Skip to main content

ചെറുശ്ശേരി മനുഷ്യജീവിതത്തിന്റെ സമഗ്രതക്ക് കാവ്യരൂപം നൽകിയ കവി: സെമിനാർ

മഹാകവി ചെറുശ്ശേരിയെ കേവലം ഭക്തകവിയായി ഒതുക്കേണ്ടതില്ലെന്നും മനുഷ്യ ജീവിതത്തിന്റെ സമഗ്രതയെ എല്ലാ തലത്തിലും ആവിഷ്‌ക്കരിച്ച കവിയായിരുന്നു അദ്ദേഹമെന്നും നിർദ്ദിഷ്ട ചെറുശ്ശേരി മ്യൂസിയം സംബന്ധിച്ച ശിൽപശാല അഭിപ്രായപ്പെട്ടു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ശിൽപശാലയിൽ ചെറുശ്ശേരിയുടെ ഭാഷാ വൈഭവം, താളം, കാവ്യശൈലി, സരളത, ലാളിത്യം തുടങ്ങിയ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ചെറുശ്ശേരിയുമായി ബന്ധപ്പെട്ട ചരിത്രരേഖകൾ സമാഹരിച്ച് മ്യൂസിയവും സ്മാരകവും സ്ഥാപിക്കുന്നതിന്റെ ആദ്യപടിയായാണ് ശിൽപശാല നടത്തിയത്.
കൃഷ്ണഗാഥ-മലയാളത്തിന്റെ പുരാലിഖിതങ്ങൾ എന്ന വിഷയത്തിൽ കാലടി ശ്രീശങ്കരാചാര്യ മലയാള വിഭാഗം പ്രൊഫസർ ഡോ. വത്സലൻ വാതുശ്ശേരി ക്ലാസ് അവതരണം നടത്തി. ചെറുശ്ശേരിയെ ഭക്തകവിയായി മുദ്ര കുത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ കൃഷ്ണഗാഥ ഭക്തികാവ്യമല്ല. ഭക്തിയുടെ തൂണുകളിലാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു കാവ്യരചന. ഒരു കാലഘട്ടത്തിന്റെ സാംസ്‌കാരിക ജീവിതമാണ് ചെറുശ്ശേരി കാവ്യങ്ങളിലൂടെ പറഞ്ഞുവെച്ചത്. അദ്ദേഹത്തിന്റേത് വളരെ മൃദുവായ ഭാഷയായിരുന്നു. കേരളത്തിലെ ഒരു ജനവിഭാഗത്തിന്റെ തനത് സ്വഭാവം ചെറുശ്ശേരിയുടെ കാവ്യങ്ങളിൽ കാണാം. അക്കാലത്തുണ്ടായ ചുറ്റുപാടുകളിലെ പാരിസ്ഥിതിക സ്ഥിതി വായിക്കാം. മലയാളിയുടെ ഹാസ്യബോധം തുടങ്ങിയത് ചെറുശ്ശേരിയിൽ നിന്നാണെന്നും ഡോ. വത്സലൻ വാതുശ്ശേരി പറഞ്ഞു. ചെറുശ്ശേരിയെ സമൂഹം ഭക്തകവിയായി മാത്രം കാണുന്നു. ഇതു മാറണം. ജീവിതം ആഘോഷിക്കാനുള്ളതാണെന്ന ബോധത്തെയാണ് ചെറുശ്ശേരി കാവ്യങ്ങളിലൂടെ പാടി പറയുന്നത്. അത് ഉൾക്കൊള്ളാൻ കഴിഞ്ഞാൽ മാത്രമേ ചെറുശ്ശേരിയെ ഭക്തകവിയെന്ന വേലിക്കെട്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരാൻ കഴിയുകയുള്ളൂ. പിൽക്കാല കവികളായ വള്ളത്തോളിലും ചങ്ങമ്പുഴയിലും സുഗതകുമാരിയിലും ചെറുശ്ശേരിയുടെ സ്വാധീനം കാണാമെന്നും അദ്ദേഹം പറഞ്ഞു.
