Skip to main content

ദേശീയ ഡെങ്കിപ്പനി ദിനാചരണം ഇന്ന് (മെയ് 16 ) ജാഗ്രതയോടെ തുടരണമെന്ന് ആരോഗ്യവകുപ്പ്

ജാഗ്രതയോടെ തുടരണമെന്ന് ആരോഗ്യവകുപ്പ്

ഇന്ന് (മെയ് 16) ദേശീയ ഡെങ്കിപ്പനി ദിനാചരണം. 'സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനിയെ നിയന്ത്രിക്കാം ' സന്ദേശമാണ് ഇത്തവണത്തേത്. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന രോഗമാണിത്.

പനിയോടൊപ്പം തലവേദന, കണ്ണിനുപുറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവപ്രധാന ലക്ഷണങ്ങള്‍. ശരീരത്തില്‍ ചുവന്നു തടിച്ച പാടുകളും ഉണ്ടാകാം. തുടര്‍ച്ചയായ ഛര്‍ദ്ദി, വയറുവേദന, രക്തസ്രാവം, കറുത്തമലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്ന്തടിക്കല്‍, ശരീരം തണുത്ത് മരവിക്കുക, രക്തസമ്മര്‍ദ്ദം കുറയുക, കുട്ടികളില്‍ തുടര്‍ച്ചയായ കരച്ചില്‍ തുടങ്ങിയവയും ലക്ഷണങ്ങളാണ്.

പനി മാറിയാലും നാലു ദിവസംവരെ സമ്പൂര്‍ണ്ണ വിശ്രമം തുടരണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം തുടങ്ങി പാനീയങ്ങള്‍ കുടിക്കണം. ഡെങ്കിപ്പനിബാധിതരുടെ പകല്‍സമയ വിശ്രമവും ഉറക്കവും കൊതുക്‌വലയ്ക്കുള്ളിലാകണം. രണ്ടാംരോഗബാധ മാരകമായേക്കാം.

വെള്ളംസംഭരിച്ച പാത്രങ്ങള്‍, വലിച്ചെറിയുന്ന ചിരട്ടകള്‍, പൊട്ടിയപാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, റഫ്രിജറേറ്ററിന്റെ അടിഭാഗത്തെ ട്രേ, വീടിനുള്ളിലെ അലങ്കാരചെടിച്ചട്ടികളുടെ ട്രേ, ഉപേക്ഷിക്കപ്പെട്ട ടയറുകള്‍, വിറക് മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, ടാര്‍പോളിന്‍, റബ്ബര്‍പാല്‍ സംഭരണചിരട്ടകള്‍, കമുങ്ങിന്‍പാളകള്‍, കക്കത്തോട്, നിര്‍മ്മാണസ്ഥലങ്ങളിലെ ടാങ്കുകള്‍, വീടിന്റെ ടെറസ്സ്, സണ്‍ഷെയ്ഡ്, പാത്തികള്‍ തുടങ്ങിയവയില്‍ കെട്ടികിടക്കുന്ന വെള്ളത്തിലാണ് കൊതുക് പെരുകുക.

പ്ലാന്റേഷന്‍ മേഖലകളില്‍ ഉപയോഗമില്ലാത്തപ്പോള്‍ ചിരട്ടകള്‍ കമഴ്ത്തിവയ്ക്കണം. കരയ്ക്ക് കയറ്റിവെച്ചിരിക്കുന്ന വള്ളം/ബോട്ട്, ബോട്ടുകളുടെ വശത്തുള്ള ടയറുകള്‍, ഉപേക്ഷിക്കപ്പെട്ട ഐസ് ബോക്‌സ്/ തെര്‍മോക്കോള്‍ ബോക്‌സ് എന്നിവയിലെ ജലം, പാഴ് വസ്തുക്കള്‍ ശേഖരണശാലകളിലെ വസ്തുക്കളിലെ ജലം, ഉപേക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ എന്നിവയിലും മഴവെള്ളം തങ്ങാതെ ശ്രദ്ധിക്കണം.  

വീടിന്റെയും സ്ഥാപനങ്ങളുടേയും പരിസരത്ത് കൊതുക് പ്രജനനസാധ്യത ഒഴിവാക്കണം. വെള്ളിയാഴ്ചകളില്‍ സ്‌കൂളുകളിലും, ഞായറാഴ്ചകളില്‍ വീടുകളിലും പരിസരങ്ങളിലും ശനിയാഴ്ചകളില്‍ സ്ഥാപനങ്ങളിലും ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ഡി.എം.ഒ അറിയിച്ചു.

date