Skip to main content

ബാലാവകാശ വാരാഘോഷം-ബാലോല്‍സവം സംഘടിപ്പിച്ചു

ബാലാവകാശ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ തല ബാലോല്‍സവം സംഘടിപ്പിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് മലപ്പുറം നഗരത്തില്‍ ശിശുദിന റാലിയും പൊതു സമ്മേളനവും നടത്തി. മലപ്പുറം കുന്നുമ്മലില്‍ ജില്ലാ കലക്ടറുടെ വസതിക്കു സമീപത്ത് നിന്നു ആരംഭിച്ച റാലി ജില്ലാ കലക്ടര്‍ അമിത് മീണ ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭ പരിധിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ റാലിയില്‍ പങ്കെടുത്തു. നഗരം ചുറ്റിയ റാലി എ.യു.പി സ്‌കൂളില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന പൊതു സമ്മേളനം കുട്ടികളുടെ പ്രാധാനമന്ത്രി കുമാരി നിയ ബെന്നി (പി.എച്ച്.എസ്.എസ് മണിമൂളി) ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ പ്രസിഡണ്ട് കുമാരി ദില്‍ന.പി (എം.എസ്.പി.ഇ.എം.എച്ച്.എസ്.എസ് മലപ്പുറം) അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ കുമാരി മയൂഖ അനില്‍ (സെന്റ് ജെമ്മാസ് സ്‌കുള്‍ മലപ്പുറം) ശിശുദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുമാരി കൃഷ്ണവേണി(എം.എസ്.പി.ഇ.എം.എച്ച്.എസ്.എസ് മലപ്പുറം) സ്വാഗതവും കുമാരി ശിവാനി (സെന്റ് ജെമ്മാസ് സ്‌കുള്‍ മലപ്പുറം) നന്ദിയും പറഞ്ഞു.
വിവിധ മല്‍സരങ്ങളിലെ വിജയികള്‍ക്ക് മലപ്പുറം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച്. ജമീല ടീച്ചര്‍ സമ്മാന വിതരണം നടത്തി. ശിശുക്ഷേമ സമിതിയുടെ ശിശുദിന സ്റ്റാമ്പ് കുട്ടികളുടെ പ്രധാനമന്ത്രിക്ക് നല്‍കി സി.ഡ്ബ്ലിയു.സി ചെയര്‍മാന്‍ എം മണികണ്ഠന്‍ പ്രകാശനം ചെയ്തു. ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ബാലാവകാശ പോസ്റ്റര്‍ സ്പീക്കറും പ്രധാനമന്ത്രിയും ചേര്‍ന്ന് പുറത്തിറക്കി. ഡി.സി.പി.ഒ ഗീതാജ്ഞലി, ശിശു ക്ഷേമ സമിതി ജില്ലാ സെക്രട്ടറി സി.വിജയകുമാര്‍, ട്രഷറര്‍ വി.ആര്‍.യശ്പാല്‍, വൈസ് പ്രസിഡന്റ് കെ.എന്‍.പ്രസന്നന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും ഇന്നലെ പ്രത്യേക അസംബ്ലി ചേര്‍ന്ന് ശിശുദിന പ്രതിജ്ഞ എടുത്തു.
ദേശീയ ശിശുദിനമായ നവംബര്‍ 14 മുതല്‍ അന്തര്‍ദേശീയ ശിശുദിനമായ  നവംബര്‍ 20 വരെയാണ് ജില്ലയില്‍ ബാലാലകാശ വാരാഘോഷം സംഘടിപ്പിക്കുന്നത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ജില്ലാ ശിശു ക്ഷേമ സമിതി, കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ എന്നിവരാണ് സംഘാടകര്‍. വിവിധ ദിവസങ്ങളില്‍ വിവിധ മേഖലകളിലായി പോസ്റ്റര്‍ നിര്‍മ്മാണ മല്‍സരം, സന്ദേശ കൈമാറ്റം, ദത്തെടുത്ത കുടുംബങ്ങളുടെ സംഗമം, ബാലാവകാശവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ഒപ്പ് ശേഖരണം, പൊതുജന ബോധവല്‍ക്കരണം തുടങ്ങിയ പരിപാടികള്‍ നടക്കും.

 

date