Skip to main content

പ്രകൃതിയോട് ചേർന്ന് ആലുവ സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രം

 

സംസ്ഥാന കൃഷി വകുപ്പിന് കീഴിൽ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ  ശാസ്ത്രീയമായ രീതിയിലൂടെ മാത്രം പ്രവർത്തിച്ചു വരുന്ന തോട്ടമാണ്  ആലുവയിലെ വിത്ത് ഉൽപാദന കേന്ദ്രമായ സ്റ്റേറ്റ് സീഡ് ഫാം. കഴിഞ്ഞ പത്തു വർഷമായി രാസവളങ്ങളോ കീടനാശിനികളോ വിത്തുൽപ്പാദനത്തിന്റെ ഒരു ഘട്ടത്തിലും    ഫാമിൽ ഉപയോഗിക്കുന്നില്ല.
 
അന്തരീക്ഷത്തിൽ അമിതമായി ഹരിതഗൃഹവാതങ്ങൾ എത്തിച്ചേരുമ്പോൾ  ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനങ്ങൾക്കും കാരണമാകുന്നു. കാലാവസ്ഥ ഇത്തരത്തിൽ മാറുന്ന സാഹചര്യത്തിൽ പ്രകൃതി സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് മാത്രമേ കാർഷിക മേഖലയ്ക്ക്  മുന്നോട്ടുപോകാൻ കഴിയുകയുള്ളൂ. അതിനാലാണ് ആലുവയിലെ സ്റ്റേറ്റ് സീഡ് ഫാമിന്റെ ജൈവ കൃഷി രീതികൾക്ക് പ്രാധാന്യമേറുന്നത്.

ഐപിസിസിയുടെ കണക്കനുസരിച്ച് അന്തരീക്ഷത്തിലേക്കുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ 24 ശതമാനമാണ്. അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന അതേ അളവിൽ മണ്ണിൽ കാർബൺ ആഗിരണം ചെയ്യുമ്പോഴാണ് കാർബൺ ന്യൂട്രൽ കൃഷിയാകുന്നത്.

പുറത്തു നിന്നുള്ള ഉൽപാദനോപാധികളും , ഫോസിൽ ഇന്ധനങ്ങളും പരമാവധി കുറയ്ക്കുകയാണ് പ്രധാന മാർഗം.
വിള അവശിഷ്ടങ്ങൾ പരിക്രമം ചെയ്തും, രാസവളങ്ങളുടെയും വെള്ളത്തിന്റെയും പരമാവധി ഉപയോഗക്ഷമത ഉറപ്പുവരുത്തിയും
പയർ വർഗ്ഗ കൃഷി, ചെറുധാന്യ കൃഷി, കമ്പോസ്റ്റ് വളം എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടും കാർബൺ ബഹിർഗമനം കുറയ്ക്കുവാൻ സാധിക്കും.

 കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ വൈറ്റിലയിലുള്ള നെല്ല് ഗവേഷണ കേന്ദ്രം നടത്തിവരുന്ന മണ്ണ് പരിശോധന, വെള്ളാനിക്കരയുള്ള അഗ്രിക്കൾച്ചർ കോളേജിന്റെ മൈക്രോ ബയോളജി വിഭാഗം നടത്തിയ മൈക്രോ ബിയൽ അനാലിസിസ്, സോയിൽ സർവ്വേ ഡിപ്പാർട്ട്മെന്റ് നടത്തിയ സോയിൽ പ്രൊഫൈൽ അനാലിസ് എന്നിവ അടിസ്ഥാനമാക്കിയാണ് ഫാവിലെ മണ്ണിലെ ഉയർന്ന ജൈവ കാർബൺ, സൂക്ഷ്മജീവി സാന്നിധ്യം, വിവിധ മൂലകങ്ങളുടെ സമ്പന്നത എന്നിവ കണ്ടെത്തിയത്.
കാർബൺ ഫ്രൂട്ട് പ്രിന്റ് കണക്കാക്കുവാൻ വെള്ളാനിക്കരയിലെ കോളേജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് എൻവിയോൺമെന്റ് സയൻസിനെയാണ് ചുമതലപ്പെടുത്തിയത്. ഐ.പി.സി.സി 2006 സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ പ്രകാരമാണ് ഫാമിലെ കാർബൺ കണക്കെടുപ്പ് നടത്തിയത്.

