Skip to main content

ദേശീയപാത നിര്‍മ്മാണം;  കലുങ്കുകളിലെയും തോടുകളിലെയും മണ്ണ് നീക്കണം

 

ദേശീയപാത നിര്‍മ്മാണം: അവലോകന യോഗം

 

എന്‍എച്ച് 66, എന്‍എച്ച് 85 എന്നീ ദേശീയപാതകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തില്‍ അവലോകനം ചെയ്തു. ദേശീയ പാതയുടെ നിര്‍മ്മാണത്തിനിടെ തോടുകളിലും 
കലുങ്കുകളിലും മണ്ണ് നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അവ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ദേശീയപാത അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. മഴക്കാലം ആരംഭിച്ച സാഹചര്യത്തില്‍ തോടുകളിലെയും മറ്റ് ഒഴുക്ക് സുഗമമാക്കണം. വെള്ളക്കെട്ട് രൂപപ്പെടുന്ന സാഹചര്യം ഒഴിവാക്കണം. ദേശീയപാതയുടെ നിര്‍മ്മാണത്തെ തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ യോഗത്തില്‍ അറിയിച്ചു. 

ദേശീയപാത 66 ന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കളക്ടര്‍ വി.ഇ. അബ്ബാസിന്റെ നേതൃത്വത്തില്‍ മെയ് 21 ചൊവ്വാഴ്ച സ്ഥല സന്ദര്‍ശനം നടത്തും. അണ്ടര്‍ ഗ്രൗണ്ട് കേബിളുകള്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബിയും ദേശീയപാത അധികൃതരും തമ്മില്‍ ഒരാഴ്ചയ്ക്കകം അന്തിമ തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

ദേശീയപാത 85 ന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വാട്ടര്‍ അതോറിറ്റി ഉന്നയിച്ച വിഷയങ്ങളും ഉടന്‍ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കി. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്കായി പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാന്‍ എന്‍ഒസി നല്‍കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ദേശീയപാത അതോറിറ്റി ഡ്രെയ്‌നേജ് സ്ഥാപിക്കുമ്പോള്‍ പൈപ്പ് ഇടുന്നതിനുള്ള സ്ഥല സൗകര്യം കൂടി പരിഗണിക്കണമെന്നാണ് വാട്ടര്‍ അതോറിറ്റി ആവശ്യപ്പെട്ടത്. നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കുടിവെള്ള പൈപ്പുകള്‍ക്ക് തകരാര്‍ സംഭവിച്ച് കുടിവെള്ളക്ഷാമം ഉണ്ടാകാതിരിക്കാന്‍ ജാഗ്രത വേണമെന്നും നിര്‍ദേശം നല്‍കി.  

പറവൂര്‍, കുര്യാപ്പിള്ളി, ചെറിയപ്പിള്ളി എന്നിവിടങ്ങളില്‍ നിര്‍മ്മിക്കുന്ന പാലങ്ങളുമായി ബന്ധപ്പെട്ട് വെര്‍ട്ടിക്കല്‍ ക്ലിയറന്‍സ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സ്ഥല സന്ദര്‍ശനത്തിനു ശേഷം അന്തിമ തീരുമാനം സ്വീകരിക്കും. 

കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, മേജര്‍ ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍, ദേശീയപാത അതോറിറ്റി അധികൃതര്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date