Skip to main content

ദേശീയ വിരവിമുക്ത ദിനം; ജില്ലാ തല ഉദ്ഘാടനം 17 ന് മലപ്പുറം ഗവ: ഗേള്‍സ് സ്‌കൂളില്‍

ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഒന്ന് മുതല്‍ 19 വയസ്സ് വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിരനശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കാന്‍ ജില്ലാ വികസന കമ്മീഷണര്‍  രജീവ് കുമാര്‍ ചൗധരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ തല ടാസ്‌ക് ഫോഴ്സ് യോഗം തീരുമാനിച്ചു. ഇതോടൊപ്പം 15 മുതല്‍ 59 വയസ്സ് വരെ പ്രായമുള്ള സ്ത്രീകളില്‍ വിളര്‍ച്ച കണ്ടെത്തി പരിഹരിക്കുവാനുള്ള വിവ ക്യമ്പയിനിനും തുടക്കമായി. ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ജനുവരി 17 ന് രാവിലെ 10 ന് മലപ്പുറം ഗവ: ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടത്താനും യോഗത്തില്‍ ധാരണയായി. ഒന്ന് മുതല്‍ 19 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ നിന്നും ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ വിതരണം ചെയ്യും. ഒന്ന് മുതല്‍ രണ്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് അരഗുളികയും രണ്ട് മുതല്‍ മൂന്ന് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഒരുഗുളികയും തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ച് കൊടുക്കണം. മൂന്ന് മുതല്‍ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ ഉച്ച ഭക്ഷണത്തിന് ശേഷം ഒരുഗുളിക ഒരു ഗ്ലാസ്സ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം. കുട്ടികള്‍  ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ കഴിച്ചു എന്ന് മാതാപിതാക്കളും അദ്ധ്യാപകരും ഉറപ്പാക്കണമെന്ന് ജില്ലാ വികസന കമ്മീഷണര്‍ വ്യക്തമാക്കി. കൊക്കപ്പുഴു ഉള്‍പ്പെടെയുള്ള വിരകളെ നശിപ്പിക്കുവാന്‍ ആല്‍ബന്‍ഡസോള്‍ ഗുളിക ഫലപ്രദമാണ്. ആറു മാസത്തിലൊരിക്കല്‍ വിരനശീകരണത്തിനായി ആല്‍ബന്‍ഡസോള്‍ ഗുളിക കഴിക്കുന്നത് വിളര്‍ച്ച തടയുകയും കുട്ടികളൂടെ ശാരീരിക വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക പറഞ്ഞു. ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. എന്‍.എന്‍. പമീലി വിഷയം അവതരിപ്പിച്ചു. യോഗത്തില്‍ ഹയര്‍ സെക്കന്ററി മേഖലാ ഡയറക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്റ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, വനിതാ ശിശു വികസന ഓഫീസര്‍, ജില്ലാ എജുക്കേഷന്‍ മീഡിയ ഒഫീസര്‍, ജില്ലാ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് തുടങ്ങിയവര്‍ പങ്കെടുത്തു.

date