Skip to main content
anti drug campaign

ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി  കേരളം മാറി:  കൗസര്‍ എടപ്പഗത്ത്

കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതല്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നുവെന്ന് ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയും ഡിഎല്‍എസ്എ എറണാകുളം ചെയര്‍മാനുമായ ഡോ. കൗസര്‍ എടപ്പഗത്ത്. ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എറണാകുളം ഡിസ്ട്രിക്ട് ലീഗല്‍ അതോറിറ്റി കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തില്‍ കുട്ടികള്‍ക്കായി നടത്തിയ  ലഹരിവിരുദ്ധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്കുപ്രകാരം പഞ്ചാബ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലഹരി വസ്തുക്കളുടെ ഉപയോഗം കാണപ്പെടുന്നത് കേരളത്തിലാണ്. ഇതില്‍ 70 ശതമാനത്തോളം സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുകയും  സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം വിദ്യാര്‍ത്ഥികളില്‍  ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. 

വിദ്യാലയത്തിനകത്ത് കുട്ടികള്‍ക്കുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അധ്യാപകരാണ് അവരെ തിരിച്ചു കൊണ്ടുവരേണ്ടത്. ഇന്നത്തെ കുട്ടികളാണ് രാജ്യത്തിന്റെ ഭാവി. അതിനാല്‍ കുട്ടികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ നിന്നും അവരെ തടയണമെന്നും അദ്ദേഹം പറഞ്ഞു. 

സബ് ജഡ്ജിയും എറണാകുളം ഡിഎല്‍എസ്എ സെക്രട്ടറിയുമായ എ.എം. ബഷീര്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കില്ലെന്ന് കുട്ടികള്‍ സ്വയം തീരുമാനിക്കണമെന്നും കൂട്ടുകാര്‍ ഉപയോഗിക്കുന്നത് കണ്ടാല്‍ അധ്യാപകരെ അറിയിക്കണമെന്നും അധ്യാപകര്‍ രക്ഷിതാക്കളെയും അറിയിക്കണം. തുടര്‍ന്ന് കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. തമാശയ്ക്കാണ് കുട്ടികള്‍ ആദ്യം ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നത്. പിന്നീട് അത് ശീലമാക്കുന്നു. ഇത്തരത്തില്‍ പ്രയാസമനുഭവിക്കുന്ന കുട്ടികളെ ചികിത്സിക്കാന്‍ മാത്രമുള്ള ആശുപത്രികള്‍ നമ്മുടെ നാട്ടില്‍ ഇല്ല എന്നും  അദ്ദേഹം പറഞ്ഞു. 

ചൈല്‍ഡ് ലൈന്‍ ഡിസ്ട്രിക് കോ-ഓര്‍ഡിനേറ്റര്‍ ജിതിന്‍ സേവ്യര്‍, കേന്ദ്രീയ വിദ്യാലയം കടവന്ത്ര പ്രിന്‍സിപ്പല്‍ ആര്‍. സുരേന്ദ്രന്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

ക്യാപ്ഷന്‍:  ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എറണാകുളം ഡിസ്ട്രിക്ട് ലീഗല്‍ അതോറിറ്റി കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തില്‍ കുട്ടികള്‍ക്കായി നടത്തിയ  ലഹരിവിരുദ്ധ പരിപാടി ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയും ഡിഎല്‍എസ്എ എറണാകുളം ചെയര്‍മാനുമായ ഡോ. കൗസര്‍ എടപ്പഗത്ത്. ഉദ്ഘാടനം ചെയ്യുന്നു.

date