Skip to main content

വയോജനങ്ങള്‍ക്കായി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും

വയോജനങ്ങള്‍ക്കായി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍. ലോക വയോജന പീഡന വിരുദ്ധ ബോധവത്കരണ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതികള്‍ നടപ്പാക്കാന്‍ കൂടുതല്‍ തുക അനുവദിക്കും. എണ്ണം കൂടുതലാണെങ്കിലും ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ മലപ്പുറത്ത് വയോജനങ്ങള്‍ക്കെതിരായ പീഡനം കുറവാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷത വഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നടന്ന വിളംബര ജാഥ ജില്ലാ കലക്ടര്‍ അമിത് മീണ ഫ്ളാഗ് ഓഫ് ചെയ്തു.
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ പരിചയപ്പെടുത്തുന്ന പദ്ധതികളുടെ ബ്രോഷര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശനം ചെയ്തു. ആര്‍ഡിഒ അജീഷ് കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ കെ. കൃഷ്ണ മൂര്‍ത്തി, എസ്ഐഡി ജില്ലാ കോഡിനേറ്റര്‍ സിടി നൗഫല്‍, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സമിതിയിലെ അംഗങ്ങളായ ശിവശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. സി വിജയലക്ഷ്മി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വയോജനങ്ങള്‍ക്കെതിരായ പീഡനം വിഷയമാക്കി നടത്തിയ ഓപണ്‍ ഫോറം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം ഡിവൈ.എസ്.പി കെവി പ്രഭാകരന്‍, അഡ്വ. സുജാത് എസ് വര്‍മ, കെ സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു. നിലമ്പൂര്‍ വയോമിത്രം അവതരിപ്പിച്ച  'അമ്മിക്കിളി' നാടകവും അരങ്ങേറി.

 

date