Skip to main content

മുഴുവൻ വാർഡിലും ലൈബ്രറി; കണിച്ചാറിൽ വായനാ വസന്തം

 

വായിച്ചു വളരുന്ന ജനതയെ വാർത്തെടുക്കാൻ കണിച്ചാർ ഗ്രാമപഞ്ചായത്ത് പരിധിയിൽ 17 ലൈബ്രറികൾ ഒരുങ്ങി. ഗ്രാമപഞ്ചായത്ത്, ജില്ലാ ലൈബ്രറി കൗൺസിൽ, ലൈബ്രറി നവീകരണ വ്യാപന മിഷൻ, താലൂക്ക് ലൈബ്രറി കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് ജനകീയമായി ഓരോ വാർഡിലും ലൈബ്രറികൾ ആരംഭിച്ചത്.

13 വാർഡുള്ള പഞ്ചായത്തിലെ 10 വാർഡുകളിൽ ഓരോ ലൈബ്രറി വീതവും എട്ട്, ഒമ്പത് വാർഡുകളിൽ രണ്ടു വീതവും മൂന്നാം വാർഡിൽ മൂന്ന് ലൈബ്രറികളുമാണ് ഉള്ളത്. ഇതിൽ മൂന്ന് എണ്ണം താഴെ വെള്ളോറ കുറിച്യ കോളനി, ചെങ്ങോം കുറിച്യ കോളനി, ആറ്റഞ്ചേരി പണിയ കോളനി എന്നിവിടങ്ങളിലാണ്. ബി ആർ സിയുടെ സഹായത്തോടെ അണുങ്ങോട് ലക്ഷം വീട് കോളനിയിൽ ലൈബ്രറി തുടങ്ങാനുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 16 ലൈബ്രറികൾ സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ളവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള സഹായം ഗ്രാമപഞ്ചായത്ത് നൽകിയിട്ടുണ്ട്.

ഡോ. വി ശിവദാസൻ എം പിയുടെ നേതൃത്വത്തിൽ നടത്തുന്ന ലൈബ്രറി നവീകരണ വ്യാപന മിഷന്റെ ഭാഗമായി 13 ലൈബ്രറികൾക്ക് ലാപ്ടോപ് ലഭ്യമാക്കിയിരുന്നു.

എല്ലാ ലൈബ്രറികളിലെയും പ്രസിഡണ്ട്, സെക്രട്ടറി, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ ഉൾപ്പെട്ട പഞ്ചായത്ത് തല നേതൃത്വ സമിതിയാണ് ലൈബ്രറികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്. ലൈബ്രേറിയന്മാരെ നിയമിച്ചതിലൂടെ 17 പേർക്ക് ജോലി നൽകാനും സാധിച്ചു.

സ്ത്രീകളിലെ വായനാശീലം പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ പറഞ്ഞു.

 

date