Skip to main content

ദേശീയ സരസ് മേള 15 മുതൽ

ഇന്ത്യയുടെ രുചികളെത്തുന്നു;
കോട്ടയത്തെ അറിയാൻ

ഠ കോട്ടയത്തെ ഏറ്റവും വലിയ മേളയുമായി കുടുംബശ്രീ
ഠ 75,000 ചതുരശ്ര അടി, 250 ശീതികരിച്ച സ്റ്റാളുകൾ,
ഠ കൺമുന്നിൽ രാജ്യത്തെ ഭക്ഷ്യവൈവിധ്യം
ഠ ഗാനസന്ധ്യ, നൃത്തസന്ധ്യ, നാടൻപാട്ട് ഉത്സവം

കോട്ടയം: രുചിയുടെ വിഭിന്നതകളും ഗ്രാമീണതയുടെ കരവിരുതും ആവോളം അണിനിരത്തി ആട്ടവും പാട്ടും സാംസ്‌കാരിക ആഘോഷവുമായി കോട്ടയം നഗരം കാണാനിരിക്കുന്ന ഏറ്റവും വലിയ മേള 'സരസി'ന്റെ അരങ്ങൊരുക്കം തകൃതി.
 രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വനിതാ സംരംഭകരുടേയും സ്വയംസഹായസംഘങ്ങളുടേയും ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും ലക്ഷ്യമിട്ടു കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ഡിസംബർ 15 മുതൽ 24 വരെ കോട്ടയം നാഗമ്പടം മൈതാനത്തു നടക്കുന്ന 'ദേശീയ സരസ്' മേളയ്ക്കായി 75,000 ചതുരശ്ര അടിയുള്ള പ്രദർശനവേദിയാണ് ഒരുങ്ങുന്നത്. ശീതികരിച്ച ഇരുനൂറ്റൻപതിലധികം സ്റ്റാളുകളിലായിട്ടായിരിക്കും കാഴ്ചയും കൗതുകവുമൊരുങ്ങുന്നത്. കോട്ടയം ജില്ലയിൽ ആദ്യമായാണ് ദേശീയ സരസ് മേളയ്ക്ക് അരങ്ങൊരുങ്ങുന്നത്. പ്രദർശന- വിപണന സ്റ്റാളുകൾക്കു പുറമേ രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള ഭക്ഷണവൈവിധ്യങ്ങളുടെ ധാരാളിത്തം വിളിച്ചറിയിക്കുന്ന ഫുഡ് കോർട്ടുകളും സിരകളിൽ സംഗീതവും നൃത്തവും നിറയ്ക്കുന്ന കലാപരിപാടികളും മേളയോടനുബന്ധിച്ച് സംഘടിപ്പിക്കും.
 മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഹരിയാന, സിക്കിം, ഹിമാചൽ പ്രദേശ്, കർണാടക, ജാർഖണ്ഡ്, കാശ്മീർ, ത്രിപുര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 48 വനിതാ സംരംഭകർ മേളയിൽ തങ്ങളുടെ ഉൽപന്നങ്ങളുമായെത്തും. കോട്ടയത്തുനിന്നു 43 പേരും സംസ്ഥാനത്തെ മറ്റു ജില്ലകളിൽ നിന്നുള്ള 108 കുടുംബശ്രീ  സംരംഭകരും അടക്കം 239 രജിസ്ട്രേഷനുകളാണ് ഇതുവരെയുള്ളത്. രജിസ്ട്രേഷൻ ഇപ്പോഴും തുടരുകയാണ്.
 മറ്റിടങ്ങളിൽനിന്നു ജില്ലയിലെത്തുന്നവർക്ക് താമസമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗതമായിട്ടുള്ള കരകൗശല ഉത്പന്നങ്ങൾ, തുണിത്തരങ്ങൾ, കളിപ്പാട്ടങ്ങൾ, ബാഗുകൾ, ചെരിപ്പുകൾ, മറ്റ് തനതുഉത്പന്നങ്ങൾ തുടങ്ങിയവ പരിചയപ്പെടാനുള്ള അവസരത്തോടൊപ്പം കോട്ടയത്തെ ഏറ്റവും വലിയ ഭക്ഷ്യമേളയുമാണ് നാഗമ്പടത്തൊരുങ്ങുന്നതെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ പറഞ്ഞു.

