴിലാളികൾക്ക് അവർ നേരിടുന്ന ഒട്ടുമിക്ക അപകട സാധ്യതകളും ആരോഗ്യപ്രശ്നങ്ങളും മനസിലാക്കാനും തടയാനും സാധിക്കും. ചില കാര്യങ്ങളിൽ ചെറിയ ശ്രദ്ധയുണ്ടായാൽ വലിയ അപകടങ്ങളും ജീവഹാനിയും ഒഴിവാക്കാനാകും.
രാസഅപകടങ്ങൾ ഉണ്ടായാൽ വ്യവസായശാലകളുടെ പരിസരങ്ങളിൽ താമസിക്കുന്നവരെയും ജില്ലാ ദുരന്തനിവാരണ അധികാരികളെയും പെട്ടെന്ന് ജാഗ്രതപ്പെടുത്തുന്ന സംവിധാനം 2021ൽ നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിലെ ദേശീയ റിമോട്ട് സെൻസിംഗ് ഏജൻസി, ഇന്ദിരാഗാന്ധി സെൻറർ ഫോർ ആറ്റമിക് റിസർച്ച് എന്നിവയുമായി ഇതുസംബന്ധിച്ച് ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.
വിവിധരംഗങ്ങളിൽ തൊഴിൽജന്യ രോഗങ്ങൾ കണ്ടെത്തുന്നതിന് തൊഴിൽജന്യരോഗ സർവേ നടത്തിയിട്ടുണ്ട്. തൊഴിൽസ്ഥാപനങ്ങളിലെ അപകടങ്ങളിൽ ഒഴിവാക്കുന്നതിനും രോഗബാധ തടയുന്നതിനും തൊഴിലുടമകൾക്ക് വലിയ ഉത്തരവാദിത്തമുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് പരിസരമലിനീകരണം പരമാവധി ഒഴിവാക്കുകയും പരിസ്ഥിതിസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കലും. ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനൊപ്പം സുരക്ഷിതത്വം കൂടി ഉറപ്പാക്കിക്കൊണ്ടാകണം ആധുനികവത്കരണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന സർക്കാരിനു കീഴിൽ ഇത്തരമൊരു പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. 4.5 കോടി രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെ മൂന്നു നിലകളിലായിട്ടാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ട്രെയിനിംഗ് സെന്ററിൽ സജ്ജീകരിച്ചിരിക്കുന്ന എക്സിബിഷൻ സെന്ററിലെ പ്രവർത്തിക്കുന്ന മോഡലുകളിലൂടെ തൊഴിലാളികൾക്ക് അവർ നേരിടുന്ന ഒട്ടുമിക്ക അപകട സാധ്യതകളും ആരോഗ്യപ്രശ്നങ്ങളും വ്യക്തതയോടെ മനസ്സിലാക്കാനും അവ തടയുന്നതിനുള്ള പരിശീലനം നേടാനുമാകും. സാങ്കേതികവിദ്യയുടെ സഹായത്തോടെ അന്താരാഷ്ട്ര തൊഴിൽ സംഘടന, ജർമ്മൻ സോഷ്യൽ ആക്സിഡന്റ് ഇൻഷുറൻസ് ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ നടത്തുന്ന പരിശീലന പരിപാടിയിൽ ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കും പങ്കെടുക്കാം. അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഡിജിറ്റൽ ലൈബ്രറി, ശീതികരിച്ച പരിശീലന ഹാൾ എന്നിവ കേന്ദ്രത്തിന്റെ മുഖ്യ ആകർഷണങ്ങളാണ്.
പി.എൻ.എക്സ്. 3595/2020

 

date