Skip to main content
തിരുവനന്തപുരത്ത് മന്ത്രി കെ രാജൻ്റെ നേതൃത്വത്തിൽ നടന്ന ഒരപ്പൻകെട്ട് ടൂറിസം പദ്ധതിയുടെ ആലോചനായോഗം

സാഹസിക ടൂറിസം ഭൂപടത്തിലേക്ക് ഒരപ്പന്‍കെട്ടും; ഒരുങ്ങുന്നത് തൂക്കുപാലവും സിപ് ലൈനും

മന്ത്രി കെ രാജന്റെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നു

ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമാകുവാന്‍ പാണഞ്ചേരി പഞ്ചായത്തിലെ ഒരപ്പന്‍ കെട്ട് ഒരുങ്ങുകയാണ്. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ആലോചനാ യോഗം റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്നു. മണലിപ്പുഴയില്‍ നിന്നും വരുന്ന വെള്ളം കാര്‍ഷിക ആവശ്യത്തിനും മറ്റുമായി കെട്ടി സംരക്ഷി വരുന്ന പ്രദേശമാണ് ഒരപ്പന്‍കെട്ട്. മനോഹരമായ വെള്ളച്ചാട്ടവും ഒരപ്പന്‍കെട്ടിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു. ഇവിടം മികച്ചൊരു സാഹസിക ടൂറിസം കേന്ദ്രമാക്കി മാറ്റാനാണ് പദ്ധതി.

ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ പദ്ധതിക്കായി അഞ്ചു കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ഏത് വേനലിലും വറ്റാത്ത വെള്ളച്ചാട്ടം ഒരപ്പന്‍കെട്ടിന്റെ സവിശേഷതയാണ്. പ്രകൃതിയെ അതേരീതിയില്‍ സംരക്ഷിച്ച് നിര്‍ത്തിക്കൊണ്ടു തന്നെ ഒരപ്പന്‍കെട്ടിനെ മികച്ച ടൂറിസം കേന്ദ്രമായി മാറ്റിയെടുക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി വെള്ളം കെട്ടിനിര്‍ത്തിയ ഭിത്തികള്‍ കൂടുതല്‍ ബലപ്പെടുത്തും. സഞ്ചാരികള്‍ക്കായി മികച്ച സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുക. ഗ്ലാസ് തൂക്കുപാലം ഒരപ്പന്‍ കെട്ടിലെ പ്രധാന ആകര്‍ഷണമായി മാറും. തൂക്കുപാലത്തിന് പുറമേ സിപ് ലൈന്‍, റോക്ക് ക്ലൈമ്പിംഗ് സൗകര്യം, വ്യൂ പോയിന്റ് എന്നിവയും ഇവിടെ ഒരുക്കും.

വെള്ളച്ചാട്ടം ആസ്വദിക്കാനും വെള്ളച്ചാട്ടത്തില്‍ സുരക്ഷിതമായി കുളിക്കുന്നതിനുമുള്ള സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തും. വാഹന പാര്‍ക്കിംഗ് സൗകര്യം, ടോയ്‌ലെറ്റുകള്‍, കോഫി ഷോപ്പുകള്‍ തുടങ്ങിയവയും ഇവിടെ സജ്ജമാക്കും. ഈ വര്‍ഷം മാര്‍ച്ച് 15 നുള്ളില്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും മാര്‍ച്ചില്‍ തന്നെ പദ്ധതിക്ക് ഭരണാനുമതി ലഭ്യമാക്കുകയും ചെയ്യുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. വേഗത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് സഞ്ചാരികള്‍ക്ക് തുറന്നു നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ തന്നെ മികച്ച വിനോദസഞ്ചാര മേഖലയായി മണ്ഡലത്തെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. ബജറ്റ് തുക തികയാതെ വന്നാല്‍ എംഎല്‍എ ഫണ്ട് കൂടി ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. യോഗത്തില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ബിജു വര്‍ഗ്ഗീസ്, പി ഐ സുബൈര്‍കുട്ടി, ഡിടിപിസി സെക്രട്ടറി ഡോ. ജോബി ജോര്‍ജ്ജ്, ആര്‍ക്കിടെക്റ്റ് സുനില്‍ എന്നിവര്‍ പങ്കെടുത്തു.

date