മേളയോടനുബന്ധിച്ച് എല്ലാദിവസവും വൈകുന്നേരങ്ങളിൽ  കലാപരിപാടികൾ സംഘടിപ്പിക്കും. സിതാര കൃഷ്ണകുമാർ, ജി. വേണുഗോപാൽ, നഞ്ചിയമ്മ, രശ്മി സതീഷ്, ഊരാളി തുടങ്ങിയ പ്രമുഖരുടെ സംഘങ്ങളുടെ നേതൃത്വത്തിലുള്ള സംഗീതവിരുന്ന്, നാടൻപാട്ട് സന്ധ്യകൾ, മജീഷ്യൻ സാമ്രാജിന്റെ മാജിക്ക് ഷോ, രാജസ്്ഥാനി നാടോടിനൃത്തം, ഒഡീസി, കഥകളി തുടങ്ങിയ പരമ്പരഗത കലാരൂപങ്ങൾ, ഗസൽ സന്ധ്യ, മെഗാഷോ, ഫ്യൂഷൻ സംഗീതം എന്നിവ പത്തുദിവസം നീളുന്ന സരസ് മേളയ്ക്ക് വർണപകിട്ടേറ്റും.
 കുടുംബശ്രീ ബഡ്സ് സ്‌കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്തശിൽപവും കോട്ടയം ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകളുടെ കലാപരിപാടികളും മേളയോടനുബന്ധിച്ചു നടക്കും.
 ഭക്ഷ്യമേളയിൽ അസം, ബിഹാർ, ഒഡീഷ എന്നിവിടങ്ങളിൽ പ്രചാരത്തിലുള്ള പിഢാ, പഞ്ചാബിൽ നിന്നുള്ള മക്കേദി റൊട്ടി വിത്ത് സരസോൻ ദാ സാഗ്, ബീഹാറിൽ നിന്നുള്ള ലിറ്റി ചോഖാ, മൊമോസ്, വട പാവ്, പാവ് ബജി, ആലൂ ടിക്കി, മുഗൾ ഹൽവ, ചോലെ ബട്ടൂരെ, എന്നിവയിൽ തുടങ്ങി അട്ടപ്പാടി വിഭവമായ വനസുന്ദരി, മുളയരി പായസം, കപ്പ - മീൻകറി, പഴശി പുട്ട് പുഴുക്ക്, കാന്താരി ചിക്കൻ, കരിമീൻ പൊള്ളിച്ചത് വരെ പറഞ്ഞാൽ തീരാത്തത്ര വിഭവങ്ങളും മേളയിൽ ആസ്വദിക്കാം.
 കുടുംബശ്രീ നാളെ എന്ന വിഷയം ആസ്പദമാക്കി നടത്തുന്ന സിമ്പോസിയങ്ങളിൽ എം.എൽ.എ കെ.കെ ശൈലജ, മുൻമന്ത്രി പി.കെ ശ്രീമതി, മുൻ പാർലമെന്റ് അംഗങ്ങളായ ടി. എൻ സീമ, സി.എസ്. സുജാത, മുൻ ചീഫ് സെക്രട്ടറി വിജയാനന്ദ്, ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ ടി. കെ ജോസ്, എൽ.എസ്.ജി.ഡി അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്  തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

ഫോട്ടോ ക്യാപ്ഷൻ: ദേശീയ സരസ് മേളയ്ക്കായി കോട്ടയം നാഗമ്പടം മൈതാനത്ത് പൂർത്തിയായി വരുന്ന സ്റ്റാളുകൾ.

date