Skip to main content

നായരമ്പലം ഭഗവതി റോഡ് നിർമ്മാണത്തിന് ഭൂമി അനുവദിച്ചു

 

നായരമ്പലം ഭഗവതി റോഡ് വികസന പദ്ധതി നടപ്പാക്കുന്നതിന് റവന്യൂ പുറമ്പോക്ക് ഭൂമിയിൽ പഞ്ചായത്തിന് സർക്കാർ അനുമതി നൽകിയതായി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. സർവ്വെ നമ്പർ 202/ 4, റീസർവ്വെ നമ്പർ 28/ 3, എന്നിവയിൽ ഉൾപ്പെട്ട 4. 201 സെന്റ് ഭൂമിയിൽ റോഡ് നിർമ്മാണത്തിനാണ് അനുമതി. ഇതോടെ അമ്പതോളം കുടുംബങ്ങൾക്ക് പ്രധാന റോഡിലേക്ക് പ്രവേശിക്കുന്നതിന് ആശ്രയമായ ഭഗവതി റോഡിന്റെ കോൺക്രീറ്റിംഗ് ജോലികൾ നടത്താൻ കഴിയും. 

ഗ്രാമ പഞ്ചായത്ത് സേവന വകുപ്പല്ലെന്നതിനാൽ ഭൂമി അനുവദിച്ചു നൽകുന്നതിന് നിയമപ്രകാരം സർക്കാർ തീരുമാനവും ഉത്തരവും ആവശ്യമായിരുന്നു. സ്ഥലം ലഭ്യമാകുന്ന അനുമതിക്കായി ലാൻഡ് റവന്യൂ കമ്മീഷണർക്ക് കത്ത് നൽകി. തുടർന്ന്  കഴിഞ്ഞ ഡിസംബറിൽ റവന്യൂ മന്ത്രി അഡ്വ. കെ രാജന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് നടന്ന റവന്യു വകുപ്പിന്റെ വിഷൻ ആൻഡ് മിഷൻ 2021 - 2026 എറണാകുളം ജില്ല റവന്യു അസംബ്ലിയിൽ കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ മണ്ഡലത്തിൽ പരിഹരിക്കപ്പെടേണ്ട പ്രധാന റവന്യൂ വിഷയങ്ങളിലൊന്നായി ഭഗവതി റോഡ് പ്രശ്‌നം ഉന്നയിച്ചു.

പിന്നീട് ഈ മാസം രണ്ടിന് നിയമസഭയിൽ വിഷയം അവതരിപ്പിച്ചു. ഉടനെ നടപടി സ്വീകരിക്കാനും ആവശ്യമെങ്കിൽ സർവ്വെ രേഖകളിൽ മാറ്റംവരുത്തുന്നതിനും ഭൂമി കൈമാറ്റം സംബന്ധിച്ച് ശുപാർശ റിപ്പോർട്ട് സമർപ്പിക്കാനും ജില്ല കളക്‌ടർക്ക് നിർദ്ദേശം നൽകിയതായി റവന്യൂ മന്ത്രി അഡ്വ. കെ രാജൻ രേഖാമൂലം കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയ്ക്ക് മറുപടി നൽകി. തുടർന്നാണ് ഇപ്പോൾ റവന്യൂ ഭൂമി റോഡ് പദ്ധതിക്ക് ഉപയോഗിക്കുന്നതിന് അനുമതി നൽകിയത്. 

നായരമ്പലം വില്ലേജ് ബ്ലോക്ക് ഏഴ്, റീസർവ്വെ നമ്പർ 28/ 3 ൽ(പഴയ സർവ്വെ നമ്പർ 202/ 4) ഉൾപ്പെട്ട റവന്യൂ പുറമ്പോക്ക് ഭൂമിയുടെ വടക്കുവശത്തു നിന്നും തുടക്കത്തിൽ മൂന്നു മീറ്റർ വീതിയിലും തുടർന്ന് വീതി കുറഞ്ഞ് ത്രികോണാകൃതിയിലും ആകെ 32.7 മീറ്റർ നീളത്തിലും തെക്കുവശത്തു നിന്നും മൂന്ന് മീറ്റർ വീതിയിലും 35.8 മീറ്റർ നീളത്തിലുമായാണ് മൊത്തം 1.71 ആർ റോഡ് നിർമ്മാണത്തിന് ഉപയോഗിക്കാൻ അനുവദിച്ചത്. ഇതോടെ റോഡ് നിർമ്മാണം നിലയ്ക്കാൻ കാരണമായ തടസങ്ങൾ പൂർണമായി നീങ്ങിയതായും പദ്ധതി സമയബന്ധിതമായി കഴിയുന്നത്ര വേഗം പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ പറഞ്ഞു.

date