Skip to main content

10,508 കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കി

 

മണ്ണ് സാമ്പിളുകളുകള്‍ പരിശോധിച്ച് ജില്ലയില്‍ മണ്ണ് പര്യവേക്ഷണ വകുപ്പ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം സോയില്‍ കാര്‍ഡ് നല്‍കിയത് 10508 കര്‍ഷകര്‍ക്ക്. ജില്ലയിലെ കര്‍ഷകരില്‍ നിന്നും മണ്ണ് സാമ്പിളുകള്‍ ശേഖരിച്ച് സൂക്ഷ്മ മൂലകങ്ങള്‍, അവശ്യ മൂലകങ്ങള്‍, രാസ-ഭൗതിക സ്വാഭാവങ്ങള്‍ എന്നിവ നിര്‍ണ്ണയിച്ച് പരിഹാര മാര്‍ഗ്ഗങ്ങളും ശുപാര്‍ശകളും രേഖപ്പെടുത്തിയാണ് സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ അനുവദിച്ചത്.
സോയില്‍ സര്‍വേ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ്  വിശദ മണ്ണുപര്യവേക്ഷണം. മണ്ണ് പരിശോധനയോടൊപ്പം ഭൂവിഭവ റിപ്പോര്‍ട്ടുകളും മാപ്പുകളും തയ്യാറാക്കി ഓരോ പ്രദേശത്തിനും അനുയോജ്യമായ പരിപാലനമുറകള്‍, വളപ്രയോഗരീതികള്‍, വിളപരിപാലനം എന്നീ കാര്യങ്ങളും രേഖപ്പെടുത്തും. സോയില്‍ ഹെല്‍ത്ത്കാര്‍ഡ് പദ്ധതി പ്രകാരം ആദ്യഘട്ടത്തില്‍ ജില്ലയില്‍ 4793 മണ്ണ് സാമ്പിളുകളാണ്  ശേഖരിച്ചത്. ഇതിന് ശേഷം 9958 സോയില്‍ ഹെല്‍്ത്ത് കാര്‍ഡുകള്‍ ജില്ലയില്‍ വിതരണം ചെയ്തു.
രണ്ടാംഘട്ടത്തില്‍ 2031 മണ്ണ് സാമ്പിളുകളാണ്  ശേഖരിച്ച് പരിശോധിച്ചത്. തുടര്‍ന്ന് 550 കര്‍ഷകര്‍ക്ക് കാര്‍ഡുകള്‍ നല്‍കി. പഞ്ചായത്തു തലത്തില്‍  ആലിപ്പറമ്പ്-214, ആനക്കയം-916, അങ്ങാടിപ്പുറം-1681, പുല്‍പറ്റ-1341, തിരുവാലി-1245, നന്നമ്പ്ര-605, കാവന്നൂര്‍-1738, അരീക്കോട്-943, കീഴാറ്റൂര്‍-704, പാണ്ടിക്കാട്-571,  ഊര്‍ങ്ങാട്ടിരി, കരുളായി, പോരൂര്‍, ഊരകം, കല്‍പ്പകഞ്ചേരി, വണ്ടൂര്‍, കൂട്ടിലങ്ങാടി എന്നീ പഞ്ചായത്തുകളിലായി 2031 കാര്‍ഡുകളും അനുവദിച്ചു. ബാക്കിയുള്ളവ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ വിതരണം ചെയ്യാനാണ് തീരുമാനമെന്ന് മണ്ണ് പര്യവേക്ഷണ-സംരക്ഷണ വകുപ്പ് മേധാവി പി. പ്രീതി അറിയിച്ചു.

 

date