Skip to main content

പരാതി പരിഹാര അദാലത്ത് : 25 പരാതികളില്‍ തീര്‍പ്പാക്കി അദാലത്ത് തുടരുമെന്ന് ജില്ലാകലക്ടര്‍  

ജില്ലാ കലക്ടര്‍ യു.വി.ജോസിന്റെ നേതൃത്വത്തില്‍ നടത്തുന്ന താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ 25 പരാതികളില്‍ തീര്‍പ്പാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് എല്ലാ മാസവും താലൂക്ക്തല അദാലത്തുകള്‍ സംഘടിപ്പിക്കുന്നുത്. രണ്ടാംഘട്ട അദാലത്ത് കോഴിക്കോട് ടൗണ്‍ഹാളില്‍ നടത്തിയപ്പോള്‍ മുന്‍ അദാലത്തുകളെ അപേക്ഷിച്ച് പരാതികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കലക്‌ട്രേറ്റിലും താലൂക്കിലും എല്ലാ ദിവസവും പരാതി സ്വീകരിക്കുന്നതിന് പുറമേയാണ് അദാലത്ത് നടത്തി പരാതികള്‍ തീര്‍പ്പാക്കുന്നത്. മുന്‍കൂട്ടി അപേക്ഷകള്‍ സ്വീകരിച്ചാണ് കലക്ടര്‍ പരാതികള്‍ കേള്‍ക്കുന്നതും തീര്‍പ്പാക്കുന്നതും. വിവിധ ജില്ലാ ഓഫീസര്‍മാരുടെ സാന്നിധ്യത്തിലാണ് അദാലത്ത് നടത്തുന്നത്. വിവിധ ഓഫീസുകളില്‍ പരിഹരിക്കാത്ത പരാതികള്‍ മാത്രമാണ് കലക്ടറുടെ പരിഗണനയ്ക്ക് വരുന്നത്.  
വടകര, കൊയിലാണ്ടി, താമരശ്ശേരി, കോഴിക്കോട് താലൂക്കുകളിലായി രണ്ട് ഘട്ട അദാലത്ത് പൂര്‍ത്തിയാക്കി. ആദ്യം സംഘടിപ്പിച്ച അദാലത്തില്‍ നൂറുകണക്കിന് പരാതികളാണ് തീര്‍പ്പാക്കിയത്. ഭൂമി, പട്ടയം, കുടിവെള്ളം, ബാങ്ക് വായ്പ, തണ്ണീര്‍ത്തടം തരം മാറ്റല്‍, വീടിന് വേണ്ടിയുള്ള അപേക്ഷ. മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തല്‍ തുടങ്ങിയ ആപേക്ഷകളാണ് കൂടുതലായി ലഭിക്കുന്നത്. അപേക്ഷകളില്‍ സമയബന്ധിതമായി പരിഹാരം കാണുന്നുണ്ടെന്നും അപേക്ഷകരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും താലൂക്ക് തല അദാലത്തുകള്‍ എല്ലാ മാസവും സംഘടിപ്പിക്കുമെന്നും ജില്ലാ കലക്ടര്‍ യു.വി ജോസ് പറഞ്ഞു. 
ആകെ 66 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. 44 പുതിയ പരാതികള്‍ ലഭിച്ചു. ഇവയുടെ പരിഹാര നടപടികള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കും. ലഭിച്ച പരാതികളില്‍ കൂടുതലും റേഷന്‍ കാര്‍ഡ്, വീട് നിര്‍മ്മാണം എന്നിവ സംബന്ധിച്ചാണ്. 
എ.ഡി.എം ടി ജനില്‍കുമാര്‍, സബ് കലക്ടര്‍ വി വിഘ്‌നേശ്വരി, അസിസ്റ്റന്റ് കലക്ടര്‍ എസ്. അഞ്ജു, ആര്‍.ഡി.ഒ എ അബ്ദുള്‍ റഹ്മാന്‍,  ഡപ്യൂട്ടി കലക്ടര്‍മാരായ സജീഷ് ദാമോധരന്‍, രോഷ്‌നി നാരായണന്‍, കെ.ഹിമ, തഹസില്‍ദാര്‍ ഒ സുബ്രഹ്മണ്യന്‍, അഡി തഹസില്‍ദാര്‍ അനിതകുമാരി വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു. 

date