Skip to main content

ജൂണ്‍ ജൂണ്‍ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത.

സംസ്ഥാനത്ത് ജൂണ്‍ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. തിരൂര്‍ കൂട്ടായില്‍ നിന്ന് കാണാതായ കുട്ട്യാമുവിന്റ പുരയ്ക്കല്‍ ഹംസയുടെ മൃതദേഹം ചാവക്കാട് കടപ്പുറത്തു നിന്ന് കണ്ടെത്തി. നിലമ്പൂരില്‍ കാണാതായ ആളെ കണ്ടെത്താന്‍ ജില്ലാ കലക്ടര്‍ നാവികസേനയുടെ സഹായം അഭ്യര്‍ഥിച്ചു. മത്സ്യത്തൊഴിലാളികള്‍  കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ ജില്ലയുടെ വിവിധ മേഖലകളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായി. ഏറനാട് താലൂക്കിലെ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. നിലമ്പൂര്‍ താലൂക്കില്‍ മതില്‍മൂലയില്‍ മലവെള്ളപ്പാച്ചില്‍ മൂലം 13 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ഏറനാട് താലൂക്കില്‍ വെറ്റില പ്പാറ വില്ലേജിലെ വെങ്ങോട്ടുപൊയില്‍, പെരുകമണ്ണ വില്ലേജിലെ പടിഞ്ഞാറെ ചാത്തല്ലൂര്‍ എന്നിവടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. പ്രദേശത്ത് നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു.  
വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങരുതെന്ന് നിര്‍ദേശമുണ്ട്.  ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളിലും തോടുകളിലും ഇറങ്ങരുത്. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കണം. കുട്ടികള്‍ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴിവാക്കുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.   അടിയന്തിര സഹായത്തിനായി ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നമ്പറില്‍ വിളിക്കാം - 1077
വരുന്ന അവധി ദിവസങ്ങളില്‍ താലൂക്ക് ഓഫീസുകളും വില്ലേജ് ഓഫീസുകളും പ്രവര്‍ത്തിയ്ക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവയുടെ സാധ്യതയുള്ള പ്രദേശങ്ങളില്‍ അനൗണ്‍സ്‌മെന്റ് വഴി ബോധവത്കരണം നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ മലയോര യാത്ര പരമാവധി ഒഴിവാക്കണമെന്നും  രാത്രി 7 മുതല്‍ രാവിലെ 7  വരെ മലയോര യാത്ര പൂര്‍ണമായി നിയന്ത്രിക്കണമെന്നും നിര്‍ദേശമുണ്ട്.
താലൂക്ക് കണ്‍ട്രാള്‍ റൂം നമ്പറുകള്‍: പൊന്നാനി 04942666038, തിരൂര്‍ 04942422238തിരൂരങ്ങാടി 04942461055, ഏറനാട്:04832766121, പെരിന്തല്‍മണ്ണ:04933227230, നിലമ്പൂര്‍:04931221471, കൊണ്ടോട്ടി:04832713311
കൂടാതെ ജില്ലാ ദുരിതാശ്വാസ വകുപ്പിന്റെ 04832736320, 04832736326 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

 

date