Skip to main content

വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് പരിപോഷണത്തിന് പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ആശയവിനിമയത്തിൽ  പ്രാവീണ്യം നൽകുന്നതിനായി ഗ്ലോബൽ ഓപ്പർച്യൂണിറ്റീസ് ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ (ഗോടെക്) എന്ന പേരിൽ പദ്ധതിയുമായി തിരുവനന്തപുരം ജില്ലാപഞ്ചായത്ത്. വർഷങ്ങളോളം ഇംഗ്ലീഷ് പഠിച്ചിട്ടും ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ സാധിക്കാതെ പഠനം പൂർത്തിയാക്കിയിറങ്ങുന്ന വിദ്യാർത്ഥികൾ ദേശീയ അന്തർദേശീയതലങ്ങളിൽ അക്കാരണത്താൽ പിന്തള്ളപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായാണ് പദ്ധതി. ആദ്യ ഘട്ടമെന്ന നിലയിൽ തെരഞ്ഞെടുത്ത 26 സർക്കാർ സ്കൂളുകളിൽ ഈ വർഷം നടപ്പിലാക്കിയ പദ്ധതി ഇതിനകം ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലീഷ് ചീഫ് ട്യൂട്ടർ ഡോ. മനോജ് ചന്ദ്രസേനൻ കോ-ഓർഡിനേറ്ററായ പദ്ധതിക്കായി ഒരുകൂട്ടം അദ്ധ്യാപകരും പ്രവർത്തിക്കുന്നു. ഓരോ സ്കൂളിൽ നിന്നും 7, 8 ക്ലാസ്സുകളിലെ 50 വിദ്യാർത്ഥികൾക്കായി അതെ സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകർക്ക് വിദഗ്ദ്ധ പരിശീലനം നൽകി പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ പ്രകാരം 50 ക്ലാസ്സുകളാണ് നൽകുന്നത്. വിദ്യാഭ്യാസ ഉപഡയറക്ടർ നിയോഗിച്ചിട്ടുള്ള റിസോഴ്സ് അദ്ധ്യാപകർ നിരന്തരം സ്കൂളുകൾ സന്ദർശിച്ച് പഠനം നിരീക്ഷിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. പരിശീലനം നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും GOTEC AMBASSADOR ബാഡ്ജും നൽകിയിട്ടുണ്ട്. സ്കൂൾ തലത്തിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന വിദ്യാർത്ഥികൾക്കായി ആറ്റിങ്ങൽ, നെയ്യാറ്റിൻകര മേഖലകൾ തിരിച്ച്
സെമിഫൈനൽ മത്സരങ്ങളും തുടർന്ന് ഗ്രാന്റ് ഫിനാലെയും സംഘടിപ്പിക്കും. മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സമ്മാനങ്ങളും മികച്ച പ്രകടനം കാഴ്ചവച്ച സ്കൂളിന് പ്രത്യേക പുരസ്കാരവും പരിശീലനം പൂർത്തിയാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും കോഴ്സ് സർട്ടിഫിക്കറ്റും വിതരണം ചെയ്യും.  പദ്ധതിയുടെ വിജയം കണക്കിലെടുത്ത് അടുത്ത അദ്ധ്യയനവർഷം ജില്ലാ പഞ്ചായത്തിനുകിഴിലെ എല്ലാ സർക്കാർ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
ആദ്യഘട്ടത്തിൻ്റെ ഭാഗമായി ജില്ലാപഞ്ചായത്തിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഫിനാലെയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സലൂജയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ്കുമാർ സമ്മാനവിതരണം നടത്തി.

date