ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി സൂസമ്മ വര്‍ഗീസ്
കോഴഞ്ചേരി തെക്കേമലയിലെ ബജാജ് അലയന്‍സ് ഓഫീസിലെ ബ്രാഞ്ച് മാനേജരായ കോട്ടയം സ്വദേശിനി സൂസമ്മ വര്‍ഗീസ് കഴിഞ്ഞ എട്ട് ദിവസമായി തെക്കേമല എംജിഎം ഓഡിറ്റോറിയത്തിന്റെ താഴത്തെ നിലയിലുള്ള ഓഫീസിലല്ല ജോലി ചെയ്യുന്നത്. തൊട്ടുമുകളില്‍ 400ഓളം ആളുകള്‍ കഴിയുന്ന ദുരിതാശ്വാസ ക്യാമ്പില്‍ രാവും പകലു മില്ലാതെ സേവന നിരതയാണ്. ഓഫീസില്‍ വെള്ളം കയറിയതോടെ ഇതിന്റെ പ്രവര്‍ത്തനം നിലച്ചു. മറ്റ് ജീവനക്കാരും എത്തുന്നില്ല. ഈ സമയം ദുരിതബാധിതര്‍ക്ക് ആശ്വാസമേകാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവയ്ക്കുവാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമായി കരുതുന്നതായി സൂസമ്മ വര്‍ഗീസ് പറഞ്ഞു. ആദ്യദിനം ക്യാമ്പ് തുടങ്ങിയപ്പോള്‍ വില്ലേജ് ജീവനക്കാരും പള്ളിയിലെ യൂത്ത് മൂവ്മെന്റിലെ രണ്ട് പ്രവര്‍ത്തകരും മാത്രമാണ് സഹായത്തിന് ഉണ്ടായിരുന്നത്. പിന്നീട് ധാരാളം സന്നദ്ധ സംഘടനകളും വോളണ്ടിയര്‍മാരും സഹായത്തിനെത്തിയതോടെ ഏറെ ആശ്വാസമായി. ഇവിടെനിന്നും മറ്റുള്ള ക്യാമ്പുകളിലേക്കും ഭക്ഷണസാധനങ്ങള്‍ തയാറാക്കി നല്‍കുന്നുണ്ട്. ആദ്യദിനങ്ങളില്‍ 400ഓളം ആളുകളാണ് ക്യാമ്പില്‍ കഴിഞ്ഞിരുന്നത്. ഇപ്പോള്‍ 123 ആയി കുറഞ്ഞിട്ടുണ്ട്. (പിഎന്‍പി 2361/18)
- Log in to post comments