Skip to main content

ചെറുശ്ശേരി സ്മാരകത്തിൽ പ്രാധാന്യം നൽകേണ്ടത് കവിയുടെ കൃതികൾക്കും ഗവേഷണത്തിനും: ടി പത്മനാഭൻ

ഒരു എഴുത്തുകാരന്റെ സ്മാരകം അദ്ദേഹത്തിന്റെ കൃതികളാണെന്നും മഹാകവി ചെറുശ്ശേരിയുടെ സ്മാരകത്തിൽ പ്രാധാന്യം നൽകേണ്ടത് അദ്ദേഹത്തിന്റെ കൃതികൾക്കും അവയെക്കുറിച്ചുള്ള ഗവേഷണത്തിനും ആണെന്ന് പ്രശസ്ത ചെറുകഥാകൃത്ത് ടി പത്മനാഭൻ പറഞ്ഞു. നിർദിഷ്ട ചെറുശ്ശേരി മ്യൂസിയം സംബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ഏകദിന ശിൽപശാല കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുത്തച്ഛനും മുമ്പ് മലയാളത്തിൽ അതിലളിതവും അതിമനോഹരവുമായ കവിത രചിച്ച വ്യക്തിയാണ് ചെറുശ്ശേരിയെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ജനനത്താലും പ്രവൃത്തിയാലും ധന്യമായ ഭൂമിയാണ് കണ്ണൂർ. അദ്ദേഹത്തിന് ഒരു സ്മാരകവും ഇതുവരെ ഉണ്ടായിട്ടില്ല. ചെറുശ്ശേരിയുടെ കൃതികൾക്ക് പോലും വേണ്ടത്ര പ്രചാരം ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. മലയാളത്തിൽ ഏറ്റവുമധികം പുസ്തകങ്ങൾ ചെലവായിട്ടുള്ളത് എഴുത്തച്ഛന്റെ കൃതികളാണ്. അധ്യാത്മ രാമായണം കിളിപ്പാട്ട് കർക്കടക മാസത്തിന് മുമ്പായി നമ്മുടെ കൊച്ചു പ്രസാധകർ പോലും പുതിയ എഡിഷനുകൾ ഇറക്കി, അതൊക്കെ നല്ലതു പോലെ വിറ്റുപോവുന്നുണ്ട്. ചെറുശ്ശേരിക്ക് സ്മാരകം ഏർപ്പെടുത്താൻ തീരുമാനിച്ചത് ഏറെ സ്വാഗതാർഹമായ കാര്യമാണ്. ഏതെങ്കിലും ഒരു കുടുസ്സായ ദിക്കിൽ ഒരു വികൃതമായ പ്രതിമയും ഉണ്ടാക്കിവെച്ച് ഇതാണ് ചെറുശ്ശേരി സ്മാരകം എന്നു പറയുന്നതിൽ ഒരു അർഥവുമില്ല. ഇത്തിരി വിഷമം സഹിച്ചും ആദ്യം ചെയ്യേണ്ടത് വേണ്ടത്ര സ്ഥലസൗകര്യമുള്ള ഭൂമി ഇതിനായി കണ്ടെത്തുകയാണ്. അവിടെ കുട്ടികൾക്കുള്ള പാർക്ക്, ഇരുന്നു വായിക്കാനുള്ള സൗകര്യം, വളരെ നല്ല ലൈബ്രറി, ഗവേഷണ കേന്ദ്രം എന്നിവ വേണം. മ്യൂസിയം നിർമ്മിക്കാൻ വിദഗ്ധരുടെ സേവനം തന്നെ ആവശ്യമാണ്. ഇതിന് ധൃതിയുടെ ആവശ്യമൊന്നുമില്ലെന്നും വളരെ മനോഹരമായ സ്മാരകം ചെറുശ്ശേരിക്കായി ഉയർന്നുവരാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫോക്‌ലോർ അക്കാദമി ഹാളിൽ നടന്ന പരിപാടിയിൽ കെ വി. സുമേഷ് എം എൽ എ അധ്യക്ഷനായി. ചെറുശ്ശേരി സ്മാരകത്തിനായി സംസ്ഥാന സർക്കാർ പ്രാഥമികമായി രണ്ട് കോടി രൂപ ബജറ്റിൽ വകയിരുത്തിയതായി എംഎൽഎ പറഞ്ഞു. സ്മാരകത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള പരിശ്രമം നടക്കുന്നു. ചിറക്കൽ കിഴക്കേ മതിലകം ക്ഷേത്രവുമായി ബന്ധപ്പെട്ട് സ്ഥലം കണ്ടെത്താനാണ് ശ്രമം. ഭാവിതലമുറകൾക്ക് ചെറുശ്ശേരിയെ പഠിക്കാൻ കഴിയുന്ന സ്മാരകത്തിന്റെ ഭാഗമായി കുട്ടികളുടെ പാർക്ക്, വായനശാല തുടങ്ങി ജനങ്ങൾക്ക് വന്നുപോകാൻ കഴിയുന്ന സ്ഥാപനമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിറക്കൽ കോവിലകത്തെ രവീന്ദ്രവർമ്മരാജ വിശിഷ്ട സാന്നിധ്യമായി. തമസ്‌കരിക്കപ്പെട്ട കവിയായ ചെറുശ്ശേരിയെ നമസ്‌കരിക്കാൻ നാം തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.
ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ശ്രുതി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൻ അഡ്വ. ടി സരള, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി ഒ ചന്ദ്രമോഹനൻ, ഗ്രാമപഞ്ചായത്ത് അംഗം കസ്തൂരി ലത, കേരള ഫോക്ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ എ വി, മുൻ ചെയർമാൻ പ്രൊഫ ബി മുഹമ്മദ് അഹമ്മദ്, പിആർഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പി സി സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു. സെമിനാറിൽ ഡോ. കെ എം ഭരതൻ മോഡറേറ്ററായി. 'ചെറുശ്ശേരി-കവി, കാലം, സമൂഹം' എന്ന വിഷയത്തിൽ ഡോ. കെ വി മഞ്ജുള, 'ചെറുശ്ശേരി ഭക്തിയും' എന്ന വിഷയത്തിൽ ഡോ. ജോസ്ന ജേക്കബ്, 'കൃഷ്ണഗാഥ മലയാളത്തിന്റെ പുരാലിഖിതങ്ങൾ' എന്ന വിഷയത്തിൽ ഡോ. വൽസലൻ വാതുശ്ശേരി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

date