ചെറുശ്ശേരി-കവി, കാലം, സമൂഹം എന്ന വിഷയത്തിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് മലയാള വിഭാഗം അസി. പ്രൊഫസർ ഡോ. കെ വി മഞ്ജുള സംസാരിച്ചു. കാവ്യസൗന്ദര്യത്തിന്റെ മഹത് ദർശനം ഉൾക്കൊണ്ട കവിയാണ് ചെറുശ്ശേരിയെന്നും ഓരോ സന്ദർഭങ്ങളേയും ജനജീവിതവുമായി ബന്ധപ്പെടുത്തി വളരെ ലളിതമായാണ് കാവ്യങ്ങൾ അവതരിപ്പിച്ചതെന്നും അവർ പറഞ്ഞു.
ചെറുശ്ശേരി-ഭക്തിയും ദർശനവും എന്ന വിഷയത്തിൽ കണ്ണൂർ ഗവ. വനിതാ കോളജ് മലയാള വിഭാഗം അസി. പ്രൊഫസർ ഡോ. ജോസ്ന ജേക്കബ് സംസാരിച്ചു. മറ്റു കവികളിൽ നിന്ന് വ്യത്യസ്ത രീതി സ്വീകരിച്ച കവിയാണ് ചെറുശ്ശേരിയെന്ന് അവർ പറഞ്ഞു. ദൈവ രൂപങ്ങളിലുള്ള കൃഷ്ണനെയല്ല മനുഷ്യരൂപമുള്ള കൃഷ്ണനെ അവതരിപ്പിക്കാനാണ് ചെറുശ്ശേരി ശ്രമിച്ചത്. ചെറുശ്ശേരിയുടെ കാവ്യങ്ങൾ എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്നതാണ്. ഏറ്റവും നാടോടിയായ ഈണമാണ് അദ്ദേഹം സ്വീകരിച്ചത്. മ്യൂസിയം യാഥാർഥ്യമായാൽ കൂടുതൽ പഠനങ്ങൾ വരുമെന്നാണ് കരുതുന്നതെന്നും ജോസ്ന പറഞ്ഞു.
തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല പൈതൃക പഠന വിഭാഗം മേധാവി ഡോ. കെ എം ഭരതൻ മോഡറേറ്ററായി. പുതിയ കാലത്ത് മ്യൂസിയങ്ങളെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ മാറിയെന്നും പഠനം, വിനോദം, ഗവേഷണം തുടങ്ങിയവ ഒരു കുടക്കീഴിൽ ലഭിക്കുന്ന രീതിയിൽ മ്യൂസിയങ്ങളുടെ പ്രവർത്തനം രൂപാന്തരപ്പെട്ടിട്ടുണ്ടെന്നും ചെറുശ്ശേരിയുടെ പേരിൽ അത്തരമൊരു മ്യൂസിയം ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സംസ്‌കൃതത്തിൽ എഴുതിയാലേ സാഹിത്യമാവുകയുള്ളൂവെന്നതിന്റെ പൊളിച്ചെഴുത്താണ് ചെറുശ്ശേരിയുടെ തനി മലയാളം കാവ്യങ്ങൾ. മ്യൂസിയങ്ങളിൽ പ്രദർശനത്തോടൊപ്പം അതിന്റെ സംരക്ഷണവും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. നിർദ്ദിഷ്ട മ്യൂസിയത്തിൽ ഗവേഷണത്തിന് പ്രധാനം നൽകുക, സജീവമായ സാഹിത്യ ചർച്ച നടത്തുക, പ്രബന്ധങ്ങളുടെ അവതരണം, ചെറുശ്ശേരി അവാർഡുകൾ, സ്മാര പ്രഭാഷണങ്ങൾ തുടങ്ങിയ പദ്ധതികളും ആവഷ്‌കരിക്കണമെന്നും സദസ്സിൽ നിന്ന് നിർദേശം ഉയർന്നു. തെരഞ്ഞെടുക്കപ്പെട്ട നൂറോളം പേർ ശിൽപശാലയിൽ പങ്കെടുത്തു.

 

date