Skip to main content

മാമാങ്ക മഹോല്‍സവം വിപുലമായി നടത്താന്‍ തീരുമാനം

 

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ മാമാങ്ക മഹോല്‍സവം വിപുലമായി നടത്താന്‍ ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. മാമാങ്ക സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം ചരിത്രവും പൈതൃകവും വര്‍ത്തമാന കാല സമൂഹത്തിന് പകര്‍ന്ന് നല്‍കുന്ന തരത്തിലാണ് മഹോല്‍സവം വിഭാവനം ചെയ്യുന്നത്. ചരിത്രവും ഐതിഹ്യങ്ങളും കെട്ട് പിണഞ്ഞ് കിടക്കുന്ന മാമാങ്കം ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിപണന മേളയായിരുന്നു. എല്ലാ നദീതട സംസ്‌കാരങ്ങളിലും ഇത്തരം മേളകളുണ്ട്. മാമാങ്കം അക്കാലത്ത് ഏറെ പ്രസിദ്ധമായിരുന്നു. ഭാവിയില്‍ മാമാങ്കം ഇന്ത്യയിലെ തന്നെ പ്രസിദ്ധ മേളകളില്‍ ഒന്നാക്കി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. മഹോല്‍സവത്തോടനുബന്ധിച്ച് പൈതൃക ടൂറിസത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതോടൊപ്പം ജില്ലയുടെ സാംസ്‌കാരിക ഉത്സവമാക്കി മേളയെ മാറ്റുകയും ചെയ്യും. ചരിത്രരേഖകളുടെ ശേഖരണവും ക്രോഡീകരണവും ഇതിന്റെ ഭാഗമായി നടക്കും.  ഫെബ്രുവരി 7 നാണ് മഹോത്സവത്തിന്റെ ഉദ്ഘാടനം. സംസ്ഥാന തലത്തിലുള്ള കളരിപ്പയറ്റ് മത്സരം, പ്രാദേശിക ഉല്‍പന്നങ്ങളുടെ പ്രദര്‍ശന വിപണനം, വിനോദ മേഖലയില്‍ ഉണര്‍വ്വുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍, ചരിത്ര സെമിനാറുകള്‍, സാംസ്‌കാരിക ഘോഷയാത്ര തുടങ്ങിയവ മഹോല്‍സവത്തോടനുബന്ധിച്ച് നടത്തും. ഫെബ്രുവരി 6,7 തിയ്യതികളില്‍ അങ്കവാള്‍ പ്രയാണവും നടക്കും. ഇതിനായി പ്രാദേശിക തലത്തില്‍ വിപുലമായ സംഘാടക സമിതി രൂപീകരിക്കും. ഇതിന്റെ മുന്നോടിയായി ജനുവരി 18 രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും മാമാങ്ക സ്മാരകങ്ങള്‍ സന്ദര്‍ശിക്കും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍  മൂത്തേടം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഫൈസല്‍ എടശ്ശേരി പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ നസീബ അസീസ്, അംഗങ്ങളായ എ.പി സബാഹ്, എപി ഉണ്ണികൃഷ്ണന്‍, ശ്രീദേവി പ്രാക്കുന്ന്, ഇ.അഫ്സല്‍, വി.കെ.എം ഷാഫി, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കലാം, പോരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. മുഹമ്മദ് റാഷിദ്, കല്‍പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി വഹീദ, ഡെപ്യൂട്ടി കളക്ടര്‍ പി.സുരേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു, ജെ.എസ്.എസ് ഡയറക്ടര്‍ വി.ഉമ്മര്‍ കോയ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി നാലകത്ത് അബ്ദുല്‍ റഷീദ്, ഡി.ടി.പി.സി സെക്രട്ടറി വിപിന്‍ ചന്ദ്ര,  വിദ്യാഭ്യാസ ഉപഡയറക്ടറുടെ പ്രതിനിധി എ.മോഹനന്‍, മാമാങ്ക സ്മാരകം കെയര്‍ ടേക്കര്‍ ഉമ്മര്‍ ചിറക്കല്‍, മാമാങ്കം ചരിത്രപഠനകേന്ദ്രം ചെയര്‍മാന്‍ നാസര്‍ കൊട്ടാരത്ത്, ടി അബ്ദല്‍ കരീം എന്നിവര്‍ പങ്കെടുത്തു.

date