Skip to main content
പോളണ്ടിൽ കുത്തേറ്റു മരിച്ച തൃശൂർ  ഒല്ലൂർ എടക്കുന്നി സ്വദേശി സൂരജിന്റെ വീട് മന്ത്രി കെ രാജൻ സന്ദർശിച്ചു

സൂരജിൻ്റെ കുടുംബത്തെ മന്ത്രി കെ രാജൻ സന്ദർശിച്ചു

 

പോളണ്ടിൽ കുത്തേറ്റു മരിച്ച ഒല്ലൂർ സ്വദേശി സൂരജിൻ്റെ കുടുംബത്തെ റവന്യൂമന്ത്രി കെ രാജൻ സന്ദർശിച്ചു. ചിറ്റിശ്ശേരി സ്മരണ ജംഗ്ഷനിലെ ഓട്ടുകമ്പനിക്ക് സമീപത്തെ വീട്ടിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ നേരിൽ കണ്ട് ആശ്വസിപ്പിച്ചു. 

ഏറ്റവും വേഗതയിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഔപചാരിക നടപടികൾ പൂർത്തിയാക്കുന്നതിന് നോർക്കയുമായി ബന്ധപ്പെട്ടിട്ടുണ്ട്. നടപടിക്രമങ്ങളുമായി മുന്നോട്ട് പോവുകയാണെന്ന് അറിയിച്ചിട്ടുണ്ട്.  മലയാളി അസോസിയേഷനുകളും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് രംഗത്തുണ്ട്. സൂരജിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഒരാഴ്ചയെങ്കിലും എടുക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. കാര്യങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന്  ഇടപെടുന്നുണ്ടെന്നും സംഭവത്തിൽ നിയമപരമായി ചെയ്യേണ്ട എല്ലാ നടപടികളും സർക്കാർ വേഗത്തിൽ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സൂരജിന്റെ അച്ഛൻ മുരളീധരൻ, അമ്മ സന്ധ്യ, സഹോദരി സൗമ്യ, മറ്റ് കുടുംബാംഗങ്ങൾ എന്നിവരെ മന്ത്രി നേരിൽ കണ്ടു. കെ കെ രാമചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് മെമ്പർ വി എസ് പ്രിൻസ്, നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ടി എസ് ബൈജു, തലോർ സഹകരണബാങ്ക് പ്രസിഡന്റ് എം കെ സന്തോഷ്‌ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

date