പഠനത്തിന്റെ അടിസ്ഥാനത്തിൽ 2021 ജൂലൈ മുതൽ 2022 ജൂൺ വരെ ഫാമിൽ നിന്നുള്ള കാർബൺ തത്തുല്യ വാതകങ്ങളുടെ പുറന്തള്ളൽ 43.08 ടണ്ണും, കാർബൺ സംഭരണം 213.45 ടൺ ആണെന്ന് കണ്ടെത്തി. വിവിധ മേഖലകളിൽ നിന്നും ആകെ പുറന്തള്ളുന്ന കാർബണിനേക്കാൾ 170.37 ടൺ അധിക കാർബൺ ഫാമിൽ സംഭരിച്ചിരിക്കുന്നെന്ന് കണ്ടെത്തി. കാർബൺ ന്യൂട്രൽ എന്നതിലുപരി കാർബൺ നെഗറ്റീവ് സ്റ്റാറ്റസിൽ ഫാം എത്തിനിൽക്കുന്നു.കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വിയോണ്‍മെന്റല്‍ സയന്‍സ് ഡീന്‍ ഡോ. പി. ഒ നമീറിന്റെ നേതൃത്വത്തിലാണ് ഫാമിലെ കാര്‍ബണിന്റെ  അളവിനെ കുറിച്ചുള്ള പഠനങ്ങള്‍ നടന്നത്.

ആലുവ ഫാമില്‍ സംയോജിത കൃഷിയുടെ ഭാഗമായി നാടൻ പശുക്കൾ, മലബാറി ആടുകൾ, കോഴി, താറാവ് മത്സ്യം എന്നിവയേയും പരിപാലിക്കുന്നു. ഉൽപ്പാദനശേഷിയുള്ള നെൽവിത്തിനങ്ങളും, അന്യം നിന്നു പോകുന്ന നാടൻ നെൽവിത്തിനങ്ങളും കാർഷിക സർവകലാശാലയിൽ നിന്നും ലഭ്യമാക്കി, പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി, പരമ്പരാഗത ഇനങ്ങളുടെ വിത്ത് കർഷകർക്ക് ലഭ്യമാക്കുന്നു.

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹിതം ഉപയോഗിച്ച് ഫാം ഓഫീസ് പ്രവർത്തനം അനർട്ടിന്റെ സഹകരണത്തോടെ സൗരോർജ അധിഷ്ടിതമാക്കി. ഊർജ ആവശ്യങ്ങൾക്കായി സോളാർ പാനലുകൾ സ്ഥാപിച്ച്  ഫാമിനെ സമ്പൂർണ്ണ ഊർജ്ജ സ്വയം പര്യാപ്തമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

വിത്തുല്പാദനം, മൂല്യവർദ്ധന ജൈവവളർച്ച ഉൽപാദനം വിപണനം പരിശീലന പരിപാടികൾ എന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മികച്ച ഉത്പാദന ക്ഷമത നിലനിർത്തി പ്രകൃതിയോട് ഇണങ്ങിയ രീതിയിലാണ് ഫാമിന്റെ പ്രവർത്തനം.

ഫാമിനോടൊപ്പം കൃഷി വകുപ്പും ജില്ലാ പഞ്ചായത്തും പ്രവർത്തനങ്ങളിൽ സഹകരിക്കുന്നു. തൊഴിലാളികളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളുടേയും പിന്തുണ ഫാമിന് കരുത്തേകുന്നു. പ്രകൃതിയോട് ഇണങ്ങിയ സുസ്ഥിര കൃഷി രീതികളുടേയും, കാർബൺ ന്യൂട്രൽ ഫാമിന്റെയും പാഠശാലയായി മാറുകയാണ് ആലുവ സീഡ് ഫാം.

date