Skip to main content

പ്രവാസി സംരംഭകർക്കായി നോർക്കയുടെ വായ്പാ മേള 18ന്

തിരിച്ചെത്തിയ പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിനായി നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ തളിപ്പറമ്പിൽ ഫെബ്രുവരി 18ന് വായ്പാമേള സംഘടിപ്പിക്കുന്നു. 16ഓളം ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വായ്പാ നിർണയമേള നടക്കുക. താൽപര്യമുളള പ്രവാസിസംരംഭകർക്ക് നേരിട്ടെത്തി സ്പോട്ട് രജിസ്ട്രേഷൻ നടത്താം. www.norkaroots.org വഴി രജിസ്റ്റർ ചെയ്തവർക്ക് മുൻഗണന.
തളിപ്പറമ്പ് ടോപ്‌കോസ് ഓഡിറ്റോറിയത്തിൽ രാവിലെ 10.30ന് എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ അധ്യക്ഷയാവും. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റീട്ടെൻഡ് എമിഗ്രന്റ് പദ്ധതി പ്രകാരമാണ് മേള നടത്തുന്നത്.
രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലിചെയ്ത ശേഷം സ്ഥിരമായി നാട്ടിൽ മടങ്ങിയെത്തിയവർക്കാണ് അപേക്ഷിക്കാൻ അർഹത. രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു എന്ന് തെളിയിക്കുന്ന പാസ്‌പോർട്ട് കോപ്പിയും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും, ആധാർ, പാൻകാർഡ്, ഇലക്ഷൻ തിരിച്ചറിയൽ കാർഡ്/റേഷൻ കാർഡ്, പദ്ധതി വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ സഹിതം പങ്കെടുക്കാം.
എൻ ഡി പി ആർ ഇ എം പദ്ധതിയുടെ ഭാഗമായ 16 ബാങ്കിങ്ങ് ധനകാര്യസ്ഥാപനങ്ങൾ വഴി സംരംഭക ലോൺ ലഭിക്കാൻ മേളയിൽ അവസരമുണ്ടാകും. പ്രവാസി സംരംഭങ്ങൾക്ക് ഒരു ലക്ഷം രൂപ മുതൽ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എൻ ഡി പി ആർ ഇ എം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) മൂന്ന് ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വർഷം) പദ്ധതി വഴി സംരംഭകർക്ക് ലഭിക്കും. പ്രവാസി കൂട്ടായ്മകൾ, പ്രവാസികൾ ചേർന്ന് രൂപീകരിച്ച കമ്പനികൾ, സൈാസൈറ്റികൾ എന്നിവർക്കും എൻ ഡി പി ആർ ഇ എം പദ്ധതി വഴി അപേക്ഷിക്കാൻ അർഹതയുണ്ട്.
കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) അല്ലെങ്കിൽ നോർക്ക റൂട്ട്‌സ് ഹെഡ്ഡോഫീസ് 0471-2770500 ൽ ലഭിക്കും.

date